യെരുശലേം: വിശുദ്ധനഗരവും തർക്കപ്രദേശവുമായി ജെറുസലേമിലെ യുഎസ് എംബസിയുടെ ഉദ്ഘാടനം ഇന്ന് നടക്കും. ഇതിന്റെ മുന്നോടിയായി ട്രംപിന്റെ പുത്രി ഇവാൻകയും ഭർത്താവ് ജാറെദ് കുഷ്നെറും ഇന്നലെ രാവിലെ ഇസ്രയേലിൽ ആഘോഷത്തോടെ എത്തിച്ചേർന്നു. ഇവരെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹും ആലിംഗനം ചെയ്ത് സ്വീകരിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. തർക്കനഗരത്തെ അംഗീകരിക്കുന്നതിന് തുല്യമായ അമേരിക്കൻ തീരുമാനം ആഘോഷിച്ച് യഹൂദന്മാർ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ അതേസമയം ഇതിനെതിരെ ഫലസ്തീനിൽ പ്രതിഷേധ കനക്കുന്നുണ്ട്. ഈ ഒരു പശ്ചാത്തലത്തിൽ എങ്ങും കനത്ത സുരക്ഷയാണേർപ്പെടുത്തിയിരിക്കുന്നത്.

ഇന്ന് നടക്കുന്ന എംബസി ഉദ്ഘാടന ചടങ്ങിൽ വൈറ്റ് ഹൗസ് അഡൈ്വസർമാരും മറ്റ് വാഷിങ്ടൺ ഡെലിഗേറ്റ്സുകളും പങ്കെടുക്കുന്നതാണ്. യുഎസ് ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോൺ സുള്ളിവൻ, യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവൻ എംനുചിൻ തുടങ്ങിയ പ്രമുഖരും ഇക്കൂട്ടത്തിൽ പെടുന്നു. എന്നാൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചടങ്ങിനെത്തില്ലെന്നാണ് റിപ്പോർട്ട്. ഇസ്രയേലിൽ തങ്ങൾ എത്തുന്നതിന് മുമ്പും പിമ്പുമുള്ള നിരവധി ചിത്രങ്ങൾ ഇവാൻക പോസ്റ്റ് ചെയ്തിട്ടുണ്ട്. എംബസി ഉദ്ഘാടനത്തിനെത്തിയ തങ്ങൾക്ക് ലഭിച്ച ഊഷ്മള സ്വീകരണത്തെക്കുറിച്ച് ഇവാൻക ആവേശത്തോടെയാണ് കുറിച്ചിരിക്കുന്നത്.

യുഎസ് എംബസി ജെറുസലേമിലേക്ക് മാറ്റുന്നതിനോടനുബന്ധിച്ച് ഇസ്രയേൽ ഔദ്യോഗികമായി വൻ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ജെറുസലേമിനെ ഇസ്രയേൽ തലസ്ഥാനമാക്കിക്കൊണ്ടുള്ള വിവാദ തീരുമാനം ഡിസംബറിലായിരുന്നു ട്രംപ് എടുത്തിരുന്നത്. ഇതിനെതിരെ വിവിധ രാജ്യങ്ങൾ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് വരുകയും ചെയ്തിരുന്നു. യുഎസ് എംബസി ജെറുസലേമിലേക്ക് മാറ്റുന്നതിനോടും വിവിധ രാജ്യങ്ങൾക്ക് അഭിപ്രായവ്യത്യാസമുണ്ട്. അതിനാൽ ഇന്നത്തെ ചടങ്ങിൽ നിരവധി രാജ്യങ്ങളുടെ പ്രതിനിധികളുടെ അസാന്നിധ്യം ശ്രദ്ധേയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഭൂരിഭാഗം യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ഈ ചടങ്ങിലേക്ക് പ്രതിനിധികളെ അയക്കില്ലെന്നാണ് കരുതുന്നത്. എന്നാൽ ഹംഗറി, റൊമാനിയ, ചെക്ക് റിപ്പബ്ലിക്ക്, തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളുണ്ടാകുമെന്നാണ് പ്രതീക്ഷ. പക്ഷേ പടിഞ്ഞാറൻ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ പ്രതിനിധികൾ പരിപാടിയിൽ നിന്നും വിട്ട് നിൽക്കുമെന്നാണ് റിപ്പോർട്ട്. ഇസ്രയേൽ സ്ഥാപിക്കപ്പെട്ട് 70ാം വാർഷിക വേളയിലാണ് എംബസി ജെറുസലേമിലേക്ക് മാറ്റുന്നത്. എന്നാൽ ഈ വാർഷികം ഫലസ്തീനിയൻകാരെ സംബന്ധിച്ചിടത്തോളം തീരാ ദുരിതത്തിന്റെ ഓർമയാണ് സമ്മാനിക്കുന്നത്.

1948ൽ ഇസ്രയേൽ രൂപീകരിക്കപ്പെട്ടതിനെ തുടർന്ന് ഏഴ് ലക്ഷത്തോളം ഫലസ്തീനിയൻകാരാണ് നാട് കടത്തപ്പെട്ടത്. എംബസി ഉദ്ഘാടനത്തിൽ പ്രതിഷേധിക്കാനായി ആയിരക്കണക്കിന് ഫലസ്തീൻകാരായിരുന്നു ഇന്നലെ യെരുശലേം മാർച്ചിന് അണിനിരന്നത്. ഇന്നും ശക്തമായ പ്രതിഷേധത്തിനാണ് ഫലസ്തീൻകാർ ഒരുങ്ങുന്നത്. ഇതിനോട് അനുബന്ധിചച്ച് ഗസ്സ മുനമ്പിൽ ഇസ്രയേലിന്റെ അതിർത്തിക്കടുത്തും ശക്തമായ പ്രതിഷേധം ഇന്ന് അരങ്ങേറും. ഇതിന്റെ പശ്ചാത്തലത്തിൽ എങ്ങും കടുത്ത സുരക്ഷയാണ് സജ്ജമാക്കിയിരിക്കുന്നത്.