ലണ്ടൻ: ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിക്കെതിരേ ശക്തമായ ജനവികാരമുണ്ടായിട്ടും അതിന്റെ പ്രയോജനം തദ്ദേശ തിരഞ്ഞെടുപ്പിൽ കൈവരിക്കാൻ സാധിക്കാതിരുന്നത് ലേബർ പാർട്ടിയിൽ പുതിയ പൊട്ടിത്തെറിക്ക് കാരണമായി. ബ്രെക്‌സിറ്റിനെച്ചൊല്ലി കടുത്ത ഭരണവിരുദ്ധ വികാരം നിലനിന്നിട്ടും അത് വോട്ടാക്കി മാറ്റാൻ സാധിക്കാതിരുന്നതാണ് ലേബർ പാർട്ടി നേതൃത്വത്തിനെതിരേ കടുത്ത വിമർശനമായി മാറിയിരിക്കുന്നത്. പാർട്ടി നേതൃസ്ഥാനത്തുനിന്ന് ജെറമി കോർബിന് രാജിവെച്ചൊഴിയേണ്ടിവന്നേക്കുമെന്നും സൂചനയുണ്ട്.

ലേബർ പാർട്ടി ലക്ഷ്യമിട്ട ലണ്ടൻ ബോറോകളിലൊന്നിൽപ്പോലും അവർക്ക് വിജയിക്കാനാകാത്തത് തിരഞ്ഞെടുപ്പിൽ സ്വീകരിച്ച തന്ത്രങ്ങളുടെ പരാജയമായി വിലയിരുത്തപ്പെടുന്നു. കൈവശമുണ്ടായിരുന്ന കൗൺസിലുകളിൽപ്പോലും ലേബറിന് അധികാരം നഷ്ടപ്പെട്ടത് ഇതിന്റെ പ്രതിഫലനമാണെന്നും വിമർശകർ പറയുന്നു. തിരിച്ചുപിടിച്ചതും നിലനിർത്തിയതുമായ കൗൺസിലുകളിലൂടെയും ബോറോകളിലൂടെയും തെരേസ മെയ്‌ നടത്തിയ വിജയയാത്രയും ലേബർ ക്യാമ്പുകളെ കൂടുതൽ അസ്വസ്ഥമാക്കിയിട്ടുണ്ട്.

പാർട്ടിക്കിതിരേ ഉയർന്നുവന്ന ആരോപണങ്ങൾ നേരിടുന്നതിൻ നേതൃത്വം പൂർണ പരാജയമായിരുന്നുവെന്ന് ലേബർ എംപി. ജോൺ മാൻ കുറ്റപ്പെടുത്തി. ബാർനെറ്റിൽ ലേബറിന്റെ കൈയിൽനിന്ന് ഭരണം നഷ്ടമായതിന് പിന്നിൽ യഹൂദവിശ്വാസികൾക്കിടയിൽ പാർട്ടിയോടുണ്ടായ നിലപാടിൽ മാറ്റം വന്നതാണെന്നും അദ്ദേഹം പറഞ്ഞു. ലേബർ പാർട്ടി സെമിറ്റിക് മതങ്ങൾക്കെതിരാണെന്ന പ്രചാരണമാണ് ഇവിടെ വോട്ട് നഷ്ടപ്പെടുത്തിയതെന്നും, ആ കാഴ്ചപ്പാട് യഹൂദ മതക്കാരെ മാത്രമല്ല മറ്റുള്ളവരെയും സ്വാധീനിച്ചെന്നും എംപിമാർ പറയുന്നു. ലേബർ പാർട്ടി നേതാവ് ജെറമി കോർബിനെയാണ് വിമർശകരേറെയും ലക്ഷ്യമിടുന്നത്. അടുത്ത പൊതുതിരഞ്ഞെടുപ്പിൽ ടോറികൾക്കെതിരേ ലേബറിനെ നയിക്കാൻ കോർബിന്റെ നയങ്ങൾ മതിയാകില്ലെന്ന സൂചനയാണ് ഇവർ നൽകുന്നത്.

ബാർനെറ്റിന് പുറമെ, വെസ്റ്റ്മിൻസ്റ്ററിലും കെൻസിങ്ടൺ ആൻഡ് ചെൽസിയിലും ലേബറിന് ഭരണ നഷ്ടമായി. ബാർനെറ്റ്‌പോലെതന്നെ ലേബർ വിശ്വാസമർപ്പിച്ചിരുന്ന ബോറോയാണ് വെസ്റ്റ്മിൻസ്റ്ററും. ഗ്രെൻഫെൽ ടവർ അഗ്നിബാധ നേരിടുന്നതിൽ തെരേസ മെയ്‌ ഭരണകൂടം പരാജയപ്പെട്ടുവെന്ന പ്രചാരണം നിലനിന്നിട്ടും കെൻസിങ്ടൺ ആൻഡ് ചെൽസി കൗൺസിലിലും ലേബർ പാർട്ടിക്ക് അധികാരം പിടിക്കാനായില്ല. ലണ്ടന് പുറത്തുള്ള ന്യൂനിറ്റോണിലും സ്വിൻഡണിലും കൺസർവേറ്റീവുകൾ നേട്ടമുണ്ടാക്കുകയും ചെയ്തു.

ട്രാഫഡിലെ വിജയമാണ് ലേബർ പാർട്ടിക്ക് എടുത്തുപറയാനുള്ളത്. 15 വർഷമായി ടോറികൾ ഭരിക്കുന്ന മാഞ്ചസ്റ്റർ കൗൺസിൽ അവരിൽനിന്ന് പിടിച്ചെടുക്കാൻ ലേബറിനായി. പ്ലിമത്ത് കൗൺസിലും ലേബർ നിയന്ത്രണം പിടിച്ചു. റിച്ച്മണ്ട് കൗൺസിലിൽ ഭരണം പിടിച്ചുകൊണ്ടട് ലിബറൽ ഡമോക്രാറ്റുകളും തിരഞ്ഞെടുപ്പിൽ നേരീയ നേട്ടമുണ്ടാക്കി. 92 കൗൺസിൽ സീറ്റുകൾ നഷ്ടപ്പെട്ട യുക്കിപ്പ് പാർട്ടി ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിടുകയും ചെയ്തു.

തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം ബ്രെക്‌സിറ്റ് കരാറുമായി മുന്നോട്ടുപോകാനുള്ള ജനവിധിയാണെന്ന് കൺവേറ്റീവ് പക്ഷത്തെ കടുത്ത ബ്രെക്‌സിറ്റ് വാദികൾ ചൂണ്ടിക്കാട്ടുന്നു. ചർച്ചകളുമായി മുന്നോട്ടുപോകാനുള്ള പച്ചക്കൊടിയാണ് ഈ വിജയമെന്ന് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസണടക്കമുള്ളവർ പ്രധാനമന്ത്രി തെരേസാ മേയോട് പറഞ്ഞു. ബ്രെക്‌സിറ്റിനെ പിന്തുണച്ച മേഖലകളിൽ ടോറികൾ കൈവരിച്ച വിജയം അതിന് തെളിവാണെന്നും ബോറിസ് ജോൺസൺ പറഞ്ഞു.