ലണ്ടൻ: ഹാരി രാജകുമാരനും മേഗൻ മാർകിളും തമ്മിലുള്ള വിവാഹം മെയ്‌ 19ന് നടക്കാനിരിക്കുകയാണല്ലോ. കല്യാണം കഴിഞ്ഞാൽ മേഗൻ അറിയപ്പെടുക ഡ്യൂചസ് ഓഫ് സസെക്സ് എന്നാകുമോ...? എന്ന പ്രതീക്ഷ അതിനിടെ ശക്തമാകുന്നുണ്ട്. പ്രിൻസ് ഹാരിക്ക് ഡ്യൂക്ക് ഓഫ് സസെക്സ് പദവിയും നൽകിയേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജകുടുംബങ്ങൾക്ക് പദവികൾ ലഭിക്കുന്നത് വിവാഹ ദിവസം രാവിലെയാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

അമേരിക്കൻ നടിയായ മേഗൻ ഹാരിയുടെ വധുവാകുന്നതോടെ ഹെർ റോയൽ ഹൈനസ് അഥവാ എച്ച്ആർഎച്ച് ടൈറ്റിലോട് കൂടി പൂർണമായ രാജകുടുംബാഗമാകുമെന്നാണ് സൂചന.വിവാഹദിവസം രാവിലെ രാജ്ഞി തന്റെ ചെറുമകനായ ഹാരിക്ക് ഡ്യൂക്ഡം നൽകുമെന്ന പ്രതീക്ഷയാണ് ഇപ്പോൾ ശക്തമാകുന്നത്. ഡ്യൂക്ക് ഓഫ് സസെക്സായി ഹാരിയെ തെരഞ്ഞെടുക്കാൻ സാധ്യതയേറെയാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നാണ് രാജകുടുംബത്തിന്റെ വംശാവലീരചയിതാവായ ചാൾസ് കിഡ് പറയുന്നത്. ഇതിനെ തുടർന്ന് ഹാരിയുടെ പ്രിയതമ മേഗൻ ഹെർ റോയൽ ഹൈനസ് ദി ഡ്യൂചസ് ഓഫ് സസെക്സാകുമെന്നും അദ്ദേഹം പ്രവചിക്കുന്നു.

ഹാരിയുടെ മുഴുവൻ പേര് പ്രിൻസ് ഹെൻട്രി ഓഫ് വെയിൽസ് എന്നാണ്. എച്ച്ആർഎച്ച് ലഭിച്ചാൽ മേഗൻ അറിയപ്പെടുക എച്ച്ആർഎച്ച് പ്രിൻസസ് ഹെൻട്രി ഓഫ് വെയിൽസ് എന്നായിരിക്കും. എന്നാൽ പ്രിൻസസ് ഓഫ് മേഗൻ എന്ന് അറിയപ്പെടാൻ അവർക്ക് അവകാശമില്ല. വിവാഹത്തിലൂടെ മാത്രം രാജകുടുംബാംഗമായതിനാലാണിത്. ഇതിന് മുമ്പ് ഡ്യൂക്സ് ഓഫ് സസെക്സ് എന്ന ടൈറ്റിലിന് അർഹനായിരുന്നത് അഗസ്റ്റസ് ഫ്രെഡറിക്ക് രാജകുമാരനായിരുന്നു. 1773 ജനുവരി 27ന് ബക്കിങ്ഹാം പാലസിൽ ജനിച്ച അദ്ദേഹത്തിന് ഹാരിയുമായി ഏറെ സാമ്യതകളുണ്ടായിരുന്നു.

ജോർജ് മൂന്നാമൻ രാജാവിന്റെയും ചാർലറ്റ് രാജ്ഞിയുടെയും ഒമ്പതാമത്തെ പുത്രനായിരുന്നു അഗസ്റ്റസ്. ഹാരി രാജകുമാരനെ പോലെ തന്റേതായ താൽപര്യങ്ങളെ വികസിപ്പിക്കാൻ രക്ഷിതാക്കൾ അഗസ്റ്റസിന് സ്വാതന്ത്ര്യം നൽകിയിരുന്നു. നിരവധി പുരോഗമന പ്രസ്ഥാനങ്ങളും ചാരിറ്റികളുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രവർത്തിക്കുകയും ചെയ്തിരുന്നു. അടിമത്ത വിരുദ്ധ നിയമം നിർമ്മിക്കുന്നതിന് അഗസ്റ്റസ് ശക്തമായി പിന്തുണച്ചിരുന്നു.

ഇതിന് പുറമെ തെരഞ്ഞെടുപ്പ് പരിഷ്‌കരണം, യഹൂദന്മാരുടെ അവകാശങ്ങൾ, തുടങ്ങിയവക്ക് വേണ്ടിയും അദ്ദേഹം നിലകൊണ്ടിരുന്നു. തന്റെ 70ാമത്തെ വയസിൽ 1843 ഏപ്രിൽ 21നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഹാരിയും മേഗനും നിലവിൽ താമസിക്കുന്ന കെൻസിങ്ടൺ പാലസിൽ വച്ചായിരുന്നു അഗസ്റ്റസ് മരിച്ചത്.