ടെൽ അവീവ്: ഇസ്രയേലിനെ ചരിത്രത്തിൽനിന്നുതന്നെ തുടച്ചുനീക്കുന്നതിനുള്ള പുതിയ സിറിയൻ യുദ്ധത്തിന് തുടക്കമിടുകയാണെന്ന് ലെബനനിലെ തീവ്രവാദ പ്രസ്ഥാനമായ ഹിസ്ബുള്ള നേതാവ് സയ്യദ് ഹാസൻ നസറള്ള പ്രഖ്യാപിച്ചു. ഇസ്രയേലിലെ ഗോലാൻ കുന്നുകൾ ലക്ഷ്യമാക്കി സിറിയയിൽനിന്ന് കഴിഞ്ഞയാഴ്ച 55 മിസൈലുകൾ തൊടുത്തത് ഇതിന്റെ ഭാഗമായിരുന്നുവെന്നും നസറള്ള പറഞ്ഞു. ഇസ്രയേലിനെ ചരിത്രത്തിൽനിന്നുതന്നെ തുടച്ചുനീക്കുന്നതിനുള്ള പുതിയ സിറിയൻ യുദ്ധത്തിന് തുടക്കമിടുകയാണ് ഇതിലൂടെയെന്നും നസറള്ള അവകാശപ്പെട്ടു.

സിറിയയെ ഇസ്രയേലിൽനിന്നും രക്ഷിക്കുന്നതിന് സിറിയയും സഖ്യകക്ഷികളും ഏതറ്റം വരെയും പോകുമെന്നും ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിൽ നസറള്ള അവകാശപ്പെട്ടു. ഗോലാൻ കുന്നുകളിലേക്ക് മിസൈൽ ആക്രമണം നടത്തിയത് ഹിസ്ബുള്ളയാണോയെന്ന് വ്യക്തമാക്കാതെയായിരുന്നു പ്രസംഗം. 55 മിസൈലുകൾ അയച്ചുവെന്ന് നസറള്ള അവകാശപ്പെടുമ്പോഴും 20 എണ്ണത്തെ തങ്ങളുടെ ഡോം മിസൈൽ പ്രതിരോധ സംവിധാനമുപയോഗിച്ച് നശിപ്പിച്ചതായി ഇസ്രയേൽ അവകാശപ്പെടുന്നു.

സിറിയയിൽ പ്രസിഡന്റ് ബാഷർ അൽ അസദിനുവേണ്ടി പോരാടുന്നവരാണ് ഹിസ്ബുള്ള സംഘടന. 1982-ൽ ഇറാൻ സൈന്യമാണ് ലെബനനിൽ ഈ ഷിയാ തീവ്രവാദ സംഘടനയ്ക്ക് രൂപം കൊടുക്കുന്നത്. ഇസ്രയേലിലേക്ക് മിസൈൽ അയച്ചത് ഇറാൻ സൈന്യമാണെന്നും സിറിയയിൽ ദമാസ്‌കസിന് സമീപത്ത് ഹിസ്ബുള്ള തീവ്രവാദികളടക്കം 85,000-ത്തോളം പേരുമായി ഇറാൻ സൈനികത്താവളം തുറന്നിട്ടുണ്ടെന്നും ഇസ്രയേൽ ആരോപിക്കുന്നു. മിസൈൽ ആക്രമണത്തിന് തിരിച്ചടിയായി അതിർത്തിയിലുള്ള ഇറാന്റെ സൈനിക കേന്ദ്രങ്ങളിലൊക്കെ ആക്രമണം നടത്തിയിരുന്നുവെന്ന് ഇസ്രയേൽ സേനയും അവകാശപ്പെട്ടിരുന്നു.

1973-നുശേഷം സിറിയയിൽ ഇസ്രയേൽ നടത്തുന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു അതെന്നാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്. ആയുധകേന്ദ്രങ്ങളിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും രഹസ്യാന്വേഷണ ഏജൻസികളുടെ താവളങ്ങളിലും സിറിയയിൽ ഇറാൻ സേന ഉപയോഗിക്കുന്ന മറ്റു പ്രധാന കേന്ദ്രങ്ങളിലും ആക്രമണം നടത്തിയെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. സിറിയയുടെ ഒട്ടേറെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ നശിപ്പിച്ചതായും ഇസ്രയേൽ പറയുന്നു.

ആക്രമണത്തെക്കുറിച്ച് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, ഇറാനിലെ മാധ്യമങ്ങൾ നിശിതവിമർശനവുമായി രംഗത്തുവന്നിരുന്നു. കേട്ടുകേൾവിയില്ലാത്ത തരം ആക്രമണമാണ് ഇസ്രയേൽ നടത്തിയതെന്നായിരുന്നു മാധ്യമങ്ങളുടെ നിരീക്ഷണം.