ലണ്ടൻ:ഹാരി രാജകുമാരനും മേഘൻ മെർക്കലുമായി മെയ് 19-ന് നടക്കുന്ന രാജകീയ വിഹാഹത്തിന് ബ്രിട്ടീഷ ്പ്രധാനമന്ത്രി തെരേസ മെയ്‌ അടക്കം പല സെലിബ്രിറ്റുകൾക്കും ക്ഷണമില്ല. എന്നാൽ, വിവാഹത്തിന് തന്നെ ക്ഷണിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ഹാരിക്ക് കത്തെഴുതിയിരിക്കുകയാണ് തോമസ് മെർക്കൽ ജൂനിയർ. മേഘന്റെ അർധസഹോദരനായ തോമസ്, തന്നെയും കൂടി അതിഥികളുടെ പട്ടികയിൽപെടുത്തണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് മേഘന് കത്തെഴുയിതിയിരുക്കുന്നത്.

മേഘന്റെയും തോമസ് ജൂനിയറിന്റെയും അച്ഛൻ ഒരാളാണ്. തോമസ് മെർക്ക്ൽ. മേഘന് തോമസിനെക്കൂടാതെ ഒരു അർധസഹോദരി കൂടിയുണ്ട്. സാമന്ത. ഇരുവരെയും മേഘൻ തന്റെ വിവാഹത്തിന് ക്ഷണിച്ചിട്ടില്ല. സാമന്ത അക്കാര്യത്തിൽ പരാതി നേരിട്ട് പ്രകടിപ്പിച്ചിട്ടില്ലെങ്കിലും തോമസ് ജൂനിയർ പരാതിയുമായി രംഗത്തെത്തിക്കഴിഞ്ഞു. തന്നെയും കുടുംബത്തിലെ മറ്റുള്ളവരെയും രാജകീയ വിവാഹത്തിന് ക്ഷണിക്കണമെന്നതാണ് തോമസ് ജൂനിയറിന്റെ ആവശ്യം.

'ഞാനോ കുടുംബത്തിലെ മറ്റുള്ളവരോ അത്ര ശരിയല്ലെന്ന് എനിക്കറിയാം. നല്ലവരായാലും ചീത്തയായാലും നിന്റെ കുടുംബാംഗങ്ങളാണ് ഞങ്ങൾ. എന്നെയും കുടുംബത്തിലെ മറ്റുള്ളവരെയും വിവാഹത്തിന് ക്ഷണിക്കാത്തത് വല്ലാതെ വേദനിപ്പിക്കുന്നു. വിവാഹം ഇത്രയടുത്തെത്തിയിരിക്കെ,, ഇനിയൊരു ക്ഷണനത്തിന് സമയമുണ്ടോ എന്നും സ്ംശയമുണ്ട്' മെയ്‌ മൂന്നിന് മേഘനയച്ച കത്തിൽ തോമസ് ജൂനിയർ പറയുന്നു.

തോമസ് ജൂനിയറെ വിവാഹത്തിന് ക്ഷണിക്കാതിരിക്കാൻ മേഘന് വ്യക്തമായ കാരണമുണ്ട്. നിങ്ങളുടെ ജീവിതത്തിലെ ശരിയായ പങ്കാളി മേഘനല്ലെന്ന് കാണിച്ച് ഹാരിക്ക് മുമ്പ് കത്തെഴുതിയയാളാണ് തോമസ് ജൂനിയർ. ഇപ്പോൾ വിവാഹം ഉറപ്പിച്ചതോടെയാണ് പഴയ ബന്ധവും പൊടിതട്ടിയെടുത്ത് അദ്ദേഹത്തിന്റെ വരവ്. ഹാരിക്ക് മുമ്പ് അങ്ങനെ കത്തെഴുതിയതിൽ ഇപ്പോൾ മേഘനോട് മാപ്പുചോദിക്കാനും തോമസ് ജൂനിയർ തയ്യാറായിട്ടുണ്ട്. കുടുംബത്തിന്റെ സ്‌നേഹവും പിന്തുണയുമറിയിക്കാൻ വിവാഹത്തിൽ പങ്കെടുക്കാൻ അനുവദികക്കണമെന്നാണ് തോമസ് ജൂനിയറിന്റെ ആവശ്യം.

വിവാഹത്തിന് മേഘന്റെ പിതാവ് തോമസ് മെർക്ക്ൽ എത്തുമെന്നുറപ്പായതോടെയാണ് അർധസഹോദരൻ കത്തെഴുതി കൂടെക്കൂടാൻ ശ്രമിക്കുന്നത്. അമേരിക്കയിലെ സാൻ അന്റോണിയോ ഡെൽ മാറിലെ മെക്‌സിക്കൻ കുടിയേറ്റക്കാരാണ് മേഘന്റെ കുടുംബം. ഹോളിവുഡ് സിനിമാ മേഖലയിൽ ലൈറ്റിങ് ഡയറക്ടറായി പ്രവർത്തിച്ചിരുന്നയാളാണ് തോമസ് മെർക്ക്ൽ. ഒരുകാലത്ത് മർലിൻ മൺറോയെപ്പോലുള്ള സൂപ്പർത്താരങ്ങൾക്കൊപ്പം പ്രവർത്തിച്ചിരുന്നയാളാണെങ്കിലും ഇപ്പോൾ, സാൻ അന്റോണിയോ ഡെൽ മാറിലെ ഒന്നരലക്ഷം ഡോളർ വിലവരുന്ന സാധാരണ വീട്ടിലാണ് തോമസിന്റെ താമസം.

മകൾ ബ്രിട്ടനിലെ ഏറ്റവും പുതിയ രാജകുടുംബാംഗമാകാൻ പോകുന്നതിന്റെ അമിതാഹ്ലാദമൊന്നും തോമസിനില്ല. മേഘന്റെ വിവാഹം തന്റെ ജീവിതത്തിൽ കാര്യമായ മാറ്റമൊന്നും വരുത്താൻ പോകുന്നില്ലെന്നും അദ്ദേഹത്തിനറിയാം. എങ്കിലും മെയ്‌ 19-ന് വിൻഡ്‌സർ കാസിലിലെ സെന്റ് ജോർജ് ചാപ്പലിൽ മകളുടെ കൈപിടിക്കാൻ തോമസെത്തും. തന്റെ പിതാവിനെ ഇതുവരെ ഹാരിക്ക് മേഘൻ പരിചയപ്പെടുത്തിക്കൊടുത്തിട്ടില്ല. മരുമകനുമായുള്ള തോമസിന്റെ ആദ്യകൂടിക്കാഴ്ചയ്ക്കുകൂടിയാകും വിവാഹവേദി അരങ്ങൊരുക്കുക.