പൊതുവേദികളിലെപ്പോഴും ട്രംപിന്റെ ഇടതുഭാഗത്ത് മെലാനിയയുണ്ടാകും. പ്രായത്തിലേറെ വ്യത്യാസമുണ്ടെങ്കിലും സംതൃപ്ത ഭാര്യാഭർത്താക്കന്മാരെപ്പോലെയാണ് അവർ ലോകത്തിന് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ, ട്രംപും മെലാനിയയും തമ്മിലുള്ള ബന്ധം അത്ര ഊഷ്മളമല്ലെന്നാണ് വൈറ്റ് ഹൗസിന്റെ പിന്നാമ്പുറക്കഥകൾ വ്യക്തമാക്കുന്നത്. ഇരുവരും ഒരുമിച്ച് ചെലവിടുന്ന സമയം വളരെക്കുറവാണെന്നാണ് സൂചന. നീലച്ചിത്ര നടി സ്റ്റോമി ഡാനിയേലുമായി ട്രംപിപ് ബന്ധമുണ്ടായിരുന്നുവെന്ന വാർത്തകളോട് മെലാനിയ പ്രതികരിച്ചില്ലെങ്കിലും വിവാദത്തിനുശേഷം ഇരുവരും ഉറങ്ങുന്നതുപോലും രണ്ട് മുറികളിലാണെന്നാണ് ഗോസിപ്പുകൾ.

വൈറ്റ് ഹൗസിൽ തന്റേതായ കാര്യങ്ങളിൽ മുഴുകുകയാണ് മെലാനിയ ഇപ്പോൾ. കുട്ടികളുടെ കാര്യം ശ്രദ്ധിച്ച് ജീവിക്കാനാണ് അവരുടെ തീരുമാനമെന്ന് അടുത്ത കേന്ദ്രങ്ങൾ പറയുന്നു. മെലാനിയ വൈറ്റ് ഹൗസിൽ നയിക്കുന്നത് വീട്ടുതടങ്കൽ പോലൊരു ജീവിതമാണെന്ന് അടുത്തിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഭാര്യ ബ്രിജിറ്റ് അഭിപ്രായപ്പെട്ടിരുന്നു. ഒരു ജനാല തുറക്കാൻ പോലും സ്വാതന്ത്ര്യമില്ലാത്തവിധം അവരുടെ ജീവിതത്തെ സുരക്ഷാ ഉദ്യോഗസ്ഥർ വരിഞ്ഞുമുറുക്കിയിരിക്കുകയാണെന്നും ബ്രിജിറ്റ് പറഞ്ഞു.

വൈറ്റ് ഹൗസിൽ രണ്ട് മുറികളിലായാണ് ട്രംപും മെലാനിയയും ഉറങ്ങുന്നതെന്ന് സുഹൃത്തുക്കൾതന്നെ പറയുന്നു. മെലാനിയ വൈറ്റ് ഹൗസിലല്ല താമസിക്കുന്നതെന്ന അഭ്യൂഹവും ഇടയ്ക്ക് ഉയർന്നിരുന്നു. മകൻ ബാരൺ ട്രംപിന്റെ സ്‌കൂളിനടുത്തുള്ള വീട്ടിൽ സ്വന്തം മാതാപിതാക്കൾക്കൊപ്പമാണ് മെലാനിയ താമസിക്കുന്നതെന്നായിരുന്നു ഗോസിപ്പ്. എന്നാൽ, ഈ ആരോപണം അവരുടെ വ്കതാവ് സ്റ്റെഫാനി ഗ്രിഷാം നിഷേധിച്ചു. കല്ലുവെച്ച നുണയാണതെന്നായിരുന്നു സ്റ്റെഫാനിയുടെ പ്രതികരണം.

തിരക്കേറിയ ഔദ്യോഗിക ജീവിതമായതിനാൽ, അതിരാവിലെ എഴുന്നേൽക്കുന്ന ശീലമാണ് ട്രംപിന്റേത്. അതുകൊണ്ടുതന്നെ വേറിട്ട് താമസിക്കുന്നതിൽ വേറെ അർഥമൊന്നുമില്ലെന്ന് പറയുന്നവരുമുണ്ട്. മന്ത്രിസഭായോഗങ്ങളും ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചകളും മറ്റുമായി ട്രംപ് എപ്പോഴും തിരക്കിലായിരിക്കും. അതുകൊണ്ടുതന്നെ അത്തരം തിരക്കുകളിൽപ്പെടാതെ സ്വന്തമായ ജീവിതം മെലാനിയ നയിക്കുകയാണെന്നും സുഹൃത്തുക്കൾ പറയുന്നു.

എന്നാൽ, പൊതുചടങ്ങുകളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നതും വിമാനത്തിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നതുമല്ലാതെ, ട്രംപും മെലാനിയയും കൂടുതൽ സമയവും വേറിട്ടാണ് താമസമെന്ന സുഹൃത്തുക്കളുടെ വാദം തള്ളിക്കളയാനാവില്ല. കഴിഞ്ഞമാസം മെലാനിയയുടെ പിറന്നാളിനും ഇരുവരും ഒരുമിച്ചുണ്ടായിരുന്നില്ല. ഞാൻ നല്ലൊരു കാർഡ് വാങ്ങി നൽകിയെന്നാണ് ട്രംപ് ഇതേക്കുറിച്ച് പറഞ്ഞത്. താൻ വളരെ തിരക്കിലാണെന്നും സമ്മാനം തേടി നടക്കാനായില്ലെന്നും ഫോക്‌സ് ന്യൂസിനോട് സംസാരിക്കവെ ട്രംപ് അഭിപ്രായപ്പെട്ടു.

നീലച്ചിത്ര നടി സ്റ്റോമി ഡാനിയേൽസുമായുള്ള ട്രംപിന്റെ ബന്ധത്തെക്കുറിച്ചുള്ള വാർത്ത വന്നതോടെ മെലാനിയ കൂടുതൽ അതതകന്നുവെന്നും സൂചനയുണ്ട്. ട്രംപുമായുള്ള ബന്ധം പുറത്തുപറയാതിരിക്കുന്നതിന് സ്റ്റോമിക്ക് 130,000 ഡോളർ നൽകിയെന്ന് അഭിഭാഷകനായ റൂഡി ജ്യൂലിയാനി വെളിപ്പെടുത്തിയിരുന്നു. മെലാനിയ ബാരണിനെ ഗർഭം ധരിച്ചിരിക്കെ, താനും ട്രംപും ശാരീരിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്നായിരുന്നു സ്റ്റോമിയുടെ വെളിപ്പെടുത്തൽ.