ന്യൂഡൽഹി: വേനൽക്കാല അവധിക്കായി സുപ്രീംകോടതി മെയ് 19 ന് പിരിയുകയാണ്. അതിന് തൊട്ടുതലേന്നാണ് ജസ്റ്റിസ് ചെലമേശ്വരിന് യാത്ര അയപ്പ് നൽകാൻ ബാർ അസോസിയേഷൻ തീരുമാനിച്ചത്. ജൂൺ 22 നാണ് ചെലമേശ്വർ വിരമിക്കുന്നത്. അതിന് ശേഷമാണ് കോടതി വീണ്ടും ചേരുക. ഏതായാലും ബാർ അസോസിയേഷന്റെ യാത്ര അയപ്പ് ചടങ്ങിൽ പങ്കെടുക്കാൻ ജസ്റ്റിസ് ചെലമേശ്വർ നിരസിച്ചിരിക്കുകയാണ്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പരസ്യമായി വിമർശനം ഉന്നയിച്ചതോടെയാണ് മറ്റുമൂന്ന് ജഡ്ജിമാർക്കൊപ്പം ചെലമേശ്വർ വിവാദപുരുഷനായത്. രാജ്യത്തെ ജനാധിപത്യത്തിന് ഉതകുന്ന രീതിയിലല്ല കോടതിയുടെ പ്രവർത്തനമെന്ന് അന്ന് ജഡ്ജിമാർ വിമർശിച്ചിരുന്നു.

കഴിഞ്ഞാഴ്ച യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചപ്പോൾ, ജസ്റ്റിസ് ചെലമേശ്വർ അതിന് വിസമ്മതിച്ചെന്ന് ബാർ അസോസിയോഷൻ പ്രസിഡന്റ് വികാസ് സിങ് പറഞ്ഞു.ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ നിന്ന് മറ്റൊരു കോടതിയിലേക്ക് മാറിയപ്പോഴും താൻ യാത്രയയപ്പിൽ പങ്കെടുത്തില്ലെന്ന് ജസ്റ്റിസ് അസോസിയേഷൻ അംഗങ്ങളെ അറിയിക്കുകയും ചെയ്തു.കോടതി അവധി സമയത്ത് ഏതെങ്കിലും ജഡ്ജി വിരമിക്കുകയാണെങ്കിൽ അവധി തുടങ്ങുന്നതിന് തൊട്ടുതലേന്ന് യാത്രയയപ്പ് നടത്തുകയാണ് പതിവ്.

ബുധനാഴ്ച ജസ്റ്റിസ് ചെലമേശ്വർ കോടതിയിലും എത്തിയില്ല. ബുധനാഴ്ച ജഡ്ജിമാരുടെ ഘർ കാ ഖാന ദിവസമാണ്.ജഡ്ജിമാർ ഊഴം വച്ച് മാതൃസംസ്ഥാനത്ത് നിന്നുള്ള ഭക്ഷണം പങ്കുവയ്ക്കുന്നതാണ് പതിവ്. എന്നാൽ, തുടർച്ചയായി മൂന്നാം ബുധനാഴ്ചയാണ് ജസ്റ്റിസ് ചെലമേശ്വർ കോടതിയിൽ എത്താതിരിക്കുന്നത്.