ലണ്ടൻ: ജനിച്ചത് ബ്രിട്ടനിലാണെങ്കിലും ഇരുപതുവർഷമായി പൗരത്വമില്ലാതെ അലയുകയായിരുന്നു ജേയ്. പൗരത്വമില്ലാത്തതിനാൽ പാ്‌സ്‌പോർട്ട് ലഭിക്കില്ല. ഫലത്തിൽ, ബ്രിട്ടനിൽനിന്ന് പുറത്തുപോകാനും കഴിയില്ല. വിൻഡ്‌റഷ് കാലത്ത് കരീബിയൻ ദ്വീപുകളിൽനിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയ കുടുബത്തിൽ പിറന്നുവെന്നതാണ് ജേയ് ചെയ്ത കുറ്റം. സംഭവം വിവാദമായതോടെ, ജേയ്ക്ക് പൗരത്വം നൽകാൻ ഹോം ാേപീസ് തയ്യാറായി. ഇതോടെ, ആ യുവാവിന്റെ ജീവിതത്തിലെ അനിശ്ചിതത്വവും അകന്നു.

ജമൈക്കയിൽനിന്ന് കുട്ടിക്കാലത്ത് ബ്രിട്ടനിലെത്തിയതാണ് ജേയുടെ അമ്മ. വിൻഡ്‌റഷ് കാലത്ത് ബ്രിട്ടനിലെത്തിയ ഇവരുടെ മകനായി പിറന്നുവെന്നതാണ് ജേയുടെ പൗരത്വത്തെ ഇത്രത്തോളം അനിശ്ചിതത്വത്തിൽ നിർത്തിയത്. 2016-ൽ ഹോം ഓഫീസ് അധികൃതർ ജേയെ രരാജ്യമില്ലാത്തവനായി മുദ്രകുത്തി നാടുകടത്താൻ പോലും തയ്യാറായി. തുടർച്ചയായ കത്തിടപാടുകളിലൂടെയും നിവേദനങ്ങളുടെയും ഫലമായാണ് ഒടുവിൽ ജേയ്ക്ക് പൗരത്വം ലഭിക്കുന്നത്.

കുട്ടിക്കാലം മുതൽക്കെ പൗരത്വപ്രശ്‌നം ജേയെ വലച്ചിരുന്നു. സ്‌കൂളിൽനിന്ന് ട്രിപ്പുകൾ പോകുമ്പോഴും മറ്റും പാസ്‌പോർട്ട് ഇല്ലാത്തതിന്റെ പേരിൽ വിലക്കുകൾ നേരിട്ടിരുന്നു. വളർന്ന് അറിയപ്പെടുന്ന ഒരു സംഗീതജ്ഞനായി മാറിയപ്പോഴും വിദേശത്ത് ലഭിച്ച ധാരാളം അവസരങ്ങൾ പാസ്‌പോർട്ട് ഇല്ലാത്തതിന്റെ പേരിൽ ജേയ്ക്ക് ഉപേക്ഷിക്കേണ്ടിവന്നു.

ജേയുടെ ദുര്യോഗത്തെക്കുറിച്ച് മാധ്യമങ്ങളിൽ തുടർച്ചായയി വാർത്ത വന്നുകൊണ്ടിരുന്നു. ഇത് ശ്രദ്ധയിൽ്‌പ്പെട്ട ലേബർ എംപി ഡേവിഡ് ലാമി പ്രശ്‌നം ഹോം ഓഫീസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും പാസ്‌പോർട്ട് നേടിക്കൊടുക്കുകയുമായിരുന്നു. എന്തുകൊണ്ടാണ് ഇത്രയും കാലം പാസ്‌പോർട്ട് നിഷേധിച്ചതെന്നതിന് ഹോം ഓഫീസിന് വ്യക്തമായ മറുപടിയും ഉണ്ടായിരുന്നില്ല. തനിക്ക് പൗരത്വം നേടിത്തന്ന ഡേവിഡ് ലാമിയോട് പറഞ്ഞാൽ തീരാത്തത്ര കടപ്പാടുണ്ടെന്ന് ജേയ് പറഞ്ഞു.

ബർമിങ്ങാമിലാണ് ജേ ജനിച്ചത്. ഇപ്പോൾ താമസം ഈസ്റ്റ് ലണ്ടനിലും. പൗരത്വം ലഭിക്കാതിരുന്ന കാലത്ത് താൻ സമൂഹത്തിൽനുന്ന് പുറംതള്ളപ്പെട്ടവനാണെന്ന തോന്നലിലാണ് ജീവിച്ചതെന്ന് ജേ പറയുന്നു. കരിയറിലെ പല സുവർണാവസരങ്ങളും ഇതിനിടെ നഷ്ടമായി. ജീവിതത്തിൽ ഒറ്റപ്പെട്ടുപോകുന്നതുപോലെ തോന്നിയിരുന്നതായും ഈ യുവാവ് പറയുന്നു.

വിൻഡ്‌റഷ് കുടിയേറ്റക്കാരുടെ മക്കളായി ബ്രിട്ടനിലെത്തിയ പലർക്കും പൗരത്വം ലഭിച്ചെങ്കിലും അവരുടെ അടുത്ത തലമുറയെ അംഗീകരിക്കാൻ ഹോം ഓഫീസ് മടികാണിക്കുന്നതായി പരാതികൾ ഉയർന്നിരുന്നു. അക്കൂട്ടത്തിൽപ്പെട്ടതാണ് ജേയും.