ണ്ടനെ അടുത്തിടെ ഏറെഭയപ്പെടുത്തിയിരുന്നത് തുടർച്ചയായുണ്ടായ കൊലപാതകങ്ങളും ആക്രമണങ്ങളുമായിരുന്നു. അക്രമങ്ങൾക്ക് കുപ്രസിദ്ധമായ പല നഗരങ്ങളെയും പിന്തള്ളി ലണ്ടനിലെ സമാധാന ജീവിതം താറുമാറായി. ഇപ്പോഴിതാ ഇംഗ്ലണ്ടിലെ മറ്റു കൗണ്ടികളിലേക്കും ഈ ആക്രമണങ്ങൾ വ്യാപിക്കുകയാണെന്നാണ് സൂചന. മലയാളികളടക്കം ബ്രിട്ടനിലെ വിദേശികൾ ഏതുനിമിഷവും വർണവെറിയുടേതുൾപ്പെടെയുള്ള ആക്രമണങ്ങൾക്ക് ഇരയായേക്കാമെന്ന ആശങ്കയിലാണ് ജീവിക്കുന്നത്.

ലണ്ടനിലേതിനെക്കാൾ വർധിച്ച തോതിലാണ് മറ്റ് കൗണ്ടികളിൽ അക്രമങ്ങളും കത്തിക്കുത്തുകളും പടരുന്നത് ഹെർട്ട്ഫഡ്ഷയർ, ഹാംഷയർ, വാർവിക്ഷയർ, നോർഫോൾക്ക്, നോർത്ത് വെയ്ൽസ് തുടങ്ങിയ കൗണ്ടികളിൽ കഴിഞ്ഞ മൂന്നുവർഷംകൊണ്ട് അക്രമങ്ങൾ നൂറുശതമാനത്തോളം കൂടിയിട്ടുണ്ട്. ലണ്ടനിൽ അക്രമങ്ങൾ 20 ശതമാനത്തോളമായിരുന്നു വർധിച്ചത്. നഗരങ്ങളിൽ പ്രവർത്തിക്കുന്ന ഗുണ്ടാ സംഘങ്ങൾ ഗ്രാമങ്ങളിലേക്കും ചെറുപട്ടണങ്ങളിലേക്കും അവരുടെ സ്വാധീനം ഉറപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ഈ അക്രമങ്ങൾ കൂടാൻ കാരണം.

2014 മുതൽ 2017 വരെയുള്ള കാലയളവിലുണ്ടായ അക്രമങ്ങൾ പരിശോധിക്കുമ്പോൾ പല കൗണ്ടികളിലും അക്രമങ്ങളുടെ തോത് ഞെട്ടിപ്പിക്കുന്ന തരത്തിലാണ് വളർന്നിട്ടുള്ളത്. നോർഫോൾക്കിൽ 274 ശതമാനത്തോളമാണ് വർധന. മറ്റ് കൗണ്ടികളിലെ കുറ്റകൃത്യങ്ങളുടെ വർധന ഇപ്രകാരമാണ്. വാർവിക്ഷയർ (180 ശതമാനം), നോർ്ത്ത് വെയ്ൽസ് (134), ഹെർട്ട്ഫഡ്ഷയർ (150), ഹാംഷയർ (102), ബെഡ്ഫഡ്ഷയർ (86), എസ്സക്‌സ് (86), കേംബ്രിഡ്ജ്ഷയർ (83), തെയിംസ് വാലി (50).

കൗണ്ടികളിൽ വ്യാപകമാകുന്ന മയക്കുമരുന്ന് കച്ചവടമാണ് അക്രമങ്ങൾ വർധിക്കാൻ കാരണം. മയക്കുമരുന്ന് സംഘങ്ങളും ഇടപാടുകാരും കൂടുതൽ സുരക്ഷിതത്വത്തിനായി നഗരങ്ങൾ വിട്ട് ഗ്രാമങ്ങളിലേക്ക് മാറിയതോടെ, അക്രമങ്ങളും കൂടെപ്പോരുകയായിരുന്നു. ഓരോ സ്ഥലത്തും അധികാരം ഉറപ്പിക്കുന്നതിനും സ്വാധീന മേഖല വളർത്തുന്നതിനും വേണ്ടിയാണ് ഇത്തരം സംഘങ്ങൾ അക്രമങ്ങൾ അഴിച്ചുവിടുന്നത്. നാട്ടുകാരെ പേടിപ്പിച്ച് നിശബ്ദരാക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.

ലണ്ടന് ചുറ്റുവട്ടത്തുള്ള കൗണ്ടികളിലാണ് അക്രമങ്ങൾ വലിയ തോതിൽ വർധിച്ചിട്ടുള്ളതെന്ന് നാഷണൽ ക്രൈം ഏജൻസിയിലെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം തലവൻ വിൻസ് ഒബ്രയൻ പറഞ്ഞു. അക്രമ സംഭവങ്ങൾ ലണ്ടനിലുള്ളതിനേക്കാൾ കൂടുതൽ കൗണ്ടികളിലാണ് നടക്കുന്നതെന്നും യുവാക്കളെ മയക്കുമരുന്ന് ശൃംഖലയുടെ ഭാഗമാക്കുന്നതിന് സംഘങ്ങൾ അക്രമങ്ങൾ മറയാക്കുകയാണെന്നും അധികൃതൽ വിലയിരുത്തുന്നു.