ഹൊനലൂലൂന്മ: നൂറ്റിയൻപതടി ഉയരത്തിൽ ലാവ ചീറ്റി ഹവായി ദ്വീപിലെ ജനവാസപ്രദേശത്ത് അഗ്നിപർവതസ്ഫോടനം.ലെയ്‌ലനി എസ്റ്റേറ്റ്സ് പ്രദേശത്തു താമസിക്കുന്ന 1700 പേരെ അടിയന്തരമായി ഒഴിപ്പിച്ചു. പ്യുന മേഖലയിലെ തുടർ ഭൂകമ്പങ്ങൾക്കു പിന്നാലെയാണു കിലോയ അഗ്നിപർവതം പൊട്ടിത്തെറിച്ചത്.

ജനങ്ങളെ ഒഴിപ്പിക്കാനും രക്ഷാപ്രവർത്തനത്തിനുമായി ഹവായി നാഷനൽ ഗാർഡും തീവ്രമായി ശ്രമിക്കുന്നുണ്ട് ഈ പ്രദേശത്ത് നൂറിലേറെ ചലനങ്ങൾ അനുഭവപ്പെട്ടിരുന്നു. ഇതിലൊന്ന് റിക്ടർ സ്‌കെയിലിൽ തീവ്രത അഞ്ച് രേഖപ്പെടുത്തി. ഹവായി ദ്വീപിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പരിക്കോ മരണമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഹവായി ദ്വീപിലെ അഞ്ചു വമ്പൻ അഗ്നിപർവതങ്ങളിൽ 'സജീവ' വിഭാഗത്തിൽപ്പെട്ട ഒന്നാണു കിലോയ. ഉഗ്രശബ്ദത്തോടൊണ് അഗ്നിപർവതം പൊട്ടിത്തെറിച്ചത്. വിഷവാതകം പരന്നതിനാൽ ജനങ്ങളെ ഇവിടെ നിന്നും ഒഴിപ്പിക്കുന്നുണ്ട്. കാട്ടിലൂടെ ഒഴുകുന്ന ലാവ റോഡുകളിലുമെത്തി. ഇതിൽപ്പെട്ട് വൈദ്യുതകമ്പികൾ ഉരുകിപ്പോയതായും നിരവധി വീടുകൾക്കും പ്രദേശങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി പ്രാദേശിക അധികൃതർ അറിയിച്ചു.

ഒഴിപ്പിക്കപ്പെട്ടവർക്കായി രണ്ടു കമ്യൂണിറ്റി സെന്ററുകളിലായി ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി സിവിൽ ഡിഫൻസ് അറിയിച്ചു. നിലവിൽ നുറു പേരിനടത്ത് ദുരിതാശ്വാസ ക്യമ്പുകളിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.