ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിൽ അടുത്തൊന്നും മറ്റൊരു വിവാഹം നടക്കാനില്ലാത്തതിനാൽ, ഹാരി രാജകുമാരന്റെയും മേഘൻ മെർക്കലിന്റെയും വിവാഹം ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് രാജഭക്തരായ ആരാധകർ. വിൻഡ്്‌സർ കാസിലിനും കെൻസിങ്ടൺ കൊട്ടാരത്തിനും സമീപം രാത്രിമുതൽ തമ്പടിച്ച ആരാധകക്കൂട്ടം ആർപ്പുവിളികളോടെ തയ്യാറെടുപ്പുകൾ തുടങ്ങി. ഇടയ്ക്ക് കൊട്ടാരജനാലയ്ക്കൽ പ്രത്യക്ഷപ്പെട്ട് വില്യം രാജകുമാരനും ഹാരി രാജകുമാരനും ആരാധകർക്ക് അഭിവാദ്യം അറിയിക്കുകയും ചെയ്തു.

വിവാഹത്തലേന്ന് കെൻസിങ്ടൺ കൊട്ടാരത്തിൽ ബന്ധുക്കളാകാൻ പോകുന്നവരുടെ കൂടിച്ചേരലായിരുന്നു മുഖ്യ പരിപാടി. മേഘർ മെർക്ക്‌ലും അമ്മ ഡോറിയ റാഗ്‌ലൻഡും കൊട്ടാരത്തിലെത്തി രാജ്ഞിയെയും മറ്റുള്ളവരെയും സന്ദർശിച്ചു. ഒരുമിച്ച് ചായകുടിച്ച് പിരിഞ്ഞശേഷം മേഘനും അമ്മയും താമസസ്ഥലത്തേക്ക് പോയി. ബെർക്ക്ഷയറിലെ ക്ലിവേദൻ ഹൗസ് ഹോട്ടലിലായിരുന്നു വിവാഹപൂർവ രാത്രിയിൽ പ്രതിശ്രുത വധുവിന്റെ ഉറക്കം.

ക്ലിവേദനിൽ മേഘനും അമ്മയ്ക്കും പുറമേ, മേഘന്റെ ഉറ്റസുഹൃത്തുക്കളും ഡ്രസ് ഡിസൈനറും ഹെയർഡ്രസ്സറും മാത്രമാണുണ്ടായിരുന്നത്. ഹോട്ടലിലേക്ക് മേഘനെത്തുമ്പോൾ അവിടെ സ്വീകരിക്കാൻ നിരവധിയാളുകൾ തടിച്ചുകൂടിയിരുന്നു. അവരെയെല്ലാം അഭിവാദ്യം ചെയ്ത മേഘൻ, സ്വീകരണത്തിന് നന്ദി പറയുകയും ചെയ്തു. ഡോറിയയും രാജകുടുംബത്തിന്റെ അന്തസ്സിന് ചേർന്ന വിധം കാത്തുനിന്നവരെ അഭിവാദ്യം ചെയ്തശേഷമാണ് ഹോട്ടലിലേക്ക് പ്രവേശിച്ചത്.

വിൻഡ്‌സർ കാസിലിലായിരുന്നു ഹാരിയും വില്യമും ഉണ്ടായിരുന്നത്. ഇവിടെയെത്തിയ ആരാധകരെ ഇരുവരും അഭിവാദ്യം ചയ്യുകയും ചെയ്തു. കെൻസിങ്ടൺ കൊട്ടാരത്തിൽ രാജ്ഞിയെ സന്ദർശിക്കാൻ പോയി മടങ്ങുമ്പോൾ ഹാരിയും മേഘനും ഒരുമിച്ചാണ് ആരാധകരെ കാണാനെത്തിയത്. വിവാഹത്തിനുമുമ്പുള്ള അവസാന രാത്രി സഹോദരൻ വില്യമുമൊത്താണ് ഹാരി ചെലവിട്ടത്. വിൻഡ്‌സർ കാസിലിന് തൊട്ടരികിലുള്ള പഞ്ചനക്ഷത്ര ഹോട്ടലായ കോവർത്ത് പാർക്കിലായിരുന്നു സഹോദരന്മാരുടെ ബാച്ചിലർ പാർട്ടി.

തനിക്കിനിയും കാത്തിരിക്കാനുള്ള ക്ഷമയില്ലെന്നാണ് കെൻസിങ്ടൺ കൊട്ടാരത്തിൽനിന്ന് മടങ്ങവെ ആരാധകരിലൊരാളുടെ ചോദ്യത്തിന് മറുപടിയായി ഹാരി പറഞ്ഞത്. തടിച്ചുകൂടിയ ആരാധകരുടെ നേരെ കൈവീശിയും അവർക്കിടയിലേക്ക് ഇറങ്ങിച്ചെന്നും ആവേശഭരിതനായാണ് ഹാരി സ്‌നേഹം പങ്കുവെച്ചത്. വില്യമും ആരാധകരോട് വിശേഷങ്ങൾ പങ്കുവെച്ച് സമയം ചെലവിടാൻ തയ്യാറായി. ഇതിനുശേഷം വിൻഡ്‌സർ കാസിലിലെത്തിയ സഹോദരന്മാർ പിന്നീട് കോവർത്തിലേക്ക് പോവുകയായിരുന്നു.