ലണ്ടൻ: ബ്രിട്ടൻ കാത്തിരുന്ന രാജകീയ വിവാഹം ഇന്നാണ്. ഹാരി രാജകുമാരനും ഹോളിവുഡ് നടി മേഘർ മെർക്ക്‌ലും വിൻഡഡ്‌സർ കാസിലിലെ സെന്റ് ജോർജ് ചാപ്പലിൽ മിന്നുകെട്ടും. സ്വന്തം അച്ഛൻ വിവാഹത്തിനെത്തില്ലെന്ന് ഉറപ്പായതോടെ, മേഘൻ തന്നെ കൈപിടിച്ച് അൾത്താരയ്ക്ക് മുന്നിലേക്ക് നയിക്കുന്നതിനായി ഹാരിയുടെ പിതാവ് ചാൾസ് രാജകുമാരനെ അവസാന നിമിഷം തിരഞ്ഞെടുത്തത് അപ്രതീക്ഷിത വഴിത്തിരിവാകുകയും ചെയ്തു. അമ്മ ഡോറിയ വിവാഹത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിലും മേഘൻ തന്റെ കൈപിടിക്കാനുള്ള ചുമതല ചാൾസിനെ ഏൽപ്പിക്കുകയായിരുന്നു.

പള്ളിയിലേക്ക് മേഘൻ കടന്നുവരുന്നത് തോഴിമാരുടെ അകമ്പടിയോടെയാകും. പള്ളിയുടെ വാതിൽക്കൽനിന്ന് പിതാവിനൊപ്പം വിവാഹവേദിയിലേക്ക് വരാനായിരുന്നു നേരത്തേയുള്ള പദ്ധതി. പിതാവിന്റെ അസാന്നിധ്യത്തിൽ തന്റെ കൈപിടിക്കണെമന്ന് ചാൾസിനോട് മേഘൻ അഭ്യർത്ഥിക്കുകയായിരുന്നു. പള്ളിയുടെ നടുവിൽവരെ മേഘൻ തോഴിമാർ്‌ക്കൊപ്പമെതത്തും. അവിടെനിന്നാകും ചാൾസ് തന്റെ മരുമകളെ കൈപിടിച്ചാനയിക്കുക. തനിച്ച് പള്ളിയിലേക്ക് വരികയെന്നത് മേഘൻ നേരത്തെ ആലോചിച്ചെടുത്ത തീരുമാനമാണ്.

അച്ഛൻ തോമസ് മെർക്ക്‌ലിന്റെ അവസാന നിമിഷത്തെ പിന്മാറ്റം മേഘനെയും ഹാരിയെയും കുഴക്കിയിരുന്നു. ഇരുവരും ചേർന്നാലോചിച്ചാണ് ചാൾസ് രാജകുമാരനെ ദൗത്യം ഏൽപിക്കാൻ തീരുമാനിച്ചത്. അച്ഛന്റെ അസാന്നിധ്യത്തിൽ അമ്മ ഡോറിയ റാഗ്‌ലൻഡിനെ ഈ ചുമതല മേഘൻ ഏൽപ്പിക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, ചാൾസിനെ തിരഞ്ഞെടുത്തതോടെ, കറുത്തവർഗക്കാരിയായ ഡോറിയക്ക് മകളുടെ വിവാഹച്ചടങ്ങിൽ കാര്യമായ ചുമതലകളൊന്നും ഇല്ലാതായി.

വിൻഡ്‌സർ കാസിലിലേക്ക് ലിമോസിനിലെത്തുന്ന മേഘനെ, വെസ്റ്റ് ഡോറിലൂടെ ആറുതോഴിമാരും നാല് തോഴന്മാരും ചേർന്നാണ് ആനയിക്കുക. വാതിൽക്കൽ ഇവർ പിന്മാറും. പിന്നീട് മേഘൻ തനിച്ച് പള്ളിയിലേക്ക് പ്രവേശിക്കും. ക്വയറിന്റെ തുടക്കത്തിലാകും ചാൾസ് രാജകുമാരൻ നിൽക്കുക. അവിടെനിന്ന് അദ്ദേഹത്തിന്റെ കൈപിടിച്ച് വിവാഹ വേദിയിലേക്കെത്തും. കഴിഞ്ഞ നവംബറിൽ വിവാഹത്തെക്കുറിച്ച് ആലോചിക്കുമ്പോൾ മുതൽ മേഘന്റെ മനസ്സിൽ ഇത്തരമൊരാശയമുണ്ടായിരുന്നതായി അവരുടെ സുഹൃത്തുക്കൾ പറഞ്ഞു.

വിവാഹവേദിയിലേക്ക് മകളുടെ കൈപിടിച്ച് ആനയിക്കുകയെന്നത് ഏതൊരു മാതാപിതാക്കളുടെയും ആഗ്രഹമാണ്. ഡോറിയക്ക് അത്തരമൊരു ചുമതല നൽകാതിരുന്നത് മേഘന്റെ ഭാഗത്തുനിന്നുള്ള അവഗണനയായി വിലയിരുത്തുന്നവരുമുണ്ട്. എന്നാൽ, പെൺമക്കളില്ലാത്ത ചാൾസ് രാജകുമാരനെ അത്തരമൊരു ദൗത്യമേൽപ്പിക്കാൻ തീരുമാനിച്ചത് ഉചിതമായെന്ന് വിലയിരുത്തുന്നവരുമുണ്ട്. ചാൾസിന് മേഘനിലൂടെ അത്തരമൊരാഗ്രഹം നിറവേറ്റാനായെന്നാണ് അവർ പറയുന്നത്.

