ലണ്ടൻ: ലണ്ടൻ കൊലപാതകങ്ങളുടെ തലസ്ഥാനമെന്ന ചീത്തപ്പേര് വീണ്ടും എടുത്തണിയുകയാണ്. നാല് ദിവസത്തിനിടെ നാലാമത്തെ ആൾ ഇന്നലെ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. നോർത്ത് ലണ്ടനിലെ ഇസ്ലിങ്ടണിലെ തിരക്കേറിയ അപ്പർ സ്ട്രീറ്റിലാണ് പേര് വെളിപ്പെടുത്താത്ത ആൾ കുത്തേറ്റ് മരിച്ചിരിക്കുന്നത്. ഇത്തരത്തിൽ ഇന്നലെ വീണ്ടും നിരപരാധിയുടെ ചോര വീണതോടെ ഈ വർഷം ലണ്ടനിൽ കുത്തേറ്റോ വെടിയേറ്റോ കൊല്ലപ്പെടുന്ന 66ാമത്തെ മനുഷ്യജീവനായി ഇയാൾ മാറിയിരിക്കുകയാണ്.

ഇന്നലെ വൈകുന്നേരം ആറരക്ക് കൊലപാതക വാർത്ത പുറത്ത് വന്നതിനെ തുടർന്ന് ഇസ്ലിങ്ടണിലെ അപ്പർ സ്ട്രീറ്റിലേക്ക് പൊലീസ് കുതിച്ചെത്തുകയായിരുന്നു. നിരവധി കുത്തുകളേറ്റതിനെ തുടർന്ന് ഏതാണ്ട് 20 വയസുള്ള യുവാവ് മരിക്കുകയായിരുന്നു. ഇവിടെ നിന്നും കുടുംബങ്ങളും ഷോപ്പിംഗിനെത്തിയവരും പരിഭ്രാന്തിയോടെ ഓടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സ്വെറ്റ്ഷർട്ട് ധരിച്ച് കറുത്ത തുണി കൊണ്ട് തല മൂടി ഒരാൾ ഇവിടെ നിന്നും ഓടുന്നതിന്റെ ദൃശ്യങ്ങളും അതിന് മുമ്പ് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ പിടികൂടാൻ പൊലീസ് ശ്രമിച്ച് വരുന്നുണ്ട്.

ചെറുപ്പക്കാരൻ കുത്തേറ്റ് വീണുവെന്ന വാർത്ത ലഭിച്ചതിനെ തുടർന്ന് പൊലീസ് ഓഫീസർമാരും ലണ്ടൻ ആംബുലൻസ് സർവീസിൽ നിന്നുമുള്ള പാരാമെഡിക്സും ഇസ്ലിങ്ടണിലെ അപ്പർ സ്ട്രീറ്റിലേക്ക് കുതിച്ചെത്തിയിരുന്നു. എന്നാൽ യുവാവിന്റെ മരണം സംഭവസ്ഥലത്ത് വച്ച് തന്നെ സ്ഥിരീകരിച്ചിരുന്നു. സംഭവമറിഞ്ഞെത്തിയ ആളുകൾ ഇസ്ലിങ്ടൺ ടൗൺഹാളിന് മുന്നിൽ കൂട്ടം കൂടി നിൽക്കുന്നുണ്ടായിരുന്നു. യുവാവ് കുത്തേറ്റ് വീണ തെരുവ് പൊലീസ് ബന്തവസിലാണ്. സംഭവം നടന്ന സ്ഥലവും സമീപത്തെ റോഡുകലും ഫോറൻസിക് ഓഫീസർമാർ സൂക്ഷ്മമായ പരിശോധനക്ക് വിധേയമാക്കി വരുന്നുണ്ട്.

സംഭവത്തെ തുടർന്ന് സമീപത്തെ ചില റോഡുകൾ അടച്ചിരുന്നുവെന്നാണ് മെട്രൊപൊളിറ്റൻ പൊലീസിന്റെ വക്താവ് പറയുന്നത്. അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു. സംഭവത്തെ തുടർന്ന് സമീപത്തെ ബാൺസ്ബറി സ്ട്രീറ്റും അടച്ചിട്ടിരുന്നു. കൊലപാതകത്തെ തുടർന്ന് പ്രദേശവാസികൾ കടുത്ത ആശങ്കയിലായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രാത്രി 9.30 ഓടെ പൊലീസ് ഹെലികോപ്റ്റർ ഇസ്ലിങ്ടണ് മുകളിലൂടെ വട്ടം ചുറ്റുന്നുണ്ടായിരുന്നു.

ഞായറാഴ്ച അതിരാവിലെ സൗത്ത് വെസ്റ്റ് ലണ്ടനിലെ മിറ്റ്ചാമിൽ 28കാരായ അരുണേഷ് തങ്കരാജ് കുത്തേറ്റ് മരിച്ചിരുന്നു. ഇതിനെ തുടർന്ന് 44 കാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതിന്റെ ഞെട്ടലിൽ നിന്നും മോചനം ലഭിക്കുന്നതിന് മുമ്പാണ് ഇസ്ലിങ്ടണിലെ കൊലപാതകവും അരങ്ങേറിയിരിക്കുന്നത്.