പാരീസ്: പാരീസിനെ ഭീതിയിലാഴ്‌ത്തിക്കൊണ്ട് വീണ്ടും ഐസിസ് ഭീകരന്റെ വിളയാട്ടം. അള്ളാഹു അക്‌ബർ എന്ന് വിളിച്ച് തെരുവിലൂടെ ഓടി കണ്ണിൽ കണ്ടവരെയെല്ലാം കുത്തിയാണ് ഏതാണ്ട് 20 വയസുള്ള യുവാവ് ഭീകരത വിതച്ചത്.ഇയാളുടെ കുത്തേറ്റ് ഒരാൾ മരിക്കുകയും നാല് പേർക്ക് ഗുരുതരമായ പരുക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. തുടർന്ന് പൊലീസ് കുതിച്ചെത്തി ഇയാളെ വെടിവച്ച് കൊല്ലുകയും ചെയ്തു. ഇതോടെ ഒരിടവേളയ്ക്ക് ശേഷം ഫ്രാൻസ് ഒരിക്കലും അവസാനിക്കാക്ത ഭീകരാക്രമണഭീതിയിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുകയാണ്.

പാരീസിലെ ഒപേര ഡിസ്ട്രിക്ടിലെ ചരിത്രപ്രസിദ്ധമായ ഒപേര ഗാർണിയർ ഒപേര ഹൗസിനടുത്താണ് ഇന്നലെ രാത്രി ഒമ്പത് മണിക്ക് സംഭവം അരങ്ങേറിയിരിക്കുന്നത്. തങ്ങളുടെ ഒരു പോരാളിയെ സായുധ ഫ്രഞ്ച് പൊലീസ് വേട്ടയാടി കൊന്നിരിക്കുന്നുവെന്നാണ് ഐസിസ് ഈ സംഭവത്തോട് പ്രതികരിച്ചിരിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വവും ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. 2015ന്റെ തുടക്കം മുതൽ ഫ്രാൻസിന്റെ വിവിധ ഭാഗങ്ങളിൽ ഐസിസുകാരും അൽഖ്വയ്ദയും കടുത്ത ജിഹാദിആക്രമണങ്ങൾ നടത്തുകയും 250ഓളം പേരെ കൊല്ലുകയും ചെയ്തതിന് ശേഷമാണ് ഇന്നലത്തെ ആക്രമണം നടന്നിരിക്കുന്നത്.

റസ്റ്റോറന്റുകളും ബാറുകളും നിറഞ്ഞ ഒരു പ്രദേശത്താണ് ഭീകരൻ ആക്രമണം അഴിച്ച് വിട്ടിരിക്കുന്നതെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്.താൻ കൊല്ലുന്നതിന് മുമ്പ് തന്നെ കൊല്ലാൻ ഭീകരൻ വിളിച്ച് പറയുന്നുണ്ടായിരുന്നുവെന്നും പൊലീസ് ഉറവിടം വെളിപ്പെടുത്തുന്നു. കൂടാതെ അയാൾ ഇടക്കിടെ അള്ളാഹു അക്‌ബർ എന്നും വിളിച്ച് പറയുന്നുണ്ടായിരുന്നു. പൊലീസ് എത്തുന്നതിന് മുമ്പ് അയാൾ കത്തി കൊണ്ട് സ്വയം തൊണ്ടയ്ക്ക് അടിക്കുന്നുണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. സെക്കൻഡ് ഡാരോൻഡിസെമെന്റിലെ റ്യൂ മോൻസിഗ്‌നെയിലാണ് ഇയാൾ ആക്രമണം തുടങ്ങിയിരുന്നത്.

തൽഫലമായി ഇവിടെ നിന്നും ജനം പരിഭ്രാന്തിയിൽ ഓടുകയും ചെയ്തിരുന്നു. പുറത്ത് ഇയാൾ കത്തിയുമായി കൊലവിളിച്ച് ഓടുമ്പോൾ നിരവധി പേരാണ് ഇവിടുത്തെ ഒരു ജപ്പാനീസ് റസ്റ്റോറന്റിൽ കുടുങ്ങിപ്പോയിരുന്നത്. കത്തിയുമായി ഭീകരൻ തങ്ങൾക്കിടയിലേക്ക് എത്തുമെന്ന് ഇവിടെയുള്ള പലരും ഭയപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടുണ്ട്. സംഭവത്തെക്കുറിച്ച് പാരീസിലെ ആന്റി ടെററിസ്റ്റ് ജഡ്ജുകൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമി തുടർച്ചയായി അല്ലാഹു അക്‌ബർഎന്ന് വിളിച്ച് പറഞ്ഞിരുന്നുവെന്ന് പാരീസിലെ പ്രോസിക്യൂട്ടറായ ഫ്രാൻസിസ് മോളിൻസ് സ്ഥിരീകരിച്ചിരുന്നു.

തീവ്രവാദിയെ വെടിവച്ചിട്ട പൊലീസിന്റെ സമയോചിതമായ നടപടിയെ പ്രശംസിച്ച് പ്രസിഡന്റ് ഇമാനുവേൽ മാക്രോൺ രംഗത്തെത്തിയിരുന്നു. ഫ്രാൻസ് ഒരിക്കൽ കൂടി രക്തച്ചൊരിച്ചിലിന് വില നൽകേണ്ടി വന്നിരിക്കുന്നുവെന്നും എന്നാൽ ശത്രുക്കൾക്ക് ഒരിഞ്ച് സ്വാതന്ത്ര്യം പോലും ഈ മണ്ണിൽ നൽകില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നു. 2015 ജനുവരിയിൽ പാരീസിലെ ചാർളി ഹെബ്ഡോ മാഗിസിന്റെ ഓഫീസിൽ രണ്ട് ഭീകരർ നടത്തിയ വെടിവയ്പിൽ 12 പേരായിരുന്നു കൊല്ലപ്പെട്ടടത്.

തുടർന്ന് അതേ വർഷം ഫെബ്രുവരി മൂന്ന്, ഏപ്രിൽ 19, ജൂൺ 26, ഓഗസ്റ്റ് 21, നവംബർ 13, 2016 ജൂലൈ 14, ജൂലൈ 26, 2017 ഏപ്രിൽ 20, ഒക്ടോബർ 1, 2018 മാർച്ച് 23, എന്നീ ദിവസങ്ങളിലും ഫ്രാൻസിൽ ഭീകരാക്രമണം അരങ്ങേറി. ഇവയിലെല്ലാം കൂടി കൃത്യമായി പറഞ്ഞാൽ 245 പേരാണ് കൊല്ലപ്പെട്ടത്. നൂറ് കണക്കിന് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.