സ്ലാമിക് സ്റ്റേറ്റ് തലവൻ അഥവാ ഖലീഫയുടെ പ്രതിനിധി ഉൾപ്പെടെ അഞ്ച് നിർണായക ഐസിസ് നേതാക്കന്മാരെ കൂടി പിടികൂടിയതോടെ ഐസിസിന്റെ ശവപ്പെട്ടിയിലെ അവസാന ആണി കൂടി അടിച്ചുവെന്ന് അവകാശപ്പെട്ട് ട്വീറ്റ് ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇതോടെ ഐസിസിന്റെ പ്രധാനപ്പെട്ട ആസൂത്രകരെല്ലാം പിടിയിലായെന്നാണ് ട്രംപ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ അറസ്റ്റോടെ ഐസിസ് അക്ഷരാർത്ഥത്തിൽ നാമാവശേഷമായിത്തീർന്നിരിക്കുന്നുവെന്നാണ് അമേരിക്ക അവകാശപ്പെട്ടിരിക്കുന്നത്. ഇന്നലെയാണ് ഇത് സംബന്ധിച്ച നിർണായക ട്വീറ്റുമായി ട്രംപ് രംഗപ്രവേശം ചെയ്തത്.

തന്ത്രപരമായ നീക്കത്തിലൂടെ ഐസിസിന്റെ ' മോസ്റ്റ് വാണ്ടഡ്' തലവന്മാരെയാണ് തങ്ങൾ കുരുക്കിയിരിക്കുന്നതെന്നും ട്രംപ് വിശദീകരിക്കുന്നു. വ്യാജ ടെലിഗ്രാം മെസേജുകളിലൂടെ ഇവരെ സിറിയയിൽ നിന്നും ഇറാഖിലേക്ക് ആകർഷിച്ച് വരുത്തിയാണ് അധികൃതർ വലയിലാക്കിയിരിക്കുന്നത്. ഐസിസ് ലെഫ്റ്റന്റായ ഇസ്മായിൽ അൽ-എയ്ത്താവിയുടെ സെൽഫോൺ ഇറാഖി ഒഫീഷ്യലുകൾ നേരത്തെ തന്നെ പിടിച്ചെടുത്തിരുന്നു. തുടർന്ന് ഇയാളുടെ ഫോണിൽ നിന്നും ഇയാളാണെന്ന വ്യാജേന ടെലഗ്രാം മെസേജുകൾ അയച്ച് മറ്റ് നാല് പേരെ വഴിതെറ്റിച്ച് ഇറാഖിലെത്തിച്ച് തന്ത്രപരമായി കുരുക്കിലാക്കുകയായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

ടെലഗ്രാം എന്ന എൻക്രൈപ്റ്റഡ് ആപ്പിനെയാണ് 2015 മുതൽ ഐസിസ് ഔദ്യോഗികമായി ആശയവിനിമയയത്തിന് ഉപയോഗിച്ച് വരുന്നത്. ഐസിസ് ഭീകരർ സ്വകാര്യ ആശയവിനിമയം നടത്തുന്നതും പ്രൊപ്പഗാണ്ട പ്രചരിപ്പിക്കുന്നതും ഈ ആപ്പിലൂടെയായിരുന്നു. അത് മനസിലാക്കിയ അധികൃതർ തന്ത്രപൂർവം പ്രവർത്തിച്ചാണ് കഴിഞ്ഞ ദിവസം നാല് പേരെ വലയിലാക്കിയിരിക്കുന്നത്. ഫെബ്രുവരിയിലായിരുന്നു അൽ-എയ്ത്താവി എന്ന പേരിലറിയപ്പെട്ടിരുന്ന അബു സയിദ് അൽ-ഇറാഖി തുർക്കിഷ് ഇന്റലിജൻസിന്റെ പിടിയിലായിരുന്നത്. തുടർന്ന് അയാളെ ഇറാഖി സേനക്ക് കൈമാറുകയായിരുന്നു.

ഐസിസ് തലവനായ ബാഗ്ദാദിയുടെ സഹായിയായി നേരിട്ട് പ്രവർത്തിച്ചിരുന്ന ആളാണ് എയ്ത്താവി. വിവിധ രാജ്യങ്ങളിലെ ഐസിസിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഫണ്ട്ട്രാൻസ്ഫർ ചെയ്യുകയടക്കമുള്ള നിർണായക കാര്യങ്ങൾ നിർവഹിച്ചിരുന്നത് എയ്ത്താവിയായിരുന്നു. ഐസിസിന്റെ മറ്റൊരു പ്രധാന നേതാവായ സദാം അൽ-ജമാൽ ആണ് പിടിയിലായ മറ്റൊരു ഭീകരൻ. 2014ൽ ഡെയിർ ഇസോർ പ്രവിശ്യയിൽ 700 ഗോത്രവർഗക്കാരെ വധിച്ചതിൽ മുഖ്യ പങ്ക് വഹിച്ച ഭീകരനാണിയാൾ. മുഹമ്മദ് അൽ-ഖ്വാദീർ എന്ന സിറിയക്കാരനും ഇറാഖികളായ ഒമർ അൽ-കർബൗളി, ഈസാം അൽ-സാബായ് , ഹഷിമി എന്നിവരാണ് പിടിയിലായ മറ്റ് മൂന്ന് പേർ. ഈ അഞ്ചു പേരുടെയും ചിത്രങ്ങൾ ഇറാഖി ഇന്റലിജൻസ് നാഷണൽ ടെലിവിഷനിലൂടെ ബുധനാഴ്ച പുറത്ത് വിട്ടിരുന്നു.