എന്നാൽ, ചാൾസ് ഈ ചുമതല മുമ്പും നിറവേറ്റിയിട്ടുണ്ടെന്ന് പറയുന്നവരുമുണ്ട്. ഉറ്റസുഹൃത്തായ ബ്രാബോൺ പ്രഭുവിന്റെ മകൾ അലക്‌സാൻഡ്ര നാച്ച്ബുളിന്റെ കൈപിടിച്ച് വിവാഹവേദിയിലേക്ക് ആനയിച്ചത് ചാൾസ് രാജകുമാരനായിരുന്നു. ഇക്കാര്യം ഡോറിയയെ മേഘൻ അവഗണിച്ചത് ശരിയായില്ലെന്ന് വിലയിരുത്തുന്നവർ മുന്നോട്ടുവെക്കുന്നുമുണ്ട്. ചടങ്ങിൽ വലിയ ചുമതലയില്ലെങ്കിലും, രാജകുടുംബാംഗങ്ങൾ കടന്നുവരുന്ന ഗലീലി പോർച്ചിലൂടെയാകും ഡോറിയ റാഗ്‌ലൻഡും പള്ളിയിലേക്ക് പ്രവേശിക്കുക. വിവാഹത്തിന് മുന്നോടിയായി ഡോറിയയും മേഘന്റെ ഉറ്റബന്ധുക്കളും രാജ്ഞിയെയും ചാൾസ് രാജകുമാരനെയും കാമിലയെയും സന്ദർശിച്ചിരുന്നു.

വിവാഹത്തിന് രണ്ടുദിവസം മുമ്പാണ് മേഘന്റെ പിതാവ് തോമസ് മെർക്കൽ പിന്മാറ്റം പ്രഖ്യാപിച്ചത്. തനിക്ക് അടുത്തിടെയുണ്ടായ ഹൃദ്രോഗമാണ് ലണ്ടനിലേക്ക് വരുന്നതിന് തടസ്സമായി അദ്ദേഹം സൂചിപ്പിക്കുന്നത്. എന്നാൽ, വിവാഹച്ചടങ്ങുകൾ പകർത്താനുള്ള കരാറിൽ പാപ്പരാസി ഫോട്ടോഗ്രാഫറുമായി തോമസ് ഒപ്പുവെച്ചിരുന്നുവെന്ന വെളിപ്പെടുത്തലാണ് പിന്മാറ്റത്തിന് പിന്നിലെന്ന് കരുതുന്നു. രാജകീയ വിവാഹത്തിന്റെ അന്തസ്സിന് കോട്ടംവരുത്തുന്നതൊന്നും ചെയ്യേണ്ടെന്ന് കരുതിയാണ് തോമസ് പിന്മാറിയത്.

ഡയാനയ്ക്ക് ആദരമർപ്പിച്ച് വിവാഹവേദിയിലേക്ക്

ഹാരി രാജകുമാരന്റെ അമ്മ ഡയാന രാജകുമാരിയുടെ അഭാവമാകും വിവാഹവേദിയിൽ എല്ലാവരുടെയും മനസ്സിലേക്ക് ഓടിയെത്തുക. വിവാഹ വേദിയിലേക്ക് എത്തുന്നതിന് മുമ്പ് അമ്മയുടെ ശവകുടീരത്തിലെത്തി ഹാരിയും മേഘനും പ്രാർത്ഥിക്കും. ഇതിന് പുറമെ, ഡയാനയുടെ സഹോദരി ലേഡി ജെയ്ൻ ഫെല്ലോവ്‌സിനോട് വിവാഹച്ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്താനും ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്. സോളമന്റെ ഗീതത്തിൽനിന്നൊരു ഭാഗമാകും ലേഡി ജെയ്ൻ വായിക്കുക.

ഡയാന രാജകുമാരിയുടെ സ്്മരണയ്ക്കായി ഡയാനയുടെ കുടുംബത്തിൽനിന്നും ലേഡി ജെയ്ൻ ചടങ്ങിൽ പങ്കെടുക്കുന്നതിൽ ഹാരിയും മേഘനും സംതൃപ്തരാണെന്ന് കെൻസിങ്ടൺ പാലാസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ജനങ്ങളുടെ രാജകുമാരിയായി മനസ്സുകൾ കീഴടക്കിയ ഡയാനയുടെ അഭാവം ഓരോ രാജകീയ ചടങ്ങുകളിലും ബ്രിട്ടീഷുകാർ അനുസ്മരിക്കാറുണ്ട്. ഡയാനയുടെ മറ്റൊരു ഓർമപുതുക്കൽകൂടിയാകും ഹാരിയുടെ വിവാഹവും.

ഡയാനയോടുള്ള ആദരസൂചകമായി താൻ മേഘനെ അണിയിച്ച വിവാഹമോതിരത്തിൽ ഡയാനയുടെ രത്‌നശേഖരത്തിൽനിന്നും രണ്ട് കല്ലുകൾ ഹാരി ഉൾപ്പെടുത്തിയിരുന്നു.