ലണ്ടൻ: നാളെ ഹാരി രാജകുമാരനും മേഗൻ മാർകിളുമായി നടക്കുന്ന വിവാഹത്തിൽ പങ്കെടുക്കാൻ മേഗന്റെ പിതാവ് തോമസ് മാർകിൾ എത്തിച്ചേരില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു. അച്ഛൻ വരില്ലെന്ന് ഔദ്യോഗികമായ പ്രസ്താവനയിറക്കി മേഗൻ തന്നെയാണ് ഇക്കാര്യത്തിലുള്ള അനിശ്ചിതത്വം നീക്കിയിരിക്കുന്നത്. ഹൃദയസംബന്ധമായ തകരാറുള്ളതിനാൽ താൻ വിവാഹത്തിന് വരില്ലെന്ന് തോമസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എന്നാൽ മേഗന്റെ മാതാവ് ഡോറിയ രാഗ് ലാന്റ് ബുധനാഴ്ച ലണ്ടനിലെത്തിയിരുന്നു. ഇവർ ഇന്നലെ കൊട്ടാരത്തിലെത്തി രാജകുടുംബങ്ങളെ സന്ദർശിച്ചുവെന്നും റിപ്പോർട്ടുണ്ട്.

ഇന്നലെ രാജ്ഞിയുമായുള്ള കല്യാണ റിഹേഴ്സൽ നടന്നിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ രാജവിവാഹത്തിനായി കൊട്ടാരവും നാടുമൊരുങ്ങിയിരിക്കുകയാണ്. നാളെ വിൻഡ്സർ കാസിലിൽ വച്ചാണ് ഹാരി മേഗനെ മിന്ന് കെട്ടുന്നത്. ഇന്നലെ വെഡിങ് റിഹേഴ്സലിന് ശേഷം വിൻഡ്സർ കാസിലിൽ നിന്നും പുറത്തേക്ക് പോകുന്ന ഹാരിയുടെയും മേഗന്റെയും ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അതിന് മുമ്പാണ് തന്റെ പിതാവ് വിവാഹത്തിനെത്തില്ലെന്ന് മേഗൻ സ്ഥിരീകരിച്ചിരിക്കുന്നത്. തന്റെ പിതാവിന് സുപ്രധാനമായ ഈ ചടങ്ങിനെ എത്തിച്ചേരാൻ സാധിക്കാതെ പോയതിൽ തനിക്കേറെ വിഷമമുണ്ടെന്നാണ് മേഗൻ പ്രതികരിച്ചിരിക്കുന്നത്.

ഹാരിയും മേഗനും സഞ്ചരിച്ചിരുന്ന റേഞ്ച് റോവറിനെ പൊലീസ് അകമ്പടി സേവിച്ചിരുന്നു. അപ്പോൾ റോഡിനിരുവശത്തും നിന്നിരുന്ന രാജഭക്തരും അഭ്യുദയകാംക്ഷികളും ആവേശത്തോടെ കൈ വീശുകയും ചെയ്തിരുന്നു. വിവാഹ റിഹേഴ്സലിന്റെ ഭാഗമായി അവർ കുറച്ച് നേരം ഒരുമിച്ച് നടക്കുകയും ചെയ്തിരുന്നു. റിഹേഴ്സലിൽ പങ്കെടുക്കുന്നതിനായി ബക്കിങ്ഹാം പാലസിൽ നിനെത്തിയ രാജ്ഞിയുമൊത്ത് ഹാരിയും മേഗനും ചായ കുടിക്കുകയും ചെയ്തിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം നടന്ന റിഹേഴ്സലിൽ പങ്കെടുക്കുന്നതിനായി വില്യം രാജകുമാരിയും കേയ്റ്റും കെൻസിങ്ടൺ പാലസിൽ നിന്നും വിൻഡ്സറിലേക്ക് പോകുന്ന ചിത്രവും പുറത്ത് വന്നിട്ടുണ്ട്.

റിഹേഴ്സൽ നടന്ന റൂട്ടിൽ പട്ടാളക്കാരെയും അസ്‌കോട്ട് കാരിയേജ് പരേഡും ദൃശ്യമായിരുന്നു.മേഗന്റെ മാതാവ് ഡോറിയ ബുധനാഴ്ച ലണ്ടനിലെ ഹീത്രോവിൽ വിമാനം ഇറങ്ങിയത് മുതൽ രാജകീയ പരിഗണനയാണ് അവർക്ക് ലഭിച്ച് വരുന്നത്.ബുധനാഴ്ച തന്നെ കൊട്ടാരത്തിലെത്തിയ ഡോറിയ, ചാൾസ് രാജകുമാരനും കാമിലയ്ക്കുമൊപ്പം ചായ കഴിച്ചിരുന്നു. തുടർന്ന് ഇന്നലെ വില്യം രാജകുമാരൻ, കേയ്റ്റ് , അവരുടെ കുട്ടികൾ തുടങ്ങിയവരെയും ഡോറിയ സന്ദർശിച്ചിട്ടുണ്ട്. ഇന്ന് ഡോറിയ എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് ബക്കിങ്ഹാം പാലസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ അവസരത്തിൽ ഹാരിയുടെയും മേഗന്റെയും സാന്നിധ്യമുണ്ടാവുകയും ചെയ്യും.

ഹൃദയശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയിൽ കഴിയുന്നതിനാൽ മേഗന്റെ പിതാവിന് വിവാഹത്തിൽ പങ്കെടുക്കാൻ ലണ്ടനിലേക്ക് വരാൻ സാധിക്കില്ലെന്ന വിശദീകരണമാണ് പുറത്ത് വന്നിരിക്കുന്നത്.തന്റെ പിതാവിനെ താൻ വേണ്ടവിധത്തിൽ ശ്രദ്ധിക്കുന്നുണ്ടെന്നും പരിചരിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ മേഗൻ വ്യക്തമാക്കുന്നു. വന്ന വഴികൾ മറന്ന് കുടുംബത്തെ മേഗൻ അവഗണിക്കുന്നുവെന്നും താനടക്കമുള്ള അടുത്ത ബന്ധുക്കളെ വിവാഹത്തിന് ക്ഷണിച്ചില്ലെന്നും ആരോപിച്ച് മേഗന്റെ സഹോദരൻ തോമസ് ജൂനിയർ ഏതാനും ദിവസങ്ങൾക്ക് മുമ്പ് രംഗത്തെത്തിയിരുന്നു.

മേഗൻ കപടതകൾ നിറഞ്ഞ സ്ത്രീയാണെന്നും നിരവധി കാമുകന്മാരുണ്ടായിരുന്നുവെന്നും അതിനാൽ അവരെ വിവാഹം കഴിക്കുന്നതിന് മുമ്പ് ഒന്ന് കൂടി ആലോചിക്കുന്നത് നന്നായിരിക്കുമെന്നും മുന്നറിയിപ്പേകി തോമസ് ജൂനിയർ ഹാരിക്ക് തുറന്ന കത്തയക്കുകയുംചെയ്തിരുന്നു.