ടെക്‌സാസ്: കോല്ലാൻ ജനിച്ചവൻ എന്നെഴുതിയ ടീ ഷർട്ടും ധരിച്ച് ക്ലാസിലേക്ക് പാഞ്ഞടുത്തപ്പോൾ കണ്ടു നിന്നവർ ആരും കരുതിയില്ല ഈ 17കാരൻ കൂട്ട കുരുതി നടത്താനുള്ള ഒരുക്കത്തിലായിരുന്നു എന്ന്. ടെക്‌സസിൽ സാന്താ ഫെ ഹൈസ്‌കൂളിൽ വിദ്യാർത്ഥി നടത്തിയ വെടിവയ്പിൽ കുട്ടികൾ അടക്കം പത്ത് പേർ കൊല്ലപ്പെട്ടു. ഒമ്പത് വിദ്യാർത്ഥികളും ഒരു അദ്ധ്യാപകനുമാണ് കൊല്ലപ്പെട്ടത്. ഒരു പൊലീസ് ഓഫിസർ ഉൾപ്പെടെ ഏതാനും പേർക്കു പരുക്കേറ്റിട്ടുണ്ട്.

രാവിലെ 7.30ഓടെ ഡിമിട്രിയോസ് പാഗോട്രിസ് എന്ന വിദ്യാർത്ഥിയാണ് വിദ്യാർത്ഥികൾ നിറഞ്ഞ ആർട്ട് ക്ലാസിൽ എത്തി നിറയൊഴിച്ചത്. പിതാവിന്റെ ലൈസൻസുള്ള തോക്കുമായി എത്തിയാണ് ഡിമിട്രിയോസ് സഹപാഠികളായ വിദ്യാർത്ഥികൾക്ക് നേരെ നിറയൊഴിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും യാതൊരു മടിയും കൂടാതെ അവൻ കീഴടങ്ങുകയും ചെയ്തു. കൂട്ടകുരുതി നടത്തിയ ശേഷം സ്വയം വെടിവെച്ചു മരിക്കാനായാരിന്നു അവന്റെ തീരുമാനം. എന്നാൽ അതിന് മുമ്പ് പൊലീസ് അവനെ പിടികൂടി.

നിറയൊഴിച്ച വിദ്യാർത്ഥി ഉൾപ്പെടെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു. എന്നാൽ ഇവരുടെ പേരുവിവരങ്ങൾ അറിവായിട്ടില്ല. ക്ലാസ്സുകൾ നടക്കുമ്പോഴാണു സംഭവം. വെടിയൊച്ച കേട്ടയുടൻ മറ്റു വിദ്യാർത്ഥികളെ അദ്ധ്യാപകർ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. കഴിഞ്ഞ ഏഴു ദിവസത്തിനിടയിൽ യുഎസിലെ സ്‌കൂളുകളിൽ നടന്ന മൂന്നാമത്തെ വെടിവയ്പാണിത്. ഈ വർഷം ആരംഭിച്ചശേഷം യുഎസിൽ ഇതുവരെ മൊത്തം 22 വെടിവയ്പുകൾ ഉണ്ടായി.