മാഞ്ചസ്റ്റർ: ഗ്രേറ്റർ മാഞ്ചസ്റ്ററിലെ റോച്ച്ഡെയിലിനടുത്തുള്ള ഹേ വുഡിലെ ഹൗസിങ് എസ്റ്റേറ്റിൽ നിന്നും 500 അടി അകലെ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെടുത്തു. ആരോ ഉപേക്ഷിച്ച ആ കുഞ്ഞ് രത്നത്തെ കണ്ടെത്തിയത് കുറുക്കന്മാരും നായകളും കടിച്ചും ഉറുമ്പിരിച്ചുമുള്ള പരിതാപകരമായ സ്ഥിതിയിലായിരുന്നു. ഇവിടുത്തെ കുറ്റിക്കാട്ടിലുപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഈ കുട്ടി ബലാത്സംഗത്തിലോ അവിഹിത ബന്ധത്തിലോ പിറന്നതായിരിക്കാമെന്നാണ് കരുതുന്നത്. കുട്ടിയുടെ അമ്മയെ തേടിപ്പിടിക്കാനുള്ള ത്വരിത ഗതിയിലുള്ള അന്വേഷണത്തിലാണ് പൊലീസ് ഇപ്പോൾ.

ഏപ്രിൽ നാലിന് രാവിലെ ഏഴ് മണിക്കായിരുന്ന കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. പ്രാദേശികമായ ബ്ലൂബെൽ ഫോറസ്റ്റ് എന്നറിയപ്പെടുന്ന ഹൗസിങ് എസ്റ്റേറ്റിൽ നിന്നായിരുന്നു കുഞ്ഞിനെ ലഭിച്ചത്. കുട്ടിക്ക് ഡിറ്റെക്ടീവുകൾ പേൾ എന്ന് പേരിടുകയും ചെയ്തു. കുട്ടിയെ കണ്ടെത്തിയത് പരിതാപകരമായ സംഭവമായിരുന്നുവെന്നാണ് ഡിറ്റെക്ടീവ് ചീഫ് ഇൻസ്പെക്ടറായ ലെവിസ് ഹ്യൂഗ്സ് പറയുന്നത്. കുട്ടി തനിക്കൊരു ബുദ്ധിമുട്ടായ ഏതെങ്കിലും അമ്മയായിരിക്കണം ഇതിനെ ഉപേക്ഷിച്ചതെന്നും ലെവിസ് പറയുന്നു.

കുട്ടിയോട് തീരെ സ്നേഹമില്ലാത്ത ആളുകൾ ഉപേക്ഷിച്ചതിനാലായിരിക്കണം കുട്ടിക്കൊപ്പം ഒരു തുണിക്കഷണം പോലുമില്ലായിരുന്നുവെന്നും നഗ്‌നയായിരുന്നുവെന്നും ലെവിസ് വെളിപ്പെടുത്തുന്നു. കുട്ടിയുണ്ടായത് മറ്റുള്ളവരിൽ നിന്നും മറച്ച് വയ്ക്കാനാഗ്രഹിച്ച ഒരു അമ്മയായിരിക്കാം ഈ കൃത്യം നിർവഹിച്ചതെന്നും പൊലീസ് അനുമാനിക്കുന്നു. ഇതിലെ കൂടെ വന്ന ഒരു സ്ത്രീക്കൊപ്പമുണ്ടായിരുന്ന വളർത്ത് നായയായിരുന്നു കുഞ്ഞിനെ കുറ്റിക്കാട്ടിൽ കണ്ടെത്തിയിരുന്നത്. ഈ സ്ത്രീ അതിന്റെ ഞെട്ടലിൽ നിന്നും ഇപ്പോഴും വിട്ട് മാറിയിട്ടില്ലെന്നും കരച്ചിൽ തുടരുന്നുവെന്നും റിപ്പോർട്ടുണ്ട്. കുഞ്ഞിന്റെ കിടത്തം ഭീകരമായ കാഴ്ചയായിരുന്നുവെന്ന് ആ സ്ത്രീയുടെ ബന്ധു വെളിപ്പെടുത്തുന്നു.

തുടർന്ന് കുട്ടിയെ ഒരു പിങ്ക് മോസസ് ബാസ്‌കറ്റിലേക്ക് ഒരു വനിതാ ഓഫീസർ മാറ്റുകയായിരുന്നു. കുട്ടിയെ കണ്ടെത്തിയ സ്ഥലത്തെ പൊലീസ് കോർഡോൻ നീക്കിയതിന് ശേഷം പ്രദേശവാസികൾ ഇവിടെ പൂക്കളും കളിപ്പാട്ടങ്ങളും സമർപ്പിച്ചതിന്റെ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ദൈവത്തിന്റെ പുതിയ കൊച്ച് മാലാഖയെന്നാണ് ഇവിടെയെത്തിയ ചിലർ കുട്ടിയെ വിശേഷിപ്പിച്ചിരിക്കുന്നത്. വെളുത്ത വർഗക്കാരിയാണ് കുട്ടിയെന്നാണ് കരുതുന്നത്. എന്നാൽ മിശ്രിത പാരമ്പര്യവും പൊലീസ് തള്ളിക്കളയുന്നില്ല.

കുട്ടിയുടെ മരണകാരണം ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. കുട്ടിയുടെ മാതാപിതാക്കളെ കുറിച്ച് വിവരങ്ങൾ അറിയുന്നവർ വെളിപ്പെടുത്തണമെന്ന് പത്രസമ്മേളനത്തിലൂടെ ലെവിസ് ഹ്യൂഗ്സ് ആവശ്യപ്പെട്ടിരുന്നു.ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നവർ 0161 856 4810 എന്ന നമ്പറിലോ പേര് വെളിപ്പെടുത്താതെ 0800 555 111 ക്രൈസ്റ്റോപ്പേർസ് നമ്പറിലോ അറിയിക്കാൻ പൊലീസ് നിർദേശമുണ്ട്.

(ലോക തൊഴിലാളി ദിനവും മറുനാടൻ കുടുംബമേളയും പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (മെയ് 1) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല).