ലണ്ടൻ: മയക്കുമരുന്ന് മാഫിയകളുടെയും ഗുണ്ടാസംഘങ്ങളുടെയും ഏറ്റുമുട്ടലുകൾ പതിവായ ലണ്ടനിലും സമീപ പ്രദേശങ്ങളിലും ബാങ്ക് ഹോളിഡേ വീക്കെൻഡിൽ വെടിയേറ്റു കുത്തേറ്റും നാലുപേർ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമങ്ങൾ മുമ്പ് കേന്ദ്രീകരിച്ചിരുന്നത് ലണ്ടനിലെ തെരുവുകളിലായിരുന്നെങ്കിൽ, ഇപ്പോൾ സമീപത്തെ കൗണ്ടികളിലേക്കും ബോറോകളിലേക്കും അത് വ്യാപിച്ചിട്ടുണ്ടുമുണ്ട്. നഗരങ്ങൾവിട്ട് ചെറു പ്ട്ടണങ്ങളിലേക്ക് പ്രവർത്തനകേന്ദ്രം മാറ്റുന്ന സംഘങ്ങൾ അധികാരം പിടിക്കാൻ നടത്തുന്ന ഏറ്റുമുട്ടലുകളാണ് ബ്രിട്ടനെ നടക്കുന്നത്.

സൗത്ത്‌വോക്കിൽ ശനിയാഴ്ചയാണ് റൈഹീം എയ്ൻസ്‌വർക്ക് ബാർട്ടൺ എന്ന യുവാവ് വെടിയേറ്റ് മരിച്ചത്. രണ്ടുദിവസം മുമ്പ് ഹാരോയിൽ 13-ഉം 15-ഉം വയസ്സുള്ള രണ്ട് കുട്ടികൾക്കും വെടിയേറ്റിരുന്നു. ഞായറാഴ്ച ലിവർപൂളിലും ല്യൂട്ടണിലും ചെഷയറിലും ഓരോരുത്തർ കുത്തേറ്റ് മരിക്കുകയും ചെയ്തതോടെ, ബാങ്ക് ഹോളിഡേയും ലണ്ടനിൽ ചോരക്കളമായി മാറി.

സൗത്ത്‌വോക്കിലെ നടപ്പാതയിലാണ് വെടിയേറ്റനിലയിൽ ശനിയാഴ്ച രാത്രി റൈഹിമിന്റെ മൃതദേഹം കണ്ടത്. ചോരവാർന്ന നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. പിറ്റേന്ന് ഒരു ബക്കറ്റിൽ അണുനാശിനിയുമായെത്തിയ റൈഹിമിന്റെ അമ്മ പെട്രാന മോർഗൻ, നിലത്തിരുന്ന് നടപ്പാതയിലെ രക്തക്കറകൾ കഴുകിക്കളയുന്ന രംഗം എ്ല്ലാവരുടെയും കരളലിയിക്കുന്നതായി. തന്റെ മകന്റെ ചോരപ്പാടുകൾ അവസാനത്തേതാകണമെന്ന് പറഞ്ഞ ആ അമ്മ, ഇത്തരം അക്രമങ്ങൾ അവസാനിപ്പിക്കണമെന്നും അഭ്യർത്ഥിച്ചു.

ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് പൊലീസിന് സൗത്ത്‌വോക്കിൽ വെടിവെപ്പ് നടന്നതായി സന്ദേശം ലഭിക്കുന്നത്. തന്റെ മകൻ ഒരു സംഘത്തിലും അംഗമായിരുന്നില്ലെന്നും ഒരു റാപ്പ് സംഗീതജ്ഞനാകുന്നത് സ്വപ്‌നം കണ്ടിരുന്ന യുവാവായിരുന്നുവെന്നും പെട്രാന പറഞ്ഞു. എന്നാൽ, അക്രമം അവസാനിപ്പിക്കണമെന്ന പെട്രാനയുടെ അഭ്യർത്ഥന ആരും ചെവിക്കൊണ്ടിട്ടില്ലെന്ന് ഞായറാഴ്ച തന്നെ വ്യക്തമായി. നോർത്ത് വെസ്റ്റ് ലണ്ടനിലെ വീൽഡ്‌സ്‌റ്റോണിൽ മാതാപിതാക്കൾക്കൊപ്പം നടന്നുപോവുകയായിരുന്ന 13-കാരന് തലയ്ക്ക് വെടിയേറ്റു.

വീൽഡ്‌സ്‌റ്റോണിൽ അന്നുച്ചയ്ക്ക് മറ്റൊരു 15-കാരൻ ആക്രമിക്കപ്പെട്ടതിന് അവന്റെ സംഘം നടത്തിയ തിരിച്ചടിയിലാണ് നിരപരാധിയായ 13-കാരന് വെടിയേറ്റത്. മാതാപിതാക്കൾക്കൊപ്പം പോവുകയായിരുന്ന കുട്ടിക്ക് അബദ്ധവശാലാണ് വെടിയേറ്റതെന്ന് സ്‌കോട്ട്‌ലൻഡ് യാർഡ് വ്യക്തമാക്കി. തലയ്ക്ക് പരിക്കേറ്റ കുട്ടി ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലാണുള്ളത്.  ബാങ്ക് ഹോളിഡേയിൽ നടന്ന അക്രമങ്ങളിൽ പരിക്കേൽക്കുന്ന ഏറ്റവും പ്രായംകുറഞ്ഞയാളാമ് ഈ കുട്ടി.

റൈഹിം കൂടി കൊല്ലപ്പെട്ടതോടെ, ലണ്ടനിൽ ഇക്കൊല്ലം ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 60 പിന്നിട്ടതായി പൊലീസ് വ്യക്തമാക്കി. കഴിഞ്ഞവർഷത്തേക്കാൾ 44 ശതമാനം അധികം അക്രമ സംഭവങ്ങൾ ഇക്കൊല്ലമുണ്ടായതായാണ് പൊലീസിന്റെ കണക്കുകൂട്ടൽ. പ്രശ്‌ന ബാധിത മേഖലകളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്നും സ്‌കോട്ട്‌ലൻഡ് യാർഡ് കേന്ദ്രങ്ങൾ അറിയിച്ചു.