ലണ്ടൻ: ബ്രെക്‌സിറ്റ് ഹിതപരിശോധന പൂർത്തിയായിട്ട് രണ്ടുവർഷത്തോളമായെങ്കിലും ഇതുവരെ ബ്രിട്ടനും യൂറോപ്യൻ യൂണിയനുുമായി അനുയോജ്യമായൊരു വിടുതൽ കരാറിലെത്തിയിട്ടില്ല. പൗരന്മാരുടെ സഞ്ചാര സ്വാതന്ത്ര്യം, യൂറോപ്യൻ യൂണിയൻ സിംഗിൾ മാർക്കറ്റ്, കസ്റ്റംസ് യൂണിയൻ തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ ഇനിയും യോജിപ്പിലെത്താനുണ്ട്. ബ്രി്ട്ടനിൽത്തന്നെ ബ്രെക്‌സിറ്റിനെ ഇനിയും അംഗീകരിക്കാനായിട്ടില്ലാത്ത നേതാക്കളും ഏറെയാണ്.

ലേബർ പാർട്ടി മുൻ നേതാവ് ഡേവിഡ് മിലിബൻഡാണ് ഏറ്റവുമൊടുവിൽ ബ്രെക്‌സിറ്റിനെ ആക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ രംഗത്തുവന്നിരിക്കുന്നത്. റൈസ് പുഡ്ഡിങ് തുടർന്നും കഴിക്കണമെന്നുണ്ടെങ്കിൽ ബ്രിട്ടൻ ബ്രെക്‌സിറ്റ് ഒഴിവാക്കി യൂറോപ്യൻ യൂണിയൻ സിംഗിൾ മാർക്കറ്റിൽ തുടരണമെന്നാണ് മിലിബൻഡിന്റെ ആവശ്യം. റൈസ് പുഡ്ഡിങ്ങിന്റെ കാലിയായ ഒരു പാത്രം സഹിതമാണ് മിലിബൻഡ് തന്റെ ആവശ്യം സോഷ്യൽ മീഡിയയയിലൂടെ ഉന്നയിച്ചത്.

എസക്‌സിലെ ടിൽഡ റൈസ് ഫാക്ടറിയുടെ പശ്ചാത്തലത്തിലായിരുന്നു മിലിബൻഡിന്റെ അഭ്യർത്ഥന. നിക്ക് ക്ലെഗ്ഗും നിക്കി മോർഗനുമടക്കമുള്ള റിമെയൻ പക്ഷക്കാരും മിലിബൻഡിന്റെ ആവശ്യത്തെ പിന്തുണയ്ക്കുന്നുണ്ട്. സിംഗിൾ മാർക്കറ്റിനും കസ്റ്റംസ് യൂണിയനും വേണ്ടിയുള്ള ആവശ്യത്തിന് ശക്തിപകരുന്നതാണ് രുചിയൂറുന്ന ടിൽഡ റൈസ് പുഡ്ഡിങ്ങെന്ന് മിലിബൻഡ് പറയുന്നു. ബ്രെക്‌സിറ്റിനെ ത്ുടർന്ന് അരി ഇറക്കുമതി പ്രതിസന്ധിയിലാണെന്ന് ടിൽഡ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ബ്രിട്ടൻ നേരിടാൻപോകുന്ന അരിക്ഷാമം സൂചിപ്പിക്കുന്നതിന് ഇന്ത്യയെയും നേതാക്കൾ കൂട്ടുപിടിക്കുന്നുണ്ട്. അരി ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ യൂറോപ്യൻ യൂണിയനിൽ അംഗമല്ലെന്നോർക്കണം എന്നായിരുന്നു ടിം ജോൺസണിന്റെ കമന്റ്. റിമെയിൻ പക്ഷപാതിയാണ് ടിം ജോൺസൺ. ഇന്ത്യടക്കമുള്ള കോമൺവെൽത്ത് രാജ്യങ്ങളിൽനിന്നാണ് അരി വരുന്നതെന്നും യൂറോപ്യൻ യൂണിയനിൽ നെൽകൃഷി കാര്യമായില്ലെന്നും അലി ഡിയാക്കും സോഷ്യൽ മീഡിയയിൽ കുറിച്ചു.

റൈസ് പുഡ്ഡിങ്ങിന്റെ പേരിൽ യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന് മിലിബൻഡ് ആവശ്യപ്പെട്ടുവെന്ന തരത്തിൽ ചർച്ചകളെ വഴിതിരിച്ചുവിടുന്നതിനെയും സോഷ്യൽ മീഡിയ വിമർശിക്കുന്നുണ്ട്. സിംഗിൾ മാർക്കറ്റും കസ്റ്റംസ് യൂണിയനും ഇല്ലാതാകുന്നതോടെ ഉണ്ടാകാൻ പോകുന്ന പ്രത്യാഘാതങ്ങൾ സൂചിപ്പിക്കുകയാണ് മിലിബൻഡെന്നും സോഷ്യൽ മീഡിയ വിലയിരുത്തുന്നു. റൈസ് പുഡ്ഡിങ്ങിനെക്കാൾ കാമ്പുള്ള വിഷയങ്ങളിലൂടെ ഇക്കാര്യം ചർച്ച ചെയ്യണമെന്നാവശ്യപ്പെടുന്നവരുമുണ്ട്.