ലണ്ടൻ: യൂറോപ്പിലേക്കുള്ള കുടിയേറ്റം വർധിച്ചതനുസരിച്ച് അവിടെയുള്ള തീവ്ര വലതുപക്ഷ സംഘടനകളും ശക്തരാകാൻ തുടങ്ങുകയായിരുന്നു. മിക്കരാജ്യങ്ങളിലും വലതുവംശീയ പാർട്ടികൾ തലപൊക്കുകയും സ്വാധീനം കൈവരിക്കുകയും ചെയ്തു. സ്വീഡനിലും വംശീയ പാർട്ടിയായ സ്വീഡൻ ഡമോക്രാറ്റ്‌സ് ഇത്തരത്തിൽ മുഖ്യധാരയിലേക്ക് എത്തി. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സ്വീഡനിൽ ഭരണകക്ഷിയെ താഴെയിറക്കാനുള്ള ശേഷി ഇപ്പോൾ കുടിയേറ്റവിരുദ്ധ മുന്നണിയായ സ്വീഡൻ ഡമോക്രാറ്റ്‌സിനുണ്ട്.

2015-ൽ 160,000 അഭയാർഥികളെയാണ് ഭരണകക്ഷിയായ സോഷ്യൽ ഡമോക്രാറ്റ്‌സ് സ്വീഡനിലേക്ക് ആനയിച്ചത്. ഇതിനൊപ്പം തന്നെ കുടിയേറ്റവിരുദ്ധ വികാരവും സ്വീഡനിൽ വളർന്നു. നിയോ-നാസി സംഘടനകളുടെ കൂട്ടായ്മയ്ക്കും സ്വീഡൻ ഡമോക്രാറ്റ്‌സിന്റെ വളർച്ചയ്ക്കും ഇത് വഴിയൊരുക്കി. സെപ്റ്റംബർ ഒമ്പതിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ സീറ്റുകൾ നേടാൻ തക്ക ബലമുള്ള പാർട്ടിയായി ഇപ്പോൾ സ്വീഡൻ ഡമോക്രാറ്റ്‌സ് മാറിയതായാണ് റിപ്പോർട്ടുകൾ.

ഏറ്റവുമൊടുവിൽ നടന്ന അഭിപ്രായ സർവേ അനുസരിച്ച് 20 ശതമാനത്തോളം പിന്തുണ സ്വീഡൻ ഡമോക്രാറ്റ്‌സിനുണ്ട്. ഗ്രീൻസിനും ഇടതുപാർട്ടിക്കുമൊപ്പം ന്യൂനപക്ഷ സഖ്യ സർക്കാരിന് നേതൃത്വം നൽകുന്ന സോഷ്യൽ ഡമോക്രാറ്റ്‌സിന് 24 ശതമാനം പേരുടെ പിന്തുണയേയുള്ളൂ. സെന്റർ-റൈറ്റ് പാർട്ടിയായ മോഡറേറ്റ്‌സിന് 22 ശതമാനം പേരുടെയും പിന്തുണയുള്ളതായി അഭിപ്രായ സർവേ തെളിയിക്കുന്നു.

തിരഞ്ഞെടുപ്പിൽ സോഷ്യൽ ഡമോക്രാറ്റ്‌സ് മുന്നണിക്കെതിരേ മോഡറേറ്റ്‌സും സെന്ററും ക്രിസ്റ്റിയൻ ഡമോക്രാറ്റ്‌സും ലിബറൽസും യോജിച്ച് മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2014-ലെ തിരഞ്ഞെടുപ്പിൽ സോഷ്യൽ ഡമോക്രാറ്റ്‌സിന് 31 ശതമാനത്തോളം വോട്ടുകൾ ലഭിച്ചിരുന്നു. മോഡറേറ്റ്‌സിന് 23.3 ശതമാനവും. സ്വീഡൻ ഡമോക്രാറ്റ്‌സിന് അന്ന് ലഭിച്ചത് 13 ശതമാനം വോട്ടാണ്. ആർക്കും ഭൂരിപക്ഷമില്ലാതെ വന്നതോടെ, സോഷ്യൽ ഡമോക്രാറ്റ്‌സ് ഗ്രീൻ പാർട്ടിയെ കൂട്ടുപിടിച്ച് സഖ്യ സർക്കാരുണ്ടാക്കുകയായിരുന്നു.

യൂറോപ്പിൽ വംശീയ പാർട്ടികൾ അധികാരത്തിലേക്ക് മുന്നേറുന്നുവെന്ന സൂചനയും സ്വീഡനിലെ സർവേ നൽകുന്നുണ്ട്. ഇറ്റലിയിൽ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തീവ്ര വലതുപക്ഷ പാർട്ടികളായ ഫൈവ് സ്റ്റാർ മൂവ്‌മെന്റും ലീഗും ചേർന്ന് സഖ്യ സർക്കാരുണ്ടാക്കാനുള്ള നീക്കങ്ങളാണ് അവിടെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.