ഷ്യക്കാരനും ബ്രിട്ടനിലെ 13ാമത്തെ സമ്പന്നനുമായ റോമൻ അബ്രമോവിച്ചിന് സ്വന്തം നാടായ റഷ്യയിൽ പോയതിന് ശേഷം ബ്രിട്ടനിലേക്ക് തിരിച്ച് വരാൻ സാധിക്കുന്നില്ലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. കഴിഞ്ഞ മാസം കാലഹരണപ്പെട്ട അദ്ദേഹത്തിന്റെ ബ്രിട്ടീഷ് വിസ പുതുക്കാൻ ഹോം ഓഫീസ് തയ്യാറാവാഞ്ഞതിനെ തുടർന്നാണ് ഈ ശതകോടീശ്വരൻ ബ്രിട്ടനിലേക്ക് തിരിച്ച് വരാനാവാതെ റഷ്യയിൽ പെട്ട് പോയിരിക്കുന്നത്.

പ്രീമിയൽ ലീഗ് ഫുട്ബോൾ ടീമായ ചെൽസിയ അടക്കം ശതകോടികളുടെ ബിസിനസ് സാമ്രാജ്യാധിപനായിട്ടും അദ്ദേഹത്തിന് യാതൊരു വിധത്തിലുമുള്ള ഇളവും ഹോം ഓഫീസ് അനുവദിക്കുന്നില്ലെന്നാണ് വ്യക്തമായിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ സ്വദേശമായ റഷ്യയിലേക്ക് ഒരു സന്ദർശത്തിന് പോയ അബ്രമോവിച്ചിന് തിരിച്ച് ബ്രിട്ടനിലേക്ക് വരാൻ പറ്റാത്ത അവസ്ഥയാണുണ്ടായിരിക്കുന്നത്.

ഇതിനാൽ ശനിയാഴ്ച നടന്ന ഫൈനലിൽ തന്റെ ടീം മാഞ്ചസ്റ്ററിനെ വെംബ്ലിയിൽ വച്ച് 1-0 എന്ന സ്‌കോറിന് ജയിക്കുന്നതന് ദൃക്സാക്ഷിയാകാനെത്താൻ അബ്രമോവിച്ചിന് സാധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പുതിയ വിസാ അപേക്ഷ തള്ളിയിട്ടില്ലെന്നും എന്നാൽ മറിച്ച് പതിവിലുമധികം സമയെടുത്ത് വിസ പുതുക്കൽ അവലോകനം ചെയ്ത് വരുകയാണെന്നും അതിന് യാതൊരു വിധത്തിലുമുള്ള വിശദീകരണവും അധികൃതർ നൽകുന്നില്ലെന്നുമാണ് ബ്രിട്ടനിലെ റഷ്യൻ പ്രഭുക്കളുമായി ബന്ധപ്പെട്ട ഉറവിടങ്ങൾ നൽകുന്ന സൂചന.

മുൻ റഷ്യൻ ചാരനായ സെർജി സ്‌ക്രിപാലിനും മകൾക്കും സാലിസ് ബറിയി വച്ച് കഴിഞ്ഞ മാർച്ചിൽ വിഷബാധയേറ്റതിനെ തുടർന്ന് ബ്രിട്ടനും റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധം ഏറ്റവും പരിതാപകരമായ അവസ്ഥയിലെത്തി നിൽക്കുമ്പോഴാണ് അബ്രമോവിച്ചിന് വിസ നിഷേധിക്കപ്പെട്ടിരിക്കുന്നതെന്നത് പ്രാധാന്യമർഹിക്കുന്നു.

റഷ്യയാണ് സ്‌ക്രിപാലിനും മകൾക്കും വിഷം കൊടുത്തതെന്നാണ് ബ്രിട്ടൻ ആരോപിക്കുന്നത്. അതിനെതിരെ റഷ്യ രംഗത്തെത്തിയതോടെ ഇരു രാജ്യങ്ങളും തമമിലുള്ള ബന്ധം വഷളാവുകയായിരുന്നു. ഇതിനെ തുടർന്ന് യുകെയിൽ വീടുകളുള്ളവരും അതിസമ്പന്നരുമായ റഷ്യൻ പ്രഭുക്കളുടെ മേൽ ഉപരോധം ഏർപ്പെടുത്തണമെന്ന നിർദ്ദേശം ശക്തമായിരുന്നു.

അബ്രമോവിച്ചിന് 9.3 ബില്യൺ പൗണ്ടിന്റെ സമ്പത്താണുള്ളതെന്നും യുകെയിലെ 13ാമത്തെ സമ്പന്നനാണെന്നും സൺഡേ ടൈംസ് റിച്ച് ലിസ്റ്റ് വെളിപ്പെടുത്തുന്നു. അബ്രമോവിച്ചിന്റെ ഇൻവെസ്റ്റർ വിസയുടെ കാലാവധി മൂന്നാഴ്ച മുമ്പ് തീർന്നിരുന്നുവെന്നാണ് അദ്ദേഹവുമായി അടുത്ത രണ്ട് പേർ വെളിപ്പെടുത്തുന്നത്.

1991ൽ സോവിയറ്റ് യൂണിയൻ തകർന്നതിന് ശേഷം എണ്ണ, അലുമിനിയം എന്നീ രംഗങ്ങളിലെ ബിസിനസുകളിലൂടെയാണ് അബ്രമോവിച്ച് നേട്ടമുണ്ടാക്കിയത്. തുടർന്ന് വളരെ ആഡംബര പൂർണമായ ഒരു ജീവിതമാണ് അദ്ദേഹം നയിച്ച് വരുന്നത്. നിരവധി പ്രൈവറ്റ് യാട്ടുകൾ, ആർട്ട് ഡീലുകൾ, 2003ൽ കരസ്ഥമാക്കിയ ചെൽസിയുടെ ഉടമസ്ഥത തുടങ്ങിയവ അദ്ദേഹത്തിന്റെ രാജകീയ സമാനമായ ജീവിതത്തിന്റെ സൂചകങ്ങളാണ്.

കെൻസിങ്ടണിൽ 125 മില്യൺ പൗണ്ടിന്റെ മാൻഷനാണ് ഇദ്ദേഹത്തിനുള്ളത്. എന്നാൽ വളരെയേറെ സമയം മോസ്‌കോയിൽ ചെലവിടുന്നതും അദ്ദേഹത്തിന്റെ പതിവാണ്. ഫ്ലൈറ്റ് രേഖകൾ അനുസരിച്ച് അദ്ദേഹത്തിന്റെ പഴ്സണൽ ബോയിങ് 767 എയർപ്ലെയിൻ ലണ്ടനിൽ ഏറ്റവും അവസാനമെത്തിയത് ഏപ്രിൽ ഒന്നിനായിരുന്നു.