ലണ്ടൻ: ഇരുകൊറിയകളും കൂടിക്കാഴ്ചകൾനടത്തി വലിയ പ്രഖ്യാപനങ്ങളുണ്ടായെങ്കിലും ഉത്തരകൊറിയ സമാധാന മാർഗത്തിലെത്തിയെന്ന് വിശ്വസിക്കാൻ വരട്ടെ. ആണവരഹസ്യങ്ങളുമായി ബ്രിട്ടനിലേക്ക് മുങ്ങിയ ചാരനെ ഇല്ലാതാക്കാൻ ഉത്തരകൊറിയ ബ്രിട്ടനിലേക്ക് ക്വൊട്ടേഷൻ സംഘത്തെ അയച്ചുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഉന്നത പദവിയിലുണ്ടയിരുന്ന ഉദ്യോഗസ്ഥനാണ് ബ്രിട്ടനിലേക്ക് മുങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി മുതൽ കാണാതായ ഇദ്ദേഹം, രാജ്യവുമായുള്ള ബന്ധം വിഛേദിച്ചെന്നും കരുതുന്നു.

ഉത്തകൊറിയൻ സ്‌റ്റേറ്റ് സെക്യൂരിറ്റി വിഭാഗത്തിൽ കേണലായിരുന്ന കാങ് എന്നയാളെയാണ് ഫെബ്രുവരി മുതൽ കാണാതായത്. ചൈനയിലെയും റഷ്യയിലെയു തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെയും ചാരവൃത്തിക്ക് മേൽനോട്ടം വഹിക്കുകയും നിരീക്ഷിക്കുകയും ചെയ്തിരുന്നത് കാങ്ങായിരുന്നു. രാജ്യത്തുനിന്ന് പലായനം ചെയ്യുകവഴി വിശ്വാസ വഞ്ചന നടത്തിയ കാങ്ങിനെ ഇല്ലാതാക്കുകയെന്ന ഉത്തരകൊറിയൻ# നേതാവ് കിം ജോങ് ഉന്നിന്റെ നിർദ്ദേശം നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉത്തരകൊറിയൻ കൊലയാളിസംഘം അന്താരാഷ്ട്ര തലത്തിൽ തിരച്ചിൽ നടത്തുന്നത്. അവർ ബ്രിട്ടനിലെത്തിയെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്.

ചൈനീസ് നഗരമായ ഷെൻയാങ്ങിലെ ഷോങ്പു ഹോട്ടലിൽനിന്ന് ഫെബ്രുവരി 25 മുതൽ കാങ്ങിനെ കാണാതായെന്നാണ് ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നോർത്തുകൊറിയയുടെയും ചൈനയുടെയും സർക്കാരുകൾ ചേർന്ന് നടത്തുന്ന ഹോട്ടലാണിത്. ചൈനയിൽനി്‌ന് പ്രവർത്തിക്കുന്ന ഉത്തരകൊറിയൻ ചാരന്മാരുടെ കേന്ദ്രമായാണ് മുമ്പ് ചിൽബോസാൻ ഹോട്ടൽ എന്നറിയപ്പെട്ടിരുന്ന ഷോങ്പു പ്രശസ്തമായിട്ടുള്ളത്.

ഉത്തരകൊറിയയുടെ ആണവ പ്രവർത്തനങ്ങളുടെ നിർണായക വിവരങ്ങൾ നിയന്ത്രിച്ചിരുന്നതും കാങ്ങാണെന്ന് സൂചനയുണ്ട്. മറ്റു രാജ്യങ്ങളിലെ ശാസ്ത്രജ്ഞരെ സ്വാധീനിച്ച് വിവരങ്ങൾ ചോർത്തുന്നതിലും അദ്ദേഹം വിദഗ്ധനായിരുന്നു. ഒട്ടേറെ വിദേശ കറൻസികളുമായാണ് കാങ് ചൈന വിട്ടതെന്നാണ് സൂചന. വ്യാജമായി അമേരിക്കൻ ഡോളർ അച്ചടിക്കാൻ കഴിയുന്ന യന്ത്രവും കാങ്ങിന്റെ പക്കലുണ്ടെന്നും അധികൃതർ സൂചിപ്പിക്കുന്നു. കാങ് ഫ്രാൻസിലോ ബ്രി്ട്ടനിലോ ഉണ്ടെന്നാണ് ഉത്തര കൊറിയ കരുതുന്നത്.

അതിനിടെ, ദക്ഷിണ കൊറിയയുമായി നടത്തിയ സമാധാന ചർച്ചകളുടെ തുടർച്ചയെന്നോണം, തടവിലാക്കിയിരുന്ന മൂന്ന് അമേരിക്കൻ ചാരന്മാരെ വിട്ടയക്കാൻ ഉത്തര കൊറിയ തീരുമാനിച്ചു. ദക്ഷിണ കൊറിയയുമായി കിം ജോങ് ഉൻ സമാധാന ചർച്ച നടത്തിയ പാന്മുൻജോം ഗ്രാമത്തിലൂടെയാകും ഇവരെ ദക്ഷിണ കൊറിയക്ക് കൈമാറുക. കൊറിയൻ വംശജരായ കി ഹാക്ക് സോങ്, ടോണി കിം, കിം ഡോങ് ചുൽ എന്നിവരാണ് ചാരപ്രവർത്തി നടത്തിയതിന് ഉത്തരകൊറിയയിൽ തടവിൽ കഴിഞ്ഞിരുന്നത്.

ഞായറാഴ്ചയോ തിങ്കളാഴ്ചയോ ഇവരെ മോചിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിലപ്പോൾ ഇന്നുതന്നെ മോചനമുണ്ടായേക്കുമെന്നും സൂചനയുണ്ട്. തന്റെ മുൻഗാമിയായ ബരാക് ഒബാമയ്ക്ക് സാധിക്കാത്ത കാര്യമാണ് താൻ നേടിയെടുത്തതെന്നാണ് ഇതേക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്് ട്വീറ്റ് ചെയ്തത്. ബുധനാഴ്ചയോടെ ഇവരുടെ മോചനം പൂർണമാകുമെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു. ട്രംപുമായി കിം നടത്താനിരിക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായാണ് ഇവരെ ഉത്തരകൊറിയ മോചിപ്പിക്കുന്നത്.