ഗസ്സ: ഗസ്സയിൽ ഫലസ്തീൻ ജനത നടത്തുന്ന ജനകീയ പ്രതിരോധം ആറാമത്തെ ആഴ്ചയിലേക്ക് കടന്നു. ജനക്കൂട്ടത്തിനുനേരെ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ വെള്ളിയാഴ്ച ഇരുനൂറോളം പേർക്ക് പരിക്കേറ്റു. ഇതിൽ വെടിയേറ്റ 69 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. കണ്ണീർവാതകപ്രയോഗത്തിലും മറ്റുമാണ് മറ്റുള്ളവർ ആശുപത്രിയിലെത്തിയത്. ടയറുകൾകത്തിച്ചും മറ്റും ഗസ്സയുടെ കിഴക്കൻ അതിർത്തിയിലുള്ള ക്യാമ്പിൽ ഫലസ്തീൻകാർ നടത്തുന്ന പ്രതിരോധം കീറിമുറിച്ചുകൊണ്ടാണ് ഇസ്രയേൽ സേന ആക്രമണം നടത്തുന്നത്.

അതിർത്തിയിൽ തീർത്ത കറുത്ത പുകമറയ്ക്കിപ്പുറത്താണ് ഫലസ്തീൻ ജനതയുടെ പ്രതിഷേധം. കല്ലും കവണയുമായാണ് അവർ ഇസ്രയേൽ സൈന്യത്തെ നേരിടുന്നത്. കഴിഞ്ഞയാഴ്ചകളിലുള്ളത്രയും പേർ ഇപ്പോൾ പ്രതിഷേധത്തിൽ പങ്കെടുക്കുന്നില്ലെങ്കിലും ആയിരക്കണക്കിനാളുകൾ ഗസ്സയിൽ തമ്പടിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അതിർത്തിക്കപ്പുറം താമസിക്കുന്ന ഫലസ്തീൻകാരുടെ മടങ്ങിവരാനുള്ള അവകാശത്തിനുവേണ്ടിയാണ് ജനകീയ പ്രതിരോധം സംഘടിപ്പിച്ചിരിക്കുന്നത്.

ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കൻ നടപടിയെത്തുടർന്നാണ് ഗസ്സയിൽ വീണ്ടും സ്ംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ടെൽ അവീവിൽനിന്ന് ജറുസലേമിലേക്ക് അമേരിക്കൻ എംബസി മാറ്റുന്നത് മെയ് 15-നാണ്. അന്ന് കടുത്ത പ്രതിഷേധ പ്രകടനങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് ഫലസ്തീൻകാർ പറയുന്നത്. മാർച്ച് 30-നാണ് ഇപ്പോഴത്തെ പ്രതിഷേധ പ്രകടനങ്ങൾ തുടങ്ങിയത്. ഇതുവരെ 49 പേരാണ് മരിച്ചത്. നൂറുകണക്കിനാളുകൾക്ക് വെടിയേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു.

അതിർത്തി കടക്കാനുള്ള ശ്രമങ്ങൾ ചെറുക്കുന്നതിനായി മാത്രമാണ് പ്രത്യാക്രമണം നടത്തുന്നതെന്ന് ഇസ്രയേൽ സേന പറയുന്നു. അതിർത്തിയിലെ വേലി തകർക്കാൻ ശ്രമിച്ചവരാണ് വെടിയേറ്റവരിലേറെയുമെന്നും ഇസ്രയേൽ സൈന്യം പറയുന്നു. എന്നാൽ, നിരപരാധികളെയാണ് സൈന്യം വെടിവെച്ചതെന്നാണ് ഫലസ്തീൻ അവകാശപ്പെടുന്നത്. യുവാക്കളാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരേറെയും. മണൽച്ചാക്കുകൾകൊണ്ടുണ്ടാക്കിയ ബങ്കറുകൾക്ക് പിന്നിൽ ഒളിച്ചിരുന്നാണ് ഇവർ സേനയെ നേരിടുന്നത്.

വെള്ളിയാഴ്ചത്തെ പ്രതിഷേധ പ്രകടനങ്ങളിൽ 7000 പേരെങ്കിലും പങ്കെടുത്തതായാണ് ഇസ്രയേൽ സൈന്യത്തിന്റെ കണക്കൂകൂട്ടൽ. അതിർത്തിക്കപ്പുറത്തെ കൃഷിയിടങ്ങൾക്ക് വ്യാപകമായ നാശനഷ്ടമുണ്ടായെന്നും അവർ പറയുന്നു. സൈന്യത്തിന്റെ രണ്ട് ഡ്രോൺ വിമാനങ്ങളും പ്രതിഷേധക്കാർ തകർത്തതായി ഇസ്രയേൽ അവകാശപ്പെടുന്നു. ഹമാസാണ് പ്രതിഷേധത്തിന് പിന്നിലെന്നും ഇസ്രയേൽ ആരോപിച്ചു. എന്നാൽ, നിരായുധരായ പ്രതിഷേധക്കാരെയാണ് സൈന്യം വെടിവെച്ചിടുന്നതെന്ന് ഫലസ്തീൻ പറയുന്നു.