ലണ്ടൻ: 2017ൽ അനുവദിച്ച യുകെ വർക്ക് വിസകളിൽ 64 ശതമാനവും നേടിയത് ഇന്ത്യാക്കാർക്കാണെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇത് പ്രകാരം 27 ശതമാനം സ്റ്റുഡന്റ് വിസകളും ആറ് ശതമാനം ബിസിനസ് വിസകളുമാണ് ഇന്ത്യക്കാർക്ക് നൽകിയിരിക്കുന്നത്. ഏറ്റവും പുതിയ ബ്രിട്ടീഷ് ഹൈക്കമ്മിഷന്റെ കണക്കുകളാണിത് വ്യക്തമാക്കുന്നത്. പഠനത്തിനായി യുകെയിലെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണവും ഇത് പ്രകാരം വർധിച്ചിട്ടുണ്ടെന്നാണ് ചെന്നൈയിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈമ്മീഷണറായ ഭരത് ജോഷി വെളിപ്പെടുത്തുന്നത്.

തന്റെ കാലാവധി പൂർത്തിയാക്കി ജോഷി സെപ്റ്റംബറിൽ പ്രസ്തുത തസ്തികയിൽ നിന്നും വിട്ട് പോവുന്നതിനോടനുബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മൊത്തം 5.50 ലക്ഷം വിസകളായിരുന്നു കഴിഞ്ഞ വർഷം പ്രൊസസ്ചെയ്തിരുന്നതെന്നും അതിന് മുമ്പത്തെ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ 11 ശതമാനം വർധനവാണുണ്ടായിരിക്കുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിൽ യുകെ നടത്തുന്ന നിക്ഷേപത്തിൽ 11 ശതമാനം വർധനവുണ്ടായിരിക്കുന്നുവെന്നും കുടുതൽ നിക്ഷേപം ഡിജിറ്റൽ ഹെൽത്ത് കെയറിൽ ഉണ്ടാവാനിരിക്കുന്നുവെന്നും ജോഷി വെളിപ്പെടുത്തുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള മികച്ച ബന്ധം വികസിച്ചതിലൂടെ ഇരു ഭാഗത്തും 15 ശതമാനം വളർച്ചയുണ്ടായിരിക്കുന്നുവെന്നും ജോഷി പറയുന്നു. യുകെ സാങ്കേതിക വിദ്യയും ഇന്ത്യൻ അറിവുകളും ചെന്നൈയിലെ സ്വകാര്യം ഹോസ്പിറ്റലുകളിൽ കൊണ്ട് വരാൻ ശ്രമിക്കുന്നുണ്ട്.

ഹെൽത്ത് കെയർ ടെക്നോളജികൾ ഇന്ത്യയിൽ പ്രദാനം ചെയ്യുന്നതിന് യുകെ സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. സോഫ്റ്റ് വെയർ ടെക്നോളജിക്കൽ പാർക്ക് ഓഫ് ഇന്ത്യ തമിഴ്‌നാട് ഗവൺമെന്റുമായി ചേർന്ന് ചെന്നൈയിൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ ഫോർ എക്സലൻസ് സജ്ജമാക്കാനുള്ള നിർദേശത്തെ ഹൈക്കമ്മീഷൻ പിന്തുണക്കുകയും ചെയ്യുന്നുണ്ടെന്ന് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മീഷണർ പറയുന്നു.