ലണ്ടൻ: ആർഭാടങ്ങളോ സെലിബ്രിറ്റി അതിഥികളോ ഇല്ലാതെ മെയ് 19-ന് നടക്കുന്ന ഹാരി രാജകുമാരൻ-മേഘൻ മെർക്കൽ വിവാഹത്തിന്റെ കൂടുതൽ വിശേഷങ്ങൾ പുറത്തുവന്നു. വിവാഹത്തിന് മേഘൻ അണിയുക ഒരുലക്ഷം പൗണ്ടിന്റെ, കൈകൾകൊണ്ട് തുന്നിയ ഗൗണായിരിക്കുമെന്നാണ് ഏറ്റവും പുതിയ വിശേഷം. ബ്രിട്ടീഷ് ഫാഷൻ ഡിസൈനർമാരായ റാൽഫ് ആൻഡ് റൂസോയ്ക്കാണ് വിവാഹവസ്ത്രം രൂപകല്പന ചെയ്യാനുള്ള അവസരം കൈവന്നിരിക്കുന്നതെന്നാണ് സൂചന. വിവാഹദിവസം അണിയുന്ന രണ്ട് ഗൗണുകളും ഇവർതന്നെയാണ് ഉണ്ടാക്കുക.

സെന്റ് ജോർജ് ചാപ്പലിൽ വിവാഹത്തിന് സാക്ഷിയാകാനെത്തുന്നത് 600-ഓളം അതിഥികളായിരിക്കും. നിറയെ മുത്തുകൾ പിടിപ്പിച്ച, പാറിപ്പറക്കുന്ന ഗൗണാകും വിവാഹവേളയിൽ മേഘൻ അണിയുക. പിന്നീട് വിൻഡ്‌സർ കാസിലിലെ സെന്റ് ജോർജ് ഹാളിൽ രാജ്ഞി സംഘടിപ്പിച്ചിട്ടുള്ള വിവാഹവിരുന്നിൽ മറ്റൊരു വിലപിടിച്ച വസ്ത്രമണിഞ്ഞ് മേഘൻ പ്രത്യക്ഷപ്പെടും. രണ്ട് വസ്ത്രങ്ങൾക്കുംകൂടി 135,000 പൗണ്ട് ചെലവിടുന്നുണ്ടെന്നാണ് ഫാഷൻ വൃത്തങ്ങൾ നൽകുന്ന സൂചന.

വിവാഹവസ്ത്രം മേഘനും കുടുംബവും നേരിട്ട് കണ്ട് തിരഞ്ഞെടുത്തതാണ്. നൂറിലേറെ മണിക്കൂറെടുത്താണ് വിവാഹവസസ്തം റാൽഫ് ആൻഡ് റൂസോ പൂർണമായും കൈകൊണ്ട് തുന്നിയിട്ടുള്ളത്. വസ്ത്രത്തിന്റെ രൂപകല്പന ഏറെക്കുറെ പൂർണമായെന്നും അതിന്റെ കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ പുറത്തുവിടില്ലെന്നും ഡിസൈനർമാരുടെ കേന്ദ്രങ്ങൾ വ്യക്തമാക്കി. ലോകമെങ്ങുമുള്ള കോടിക്കണക്കിനാളുകൾ ടിവിയിലൂടെയും വിവാഹത്തിന് സാക്ഷിയാകുമെന്നാണ് കരുതുന്നത്.

എന്നാൽ, വിവാഹ വസ്ത്രത്തെക്കുറിച്ച് ഹാരി രാജകുമാരന് യാതൊരു സൂചനയും ഇതേവരെ നൽകിയിട്ടില്ലെന്നും സൂചനയുണ്ട്. വിവാഹവേദിയിൽ മേഘനെ കാണുമ്പോൾ മാത്രമാകും ഈ വസ്ത്രത്തിന്റെ രഹസ്യം ഹാരി അറിയുക. തീർത്തും പരമ്പരാഗതമായ കാര്യങ്ങളിൽ അതീവ താത്പര്യം പ്രകടിപ്പിക്കുന്ന ഹാരിയെ വിസ്മയിപ്പിക്കുന്നതാകും വിവാഹവസ്ത്രമെന്നും റാൽഫ് ആൻഡ് റൂസോ വൃത്തങ്ങൾ പറയുന്നു. ഹാരിയുടെയും മേഘന്റെയും വിവാഹനിശ്ചയത്തിന് മേഘനണിഞ്ഞ വസ്ത്രവും റാൽഫ് ആൻഡ് റൂസോയാണ് രൂപകല്പന ചെയ്തത്.

വിവാഹത്തിന് മുന്നോടിയായി മേഘന്റെ മാതാപിതാക്കൾ രാജ്ഞിയെയും ചാൾസ് രാജകുമാരനെയും കാമില്ല രാജകുമാരിയെയും സന്ദർശിക്കും. വിവാഹത്തിന് ചാപ്പലിലേക്ക് എത്തുമ്പോൾ അമ്മ ഒപ്പമുണ്ടാകുമെന്നും കൊട്ടാരം വൃത്തങ്ങൾ വ്യക്തമാക്കി. അമമ് ഡയാന രാജകുമാരിക്ക് ആദരാഞ്ജലികൾ അർപ്പിച്ചശേഷമാകും ഹാരി രാജകുമാരൻ വിവാഹവേദിയിലേക്ക് എത്തുക. ലളിതമായ രീതിയിൽ നടത്തുന്ന വിവാഹത്തിന് അകമ്പടിക്കാർ ആരുമുണ്ടാകില്ല. വില്യമിന്റെ മക്കളായ ജോർജ് രാജകുമാരനും ഷാർലറ്റ് രാജകുമാരിയും മറ്റൊരു പേരക്കുട്ടിയായ മിയ ടിൻഡാലും മാത്രമായിരിക്കും പൂ പിടിക്കുക.

വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും ചടങ്ങിനെത്തുമെങ്കിലും അടുത്തിടെ പിറന്ന അവരുടെ മൂന്നാമത്തെ കുട്ടി ലൂയിസ് രാജകുമാരനെ കൊണ്ടടുവരില്ല. ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ ഫിലിപ്പ് രാജകുമാരൻ വിവാഹത്തിനെത്തുന്ന കാര്യം ഇതേവരെ അന്തിമമായി തീരുമാനിച്ചിട്ടില്ല.

വിവാഹം മെയ് 19-ന് കഴിഞ്ഞാലും ഉടനെ ഇരുവരും മധുവിധുവിന് പോകുന്നില്ലെന്നും കെൻസിങ്ടൺ കൊട്ടാരവൃത്തങ്ങൾ സൂചിപ്പിച്ചു. എന്നാൽ, വിവാഹത്തിന് തൊട്ടുപിന്നാലെയുള്ള ദിവസങ്ങളിൽത്തന്നെ ഇരുവരും ഒരരുമിച്ച് പൊതു ചടങ്ങുകളിൽ പ്രത്യക്ഷപ്പെടുമെന്നും കൊട്ടാരവൃത്തങ്ങൾ സൂചിപ്പിച്ചു.