ലണ്ടൻ: വിൻഡ്‌സർ കാസിലിൽ ഹാരി രാജകുമാരൻ മേഘൻ മെർക്ക്‌ലിന്റെ കഴുത്തിൽ മിന്നുകെട്ടുമ്പോൽ പാപ്പരാസികൾ തിരഞ്ഞുവരിക തന്നെയാകുമെന്ന് ഏറ്റവും നന്നായറിയുന്ന ഒരാൾ തെക്കേയമേരിക്കയിൽ ഒളിഞ്ഞിരുപ്പുണ്ട്. ട്രെവർ എംഗൽസൺ. മേഘന്റെ ആദ്യഭർത്താവ്. ഏഴുവർഷത്തെ പ്രണയത്തിനുശേഷം 2011-ലാണ് മേഘനും ട്രെവറും വിവാഹം ചെയതത്. രണ്ടുവർഷത്തിനുശേഷം അവർ പിരിയുകയും ചെയ്തു. ഹാരിയും മേഘനും ഒന്നാകുമ്പോൾ, പത്രക്കാർ തനിക്കുപിന്നാലെ വരുമെന്നതിനാൽ, തെക്കേയമേരിക്കയിൽ രഹസ്യകേന്ദ്രത്തിലാണ് ഇപ്പോൾ ട്രെവർ ഉള്ളത്.

സിനിമാ നിർമ്മാതാവായ ട്രെവർ 2004-ലാണ് 23-കാരിയായ മേഘനെ ആദ്യമായി കണ്ടുമുട്ടുന്നത്. സിനിമാലോകത്തേക്ക് കടന്നുവരികയായിരുന്ന മേഘനെ പിന്നീട് വളർത്തിയത് ട്രെവറാണ്. 2010-ൽ റോബർട്ട് പാറ്റിൻസണിന്റെ റിമംബർ മീ എന്ന സിനിമയിൽ മേഘന് അവസരം നേടിക്കൊടുത്തതും ട്രെവറാണ്. പരസ്പരമുള്ള പരിചയം പ്രണയത്തിലേക്ക് വഴിമാറി. ഏഴുവർഷത്തെ പ്രണയത്തിനുശേഷം 2010 സെപ്റ്റംബർ പത്തിന് ജമൈക്കയിലെ ഓക്കോ റിയോസിലുള്ള ജമൈക്ക ഇന്നിൽവെച്ച് സാഘോഷം അവർ വിവാഹിതരായി.

നാലുദിവസം നീണ്ടുനിന്ന വിവാഹാഘോഷമായിരുന്നു അന്ന് മേഘനും ട്രെവറും സംഘടിപ്പിച്ചത്. പാട്ടും നൃത്തവുമൊക്കായായി സുഹൃത്തുക്കൾക്കൊപ്പം കൊണ്ടാടിയ വിവാഹത്തിന് പക്ഷേ, രണ്ടുവർഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ചെറിയ ചെറിയ തർക്കങ്ങൾ വഴക്കിലേക്കും ഭിന്നതയിലേക്കും നീണ്ടതോടെ അവർ പിരിയാൻ തീരുമാനിച്ചു. 2013 ഓഗസ്റ്റിൽ അവർ വേർപിരിഞ്ഞു. പുതിയ അവസരങ്ങൾ തേടിവന്നതോടെയാണ് മേഘൻ കുടുംബജീവിതത്തിന് വിരാമമിട്ടതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

വേർപിരിയൽ ട്രെവറിനെ വല്ലാതെ തളർത്തി. ടൊറന്റോയിൽ സ്ഥിരതാമസമാക്കിയ മേഘൻ ഇതിനിടെ കനേഡിയൻ ഷെഫ് കോറി വിറ്റിയേല്ലോയുമായി പ്രണയത്തിലായി. അഭിനയവും പ്രണയവുമായി നടക്കുന്നതിനിടെയാണ് 2016-ൽ മേഘനും ഹാരിയും പ്രണയത്തിലാകുന്നത്. ഈ വാർത്തയും ട്രെവറിനെ കൂടുതൽ തളർത്തി. ബേവാച്ച് അഭിനേത്രി ഷാർലറ്റ് മക്കിന്നിയുമായുള്ള ബന്ധം ട്രെവറിനെ പതുക്കെ സിനിമാലോകത്തേക്ക് തിരിച്ചുകൊണ്ടുവന്നു.

ഇക്കാലയളവിലാണ് തന്റെ പുതിയ ടെലിവിഷൻ പരമ്പരയ്ക്ക് മേഘന്റേതിന് സമാനമായൊരു ഇതിവൃത്തം ട്രെവർ ആലോചിച്ചുതുടങ്ങിയത്. അമേരിക്കയിൽനിന്ന് ബ്രിട്ടീഷ് രാജകുടുംബാംഗത്തെ വിവാഹം ചെയ്യാൻ ലണ്ടനിലേക്ക് പോകുന്ന യുവതിയുട കഥയായിരുന്നു ട്രെവറിന്റെ മനസ്സിലുണ്ടായിരുന്നത്. ഈ നായികയും വിവാഹബന്ധം വേർപെടുത്തിയശേഷമാണ് രാജകുമാരനെ വിവാഹം ചെയ്യാൻ പോയത്. സിനിമയ്ക്ക് തന്റെ ജീവിതവുമായുള്ള സമാനത മനസ്സിലാക്കിയ മേഘൻ, സുഹൃത്തുക്കൾ മുഖേന ട്രെവറിനെ അതിൽനിന്ന് പിന്തിരിപ്പിച്ചു.

ആൻഡ്രു മോർട്ടണിന്റെ മേഘൻ: എ ഹോളിവുഡ് പ്രിൻസസ് എന്ന പുസ്തകം മേഘൻ മെർക്ക്‌ലിന്റെ പൂർവകാല ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതാണ്. ട്രെവറിനെയും അദ്ദേഹം ഈ പുസ്തകത്തിലൂടെ പരിചയപ്പെടുത്തുന്നു. ന്യൂട്രീഷൻ എക്‌സ്‌പെർട്ടായ ട്രെസി കുർലൻഡിനൊപ്പമാണ് ട്രെവർ ഇപ്പോൾ താമസിക്കുന്നത്. മേഘനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വീണ്ടും വാർത്തകളിലിടം പിടിക്കാതിരിക്കുന്നതിനാണ് ട്രെവർ ഇപ്പോൾ തെക്കേയമേരിക്കയിലെ രഹസ്യകേന്ദ്രത്തിലേക്ക് പോയതെന്നാണ് റിപ്പോർട്ട്.