ലേബർ പാർട്ടിയെ പരിധി വിട്ട് കമ്മ്യൂണിസ്റ്റ് പാളയത്തിലേക്ക് കൊണ്ട് പോയത് ജെറമി കോർബിന് കഴിഞ്ഞ ലോക്കൽ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയേകിയെന്ന് ഏറ്റവും പുതിയ യുഗോവ് പോൾ വെളിപ്പെടുത്തുന്നു. കോർബിന്റെ ഇത്തരത്തിലുള്ള കമ്മ്യൂണിസ്റ്റ് വൽക്കരണം ഇടത്തരക്കാരെ ലേബറിൽ നിന്നകറ്റുകയും ടോറി പാളയത്തിലേക്ക് അടുപ്പിക്കുകയും ചെയ്തിരിക്കുന്നുവെന്നാണ് പോൾ ഫലം വ്യക്തമാക്കുന്നത്.തൽഫലമായി ലോക്കൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ ലേബറിന്റെ 40 ശതമാനത്തിനെതിരെ 43 ശതമാനം പിന്തുണയുമായി ടോറികൾ വീണ്ടും മുമ്പിലേക്കെത്തിയെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

ഏറ്റവും പുതിയ കണക്കനുസരിച്ച് നിരവധി ബ്ലൂകോളർ വർക്കർമാർ് ലേബർ പാളയത്തിൽ നിന്നും ടോറി ക്യാമ്പിലേക്ക് ഒഴുകിയിരിക്കുന്നുവെന്ന് ഇന്നലെയാണ് വെളിപ്പെട്ടിരിക്കുന്നത്. ജനുവരിയിൽ ലേബറിന് 46 ശതമാനവും ടോറികൾക്ക് 35 ശതമാനവും ജനപിന്തുണയുണ്ടായതിൽ നിന്നാണ് ലോക്കൽ തെരഞ്ഞെടുപ്പിൽ മലക്കം മറിച്ചിൽ സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചത്തെ ലോക്കൽ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വന്നപ്പോൾ ടോറികൾക്ക് വലിയ നഷ്ടമുണ്ടായിരുന്നില്ല. എന്നാൽ അതേ സമയം ലേബറിന് കാര്യമായ പുരോഗതിയുണ്ടാക്കാൻ സാധിച്ചതുമില്ല.

പോൾ ഫലം അനുസരിച്ച് 50 മിക്ക മാർജിനൽ കോൺസ്റ്റുറ്റിയൂവൻസികളിലും ലേബറിനുള്ള പിന്തുണ പാതിയായി കുറഞ്ഞിരിക്കുയാണ്.യുഗോവ് പോൾ അനുസരിച്ച് ടോറികൾക്ക് 43 ശതമാനം വോട്ടർമാരുടെ പിന്തുണ ലഭിച്ചപ്പോൾ ലേബറിന് വെറും 38 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചിരിക്കുന്നത്. തെരേസ തന്റെ നില സ്ഥിരമാക്കുന്നതിന്റെയും കഴിഞ്ഞ വർഷത്തെ പൊതുതെരഞ്ഞെടുപ്പിൽ വിചാരിച്ച ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്നുണ്ടായ ചീത്തപ്പേരിൽ നിന്നും തെരേസ മോചനം നേടുന്നതിന്റെയും സൂചനയായിട്ടാണ് ലോക്കൽ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്.

സാലിസ്‌ബറിയിൽ മുൻ റഷ്യൻ ചാരനെയും മകളെയും റഷ്യ വിഷം നൽകിയ കേസിൽ തെരേസ റഷ്യയോട് സ്വീകരിച്ച കടുത്ത നിലപാട്, സിറിയയിയിൽ അമേരിക്കക്കൊപ്പം ചേർന്ന് നടത്തിയ ബോംബാക്രമണം തുടങ്ങിയവയടക്കമുള്ള തെരേസയുടെ സമീപകാലത്തെ വിദേശകാര്യ നയങ്ങൾ അവരുടെ ജനപിന്തുണ വർധിപ്പിച്ചതും ലോക്കൽ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഗുണമായിട്ടുണ്ട്. അതേ സമയം സാലിസ്‌ബറി സംഭവത്തിൽ റഷ്യയെ പിന്തുണച്ചതും സെമിറ്റിക്ക് വിരുദ്ധ നിലപാടുകളും കോർബിന് തിരിച്ചടിയാവുകയും ചെയ്തിരുന്നു.