പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ കൂടുതൽ കുരുക്കിലാക്കിക്കൊണ്ട് സാമ്പത്തിക തട്ടിപ്പ് അന്വേഷണവും. പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യയിലേക്ക് 32,000 കോടി രൂപയോളം കടത്തിയെന്ന ആരോപണമാണ് ഷെരീഫും സഹായികളും നേര്ിടുന്നത്. ഇതുസംബന്ധിച്ച് നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (നാബ്) അന്വേഷണം തുടങ്ങി. ഷരീഫ് ഇന്ത്യയിലേക്ക് വൻതോതിൽ പണം കടത്തിയെന്ന വാർത്ത ഏതാനും ചാനലുകളാണ് പുറത്തുവിട്ടത്. ഈ വാർത്തയെക്കുറിച്ച് അന്വേഷിക്കുമെന്ന് നാബ് ചെയർമാൻ ജസ്റ്റിസ് ജാവേദ് ഇക്‌ബാൽ പറഞ്ഞു.

ലോകബാങ്കിന്റെ 2016-ലെ മൈഗ്രേഷൻ ആൻഡ് റെമിറ്റൻസ് ബുക്കിൽ ഇതേക്കുറിച്ച് പരാമർശമുണ്ടെന്നും ചാനലുകൾ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഈ റിപ്പോർട്ടിന്റെ വിശദാംശങ്ങളിലേക്ക് കടക്കാൻ നാബ് തയ്യാറായിട്ടില്ല. അന്വേഷിക്കുമെന്ന പ്രസ്താവന മാത്രമാണ് തൽക്കാലം നാബ് നൽകിയിട്ടുള്ളതെന്ന് പാക്കിസ്ഥാനിൽനിന്നുള്ള റിപ്പോർട്ടുകളിൽ പറയുന്നു.

ഇന്ത്യൻ ധനകാര്യ മന്ത്രാലയം മുഖേനയാണ് പണം കടത്തിയതെന്നും റിപ്പോർട്ടിലുണ്ട്. ഇന്ത്യയുടെ വിദേശ നിക്ഷേപത്തിൽ ഇത് പ്രതിഫലിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. പാനമ പേപ്പർ കേസിൽ ആരോപണം നേരിടുന്ന നവാസ് ഷെരീഫിന് ഈ ആരോപണവും വലിയ തിരിച്ചടിയായി മാറും. അടുത്തിടെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് ഷെരീഫിനെ ആജീവനാന്തകാലത്തേക്ക് സുപ്രീം കോടതി വിലക്കുകയും ചെയ്തിരുന്നു.

ലാഹോറിലെ ജാട്ടി ഉംറ മേഖലയിലുള്ള തന്റെ എസ്‌റ്റേറ്റിലേക്കുള്ള റോഡ് വികസിപ്പിച്ചതുസംബന്ധിച്ച് ഷെരീഫിനെതിരെ നാബ് ഇപ്പോൾ അന്വേഷണം നടത്തുന്നുണ്ട്. ഇപ്പോഴത്തെ റിപ്പോർട്ടുകൂടി അന്വേഷണ പരിധിയിൽ വന്നാൽ, നാബിന്റെ പരിഗണനയിലുള്ള ഷെരീഫിനെതിരായ കേസുകളുടെ എണ്ണം അഞ്ചാകും. ഷെരീഫിന്റെ കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണം പൂർത്തിയാക്കുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്ന് നാബ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ടാം തവണയാണ് ഷെരീഫിനെതിരായ അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ടുകൊണ്ട് നാബ് സുപ്രീം കോടതിയെ സമീപിക്കുന്നത്. മാർച്ചിലും ഇതേ ആവശ്യം നാബ് ഉന്നയിച്ചിരുന്നു. തുടർന്ന് രണ്ടുമാസത്തെ സമയം നീട്ടിനൽകി. ഇപ്പോൾ കേസുകൾ പരിഗണിക്കുന്ന നാബ് ജഡ്ജി മുഹമ്മദ് ബഷീറാണ് കൂടുതൽ സമയം ആവശ്യപ്പെട്ടത്. രണ്ടുമാസംകൂടി സമയം ലഭിച്ചാലും അന്വേഷണം എവിടെയുമെത്തില്ലെന്നാണ് സൂചന.

പാനമ പേപ്പർ കേസിൽ അൽ അസീസിയ സ്റ്റീൽ മിൽസുമായും ഫ്‌ളാഗ്ഷിപ്പ് ഇൻവെസ്റ്റ്‌മെന്റുസുമായും ബന്ധപ്പെട്ടുള്ള അന്വേഷണം തുടങ്ങിയിട്ടുപോലുമില്ല. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ ആരോപണവും ഉയർന്നുവന്നിട്ടുള്ളത്. ഷെരീഫിനും കുടുംബത്തിനുമെതിരായ അന്വേഷണം പൂർത്തിയാക്കാൻ ഇനിയുമേറെ സമയം നാബിന് വേണ്ടിവരുമെന്നാണ് സൂചന.