സാധാരണയായി ബ്രിട്ടീഷ് രാജകുടുംബത്തിലെ വിവാഹങ്ങൾക്ക് വിവിധ രാജ്യങ്ങളുടെ പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരുമെത്താറുണ്ട്. ഇതിന് പുറമെ യൂറോപ്യൻ രാജവംശങ്ങളിലെ പ്രമുഖരും ചടങ്ങിനെത്താറുണ്ട്. എന്നാൽ ഹാരി രാജകുമാരനും മാർകിൾ മേഗനും തമ്മിൽ നടന്ന ഇന്നലത്തെ വിവാഹത്തിൽ പങ്കെടുക്കാൻ ഈ ഗണത്തിലുള്ള ആരെയും ക്ഷണിച്ചിട്ടില്ലെന്നത് പരക്കെ ചർച്ചാവിഷയമാവുകയാണിപ്പോൾ. രാഷ്ട്രത്തലവന്മാരെയൊന്നും ചടങ്ങിന് ക്ഷണിക്കുന്നില്ലെന്ന് കെൻസിങ്ടൺ പാലസ് നേരത്തെ തന്നെ സ്ഥിരീകരിച്ച കാര്യമാണ്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി അത്ര സുഖത്തിലല്ലാത്തതിനാൽ അദ്ദേഹത്തെ ഒഴിവാക്കുന്നതിന് വേണ്ടിയാണ് മറ്റ് പ്രമുഖ രാജ്യങ്ങളുടെ തലവന്മാരെയും വിവാഹത്തിന് ക്ഷണിക്കാതിരുന്നതെന്ന സൂചനകൾ പുറത്ത് വന്നിട്ടുണ്ട്. ഇതിന് പകരം ഇന്നലത്തെ ചടങ്ങിൽ വിഐപി അതിഥികളായെത്തിയി സെലിബ്രിറ്റികൾ സിനിമാക്കാരും കായികതാരങ്ങളുമായിരുന്നു. ഇന്ത്യയിൽ നിന്നും ഇക്കൂട്ടത്തിലേക്ക് ക്ഷണം ലഭിച്ചിരുന്നത് പ്രിയങ്ക ചോപ്രയ്ക്ക് മാത്രമായിരുന്നു. മേഗന്റെ അടുത്ത സുഹൃത്താണ് പ്രിങ്ക ചോപ്ര. ഡേവിഡ് ബെക്കാം മുതൽ സെറീന വില്യംസ് വരെയും വിൻഫ്രി ഒപേര മുതൽ ജോർജ് ക്ലൂണി വരെയുള്ളവരും ഇന്നലത്തെ പ്രൗഢഗംഭീരമായ ചടങ്ങിന് താരത്തിളക്കമേകാനെത്തിയിരുന്നു.

വിദേശ രാജ്യങ്ങളുടെ തലവന്മാരെ ക്ഷണിച്ചില്ലെന്നതോ പോകട്ടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ അടക്കമുള്ള ബ്രിട്ടനിലെ ലീഡർമാരടക്കമുള്ളവരുടെ അസാന്നിധ്യം കൊണ്ടും ഇന്നലത്തെ വിവാഹം ശ്രദ്ധേയമായിരുന്നു. എന്നാൽ 2011ൽ നടന്ന വില്യം രാജകുമാരന്റെയം കേയ്റ്റ് രാജകുമാരിയുടെ വിവാഹത്തിന് ലോകത്തിലെ പ്രമുഖ രാജ്യങ്ങളുടെ നേതാക്കന്മാരെല്ലാമെത്തിയിരുന്നു. വില്യമിന്റെ വിവാഹം പോലെ ഇതൊരു ഔദ്യോഗിക സ്റ്റേറ്റ് ചടങ്ങല്ലെന്നും മറിച്ച് സ്വകാര്യ ചടങ്ങാണെന്നുമായിരുന്നു കെൻസിങ്ടൺ പാലസ് വിശദീകരണം നൽകിയിരുന്നത്.

ലോക പ്രശസ്ത ടെന്നീസ് കളിക്കാരിയായ സെറീന വില്യംസ്, പ്രിയങ്ക ചോപ്ര, ജെസീക്ക് മുൽറോണി എന്നിവർ ഗ്ലാമറസായ ഫ്രോക്കുകൾ ധരിച്ച് ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ ഇന്നലെ തന്നെ പങ്ക് വച്ചിരുന്നു. സെറീന വില്യംസ് നിലത്തോളം നീളുന്ന ഫ്ലോറൽ വാലെന്റിനോ ഗൗൺ ധരിച്ചാണ് ചടങ്ങിൽ തിളങ്ങിയത്.ഇതിന് പുറമെ സ്വർണ നെക്ക്ലെയ്സും കർണാഭരണങ്ങളും സെറീന ധരിച്ചിരുന്നു. തന്റെ വസ്ത്രം ഡിസൈൻ ചെയ്ത ഇറ്റാലിയൻ ഡിസൈനറായ പിർപാലോ പിക്കിയോളിക്ക് നന്ദി പറഞ്ഞ് കൊണ്ടായിരുന്നു സെറീന സോഷ്യൽ മീഡിയയിൽ ചിത്രമിട്ടത്.

സെറീനയ്ക്കൊപ്പം ഭർത്താവ് അലക്സിസ് ഓഹാനിയനും ചടങ്ങിനെത്തിയിരുന്നു. ഇവരുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞ് അലെക്സിനൊപ്പം നിൽക്കുന്ന ചിത്രങ്ങളും ഇവർ പോസ്റ്റ് ചെയ്തിരുന്നു.കൊമേഡിയനായ ജെയിംസ് കോർഡെനായിരുന്നു ഇന്നലെ രാത്രി ഫ്രോഗ്മോറിൽ വച്ച് നടന്ന റിസപ്ഷൻ ഹോസ്ററ് ചെയ്തിരുന്നത്.