ബാഗ്ദാദ്: ഐസിസ് ഭീകരരുടെ ഭാര്യമാരായി വിവിധ രാജ്യങ്ങളിൽ നിന്നും ഇറാഖിലെത്തിയ 40 യുവതികൾക്ക് ഇറാഖ് കോടതി വധശിക്ഷ വിധിച്ചു. മതഭ്രാന്ത് കയറി മാതാപിതാക്കളെയും സൗകര്യങ്ങളും ഉപേക്ഷിച്ച് ഇറാഖിലേക്ക് വണ്ടി കയറി ഭീകരന്മാരുടെ വെപ്പാട്ടിമാരായപ്പോൾ ഇവർക്ക് ബാക്കിയായത് കൈക്കുഞ്ഞുങ്ങൾ മാത്രമായിരുന്നു. ജിഹാദ് നടത്തി കെട്ടിയോന്മാരെ കൊല്ലപ്പെട്ടപ്പോൾ കരഞ്ഞും നിലവിളിച്ചും സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ഇവർ ശ്രമിച്ചിരുന്നുവെങ്കിലും അത് നടക്കാതെ പോവുകയും ഇപ്പോൾ കൊലക്കയറിയിലേക്ക് നടന്നടുക്കേണ്ടി വരുകയും ചെയ്തിരിക്കുകയാണ്.

വളരെ കുറച്ച് നേരം നീണ്ട് നിന്ന വിചാരണക്കിടെ തങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി ഇവർ കരഞ്ഞ് അഭ്യർത്ഥിച്ചെങ്കിലും ഫലമില്ലാതെ പോവുകയായിരുന്നു. ഐസിസ് താവളങ്ങളിൽ നിന്നും പിടികൂടിയിരിക്കുന്ന ഡസൻ കണക്കിന് ജിഹാദി വിധവകൾക്ക് ഇറാഖ് അധികൃതർ തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. ഇറാഖിലെ നല്ലൊരു ഭാഗം ഭൂപ്രദേശം ഐസിസുകാർ പിടിച്ചെടുക്കുകയും ഖലീഫത്ത് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ അടുത്ത കാലത്താണ് ഇറാഖ് സൈന്യം അവയെല്ലാം തിരിച്ച് പിടിച്ച് ജിഹാദികളെ തുരത്തിയിരിക്കുന്നത്.

തങ്ങൾ ഇറാഖിലെ ജിഹാദി താവളങ്ങളിലേക്ക് എത്തിപ്പെട്ട കദനകഥകൾ വിവരിച്ച് നിരവധി യുവതികളാണ് രംഗത്തെത്തിയിരിക്കുന്നത്. തകന്നെ ഭർത്താവ് ഇവിടേക്ക് ആകർഷിച്ച് കൊണ്ടു വരുകയായിരുന്നുവെന്നാണ് ഫ്രഞ്ച് പൗരത്വമുള്ള യുവതി ഡിജാമില ബൗടൗടാഔ ബാഗ്ദാദ് കോടതിയിൽ വെളിപ്പെടുത്തിയിരിക്കുന്നത്. യുഎസിന്റെ നേതൃത്വത്തിലുള്ള സൈന്യം മൊസൂളിൽ നടത്തിയ ആക്രമണത്തിലായിരുന്നു ഈ യുവതിയുടെ ഭർത്താവ് കൊല്ലപ്പെട്ടിരുന്നത്. താനൊരു ലൈംഗികഭ്രാന്തനെയാണ് വിവാഹം കഴിച്ചതെന്ന് പിന്നീട് വൈകി മാത്രമാണ് തിരിച്ചറിയാൻ സാധിച്ചതെന്ന് കഴിഞ്ഞ മാസം നടന്ന വിചാരണക്കിടെ 29കാരിയായ യുവതി വെളിപ്പെടുത്തിയിരിക്കുന്നത്.

താൻ ഒരു ഇരയായിത്തീരുകയായിരുന്നുവെന്നും തന്നെ ഭർത്താവ് പതിവായി മർദിക്കാറുണ്ടായിരുന്നുവെന്നും കുട്ടികൾക്കൊപ്പം ഒരു മുറിയിൽ പൂട്ടിയിട്ടിരുന്നുവെന്നും യുവതി കോടതിയിൽ ബോധിപ്പിച്ചിരുന്നു. അയാൾക്കൊപ്പം സിറിയയിലേക്ക് പോകാൻ താൻ വിസമ്മതം പ്രകടിപ്പിച്ചതിനെ തുടർന്നാണ് താൻ ഇതിന് ഇരയായിത്തീരേണ്ടി വന്നതെന്നും യുവതി പറയുന്നു. തന്റെ മകളെ സംരക്ഷിക്കാൻ അവസരം തരണമെന്ന് അഭ്യർത്ഥിച്ച് ഡിജാമില കഴിഞ്ഞ ആഴ്ച വീണ്ടും കോടതിയിൽ എത്തിയിരുന്നു.

ഐസിസിൽ ചേരാൻ വന്ന 40,000ത്തോളം വിദേശികളിലൊരാൾ മാത്രമാണ് ഡിജാമില.ഇവരിൽ 800 പേർ ബ്രിട്ടീഷുകാരും 1900 പേർ ഫ്രഞ്ചുകാരുമാണ്. ഐസിസുമായി ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് ഏതാണ്ട് 1000ത്തോളം സ്ത്രീകളെയാണ് ഇറാഖിലെ ജയിലുകളിൽ അടച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ബാഗ്ദാദ് കോടതി 19 റഷ്യൻ സ്ത്രീകളെ ഇറാഖിൽ വന്ന് ഐസിസിൽ ചേർന്നതിന്റെ പേരിൽ ജീവപര്യന്തം തടവിലിട്ടിരുന്നു.