ലണ്ടൻ: മകൾ ബ്രീട്ടനിലെ രാജകുമാരിയാകുന്നതോടെ പ്രതിസന്ധിയിലായത് മേഘൻ മെർക്ക്‌ലിന്റെ മാതാപിതാക്കളാണ്. സാധാരണ ജീവിതം നയിച്ചിരുന്ന ഇവർ, മേഘനും ഹാരി രാജകുമാരനും വിവാഹിതരാകുന്നതോടെ സ്വന്തം ജീവിതവും അതനുസരിച്ച് മാറ്റിപ്പണിയേണ്ട അവസ്ഥയിലാണ്. മെന്റൽ ഹെൽത്ത് ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന മേഘന്റെ അമ്മ ഡോറിയ റാഗ്ലൻഡ് ആ ജോലി ഉപേക്ഷിച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

sവർഷങ്ങളായി ലോസെയ്ഞ്ചൽസിലെ മെന്റൽ ഹെൽത്ത് ക്ലിനിക്കിൽ ജോലി ചെയ്യുകയാണ് ഡോറിയ. രാജകുടുംബവുമായുള്ള മകളുടെ വിവാഹം മെയ് 19-ന് നടക്കുന്നതോടെ, രാജകുമാരിയുടെ അമ്മയെന്ന പദവിയിലേക്കാണ് ഡോറിയ എത്തുന്നത്. ആ സാഹചര്യത്തിൽ സോഷ്യൽ വർക്കർ ജോലിയിൽ തുടരുന്നത് അനുചിതമെന്നുകണ്ടാണ് ജോലി ഉപേക്ഷിച്ചത്. സ്വന്തം നിലയ്ക്ക് യോഗ കേന്ദ്രം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഡോറിയയെന്നും റിപ്പോർട്ടുകളുണ്ട്.

തന്റെ അമ്മ ഒരു യോഗ പരിശീലകയാണെന്ന് മേഘൻ തന്നെ നേരത്തേ വെളിപ്പെടുത്തിയിരുന്നു. വയോജനങ്ങൾക്കായുള്ള കേന്ദ്രതത്തിൽ സാമൂഹിക പ്രവർത്തനം നടത്തുകയാണ് അമ്മയെന്നും അവരെ യോഗ പരിശീലിപ്പിക്കുകയാണെന്നും മേഘൻ കഴിഞ്ഞ ഓഗസ്റ്റിൽ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. മെന്റൽ ഹെൽത്ത് ക്ലിനിക്കിലെ ജോലി ഉപേക്ഷിക്കാനുള്ള തീരുമാനം 61-കാരിയായ ഡോറിയയുടേതാണെന്ന് കേന്ദ്രത്തിന്റെ അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.

വയോജനങ്ങൾക്കായുള്ള അമ്മയുടെ ജീവിതം തന്നെ പ്രചോദിപ്പിച്ചിട്ടുണ്ടെന്ന് മേഘൻ പറയുന്നു. ആരോഗ്യവും ഫിറ്റ്‌നസും നിലനിർത്തുന്നതിൽ സദാ ശ്രദ്ധാലുവുമാണ് ഡോറിയ. ലോസെയ്ഞ്ചൽസ് മാരത്തണിലടക്കം സ്ഥിരമായി പങ്കെടുക്കുന്ന ഡോറിയ, അടുത്തിടെയാണ് മേഘന്റെ അമ്മയെന്ന നിലയിൽ ശ്രദ്ധിക്കപ്പെടുന്നത്. ടിവി സെലിബ്രിറ്റി ഓപ്പറ വിൻഫ്രെയുമായുള്ള അഭിമുഖം ഷൂട്ട് ചെയ്തതിന് ശേഷമാണ് മെന്റൽ ഹെൽത്ത് ക്ലിനിക്കിലെ ജോലി ഉപേക്ഷിക്കാൻ ഡോറിയ തീരുമാനിക്കുന്നത്.

ആറുമണിക്കൂറോളമാണ് ഡോറിയയുമായുള്ള അഭിമുഖത്തിനായി ഓപ്പറ ചെലവിട്ടത്. ഡോറിയയുടെ ലോസെഞ്ചൽസിലുള്ള വീട്ടിൽവച്ചായിരുന്നു അഭിമുഖം. കുടുംബത്തെക്കുറിച്ചും മേഘന്റെ വളർച്ചയെക്കുറിച്ചും ഹാരിയും മേഘനുമായുള്ള ബന്ധത്തെക്കുറിച്ചുമൊക്കെ സവിസ്തരം പ്രതിപാദിക്കുന്നതാണ് അഭിമുഖം. മേഘന്റെയും ഹാരിയുടെയും പ്രണയവാർത്തയോട് തുടക്കത്തിൽ ആളുകൾ പ്രതികരിച്ചതെങ്ങനെയെന്നും അഭിമുഖത്തിൽ ഡോറിയ വിശദമാക്കുന്നുണ്ട്.

ഓപ്പറ വിൻഫ്രെ അഭിമുഖം പൂർത്തിയാക്കിയെങ്കിലും അത് ഇതുവരെ സംപ്രേഷം ചെയ്തിട്ടില്ല. അഭിമുഖം സംപ്രേഷണം ചെയ്യുന്നതിന് മുമ്പ് അതിന് ഹാരി രാജകുമാരന്റെയും മേഘന്റെയും അനുമതി ആവശ്യമാണ്. ബക്കിങ്ങാ കൊട്ടാരവും അഭിമുഖം രാജകുടുംബത്തിന് യോജിച്ചതാണെന്ന് അംഗീകരിക്കേണ്ടതുണ്ട്. ഡോറിയയും മേഘന്റെ അച്ഛൻ തോമസും മേഘന് ആറുവയസ്സുള്ളപ്പോൾ ബന്ധം വേർപെടുത്തിയതാണ്. ഇതിനുശേഷം മേഘനും ഡോറിയയും മിഡ്-വിൽഷയറിലെ രണ്ടുമുറി വീട്ടിലാണ് ജീവിച്ചിരുന്നത്.