ഹവാന: ക്യൂബൻ തലസ്ഥാനമായ ഹവാനയിലെ ജോസ് മാർട്ടി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു പറന്നുയർന്ന ബോയിങ് 737 യാത്രാവിമാനം ടേക്ഓഫിനിടെ തകർന്നു വീണു നൂറിലേറെ പേർ മരിച്ചു. 104 യാത്രക്കാരും ഒൻപതു ജീവനക്കാരുമാണ് മരിച്ചത്.

ക്യൂബൻ സർക്കാർ നിയന്ത്രണത്തിലുള്ള 'ക്യുബാന' കമ്പനിയുടെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ വിമാനക്കമ്പനി ജീവനക്കാരെല്ലാം വിദേശപൗരന്മാരാണ്. മൂന്നു പേർ ഗുരുതരപരുക്കുകളോടെ രക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്. ടേക്ഓഫിനു തൊട്ടുപിന്നാലെ സമീപത്തെ കൃഷിസ്ഥലത്തേക്കാണ് വിമാനം തകർന്നുവീഴുകയായിരുന്നു. തകർന്നയുടൻ വിമാനം പൊട്ടിത്തെറിച്ചു. അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്.

അപകടവിവരമറിഞ്ഞ് ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡയസ് കാനൽ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. ക്യൂബയുടെ കിഴക്കൻ നഗരമായ ഹൊൽഗ്യുനിലേക്കു പോകുകയായിരുന്നു വിമാനം. പറന്നുയർന്നതിനു പിന്നാലെ വിമാനത്താവളത്തിന് രണ്ടു കിലോമീറ്ററിനുള്ളിൽ വിമാനം തകർന്നു വീഴുകയായിരുന്നു. സാങ്കേതിക തകരാറുകൾ പതിവായതോടെ പഴക്കം ചെന്ന വിമാനങ്ങൾ ഇക്കഴിഞ്ഞ മാസങ്ങളിൽ ക്യുബാന വിമാനക്കമ്പനി സർവീസിൽ നിന്ന് ഒഴിവാക്കിയിരുന്നു.

ഇവയ്ക്കു പകരം സർവീസിനായി മെക്‌സിക്കോയിലെ ഒരു വിമാനക്കമ്പനിയിൽ നിന്നു വാടകയ്‌ക്കെടുത്ത വിമാനങ്ങളിലൊന്നാണ് തകർന്നത്.