ലണ്ടൻ: മുൻ റഷ്യൻ ചാരൻ സെർജി സ്‌ക്രിപാലും മകൾ യുലിയയും മാർച്ചിൽ വിഷബാധയേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായതിനെ തുടർന്ന് ഇതിന് പിന്നിൽ റഷ്യയാണെന്ന് ആരോപിച്ച് ബ്രിട്ടൻ ശക്തമായി രംഗത്തിറങ്ങിയിരുന്നുവല്ലോ. അവരെ സംരക്ഷിക്കാൻ വേണ്ടിയായിരുന്നു ബ്രിട്ടൻ ഇതിന് തുനിഞ്ഞത്. എന്നാൽ അത് ബ്രിട്ടന് തന്നെ തിരിച്ചടിയാകുന്നുവോയെന്ന സംശയമാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്. അതായത് ഇപ്പോൾ അപകടനില തരണം ചെയ്തിരിക്കുന്ന യുലിയ തനിക്ക് മാതൃരാജ്യമായ റഷ്യയിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയതാണ് ബ്രിട്ടന് തിരിച്ചടിയായിരിക്കുന്നത്.

യുകെയിലെ റഷ്യൻ സമ്പന്നരെ നിയന്ത്രിക്കുന്നതിനായി അവരുടെ വിസകൾ പോലും നിഷേധിച്ച് ശക്തമായി രംഗത്തിറങ്ങിയിരിക്കുന്ന ബ്രിട്ടൻ ഇതോടെ ആശങ്കയിലായിരിക്കുകയാണ്.റഷ്യ നടത്തിയ നെർവ് ഏജന്റ് ആക്രമണത്തെ തുടർന്നാണ് സ്‌ക്രിപാലിനും യുലിയക്കും വിഷബാധയേറ്റതെന്നാണ് ബ്രിട്ടൻ ആരോപിച്ചിരുന്നത്. ഇത്തരമൊരു ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട് ജീവൻ തിരിച്ച് കിട്ടിയതിൽ തനിക്കേറെ സന്തോഷമുണ്ടെന്നും എന്നാൽ റഷ്യയിലേക്ക് എത്രയും വേഗം തിരിച്ച് പോകണമെന്നുമാണ് യുലിയയുടെ ആദ്യ പ്രതികരണം. തങ്ങൾക്ക് നേരെയുണ്ടായിരിക്കുന്ന ഈ ആക്രമണത്തിന് പിന്നിൽ റഷ്യയാണെന്ന് കുറ്റപ്പെടുത്താൻ യുലിയ തയ്യാറായിട്ടുമില്ല.

തങ്ങൾക്ക് നേരെ നടന്നത് ആസൂത്രണം ചെയതുകൊലപാതക ശ്രമമാണെന്ന് യുലിയ സമ്മതിക്കുന്നുണ്ടെങ്കിലും റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിന്റെ അറിവോടെയാണ് ഈ ആക്രമണം നടത്തിയിരിക്കുന്നതെന്ന ബ്രിട്ടന്റെ വാദത്തെ പിന്തുണയ്ക്കാൻ യുലിയ തയ്യാറായിട്ടില്ല. മാർച്ച് നാലിന് കെമിക്കൽ ഏജന്റ് നോവിചോക്കിനാൽ വിഷബാധയേറ്റ് യുലിയയും സ്‌ക്രിപാലും സാലിസ് ബറിയിൽ സാലിസ്‌ബറിയിൽ അബോധാവസ്ഥയിൽ കിടക്കുന്ന നിലയിൽ കാണപ്പെടുകയായിരുന്നു. ഇതിന് പിന്നിൽ റഷ്യൻ പ്രസിഡന്റ് പുട്ടിൻെ അറിവോടെ പ്രവർത്തിച്ച റഷ്യൻ രഹസ്യഏജന്റുമാരാണെന്ന് ബ്രിട്ടൻ ആരോപിച്ചിരുന്നു.

ഇതിനെ തുടർന്ന് നിരവധി രാജ്യങ്ങൾ റഷ്യയെ കുറ്റപ്പെടുത്തി രംഗത്തെത്തുകയും ചെയ്തിരുന്നു. ഈ ഒരു സാഹചര്യത്തിൽ മനുഷ്യാവകാശ ധ്വംസകരെന്നാരോപിച്ച് യുകെയിലെ റഷ്യൻ സമ്പന്നരുടെ വസ്തുവകകൾ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് എംപിമാർ മുന്നോട്ട് വന്നിരുന്നു. തൽഫലമായിട്ടാണ് റഷ്യൻ ധനികർക്ക് വിസപോലും നിഷേധിച്ച് ബ്രിട്ടൻ രംഗത്തെത്തിയിരുന്നത്. എന്നാൽ യുലിയയുടെ ഈ വിധത്തിലുള്ള പ്രതികരണത്തോടെ ബ്രിട്ടൻ ഈ വിഷയത്തിൽ സ്വീകരിച്ച നിലപാടിന് തിരിച്ചടി നേരിട്ടിരിക്കുകയാണ്.

തങ്ങളെ ഇല്ലാതാക്കാനായി നെർവ് ഏജന്റുപയോഗിച്ചുവെന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണെന്നും അതിൽ നിന്നും രക്ഷപ്പെട്ടിരിക്കുന്നത് മഹാഭാഗ്യമാണെന്നും ആക്രമണത്തെക്കുറിച്ച് വിവരിക്കുന്ന വിശദമായ കത്തിൽ യുലിയ പ്രതികരിച്ചിരിക്കുന്നു. ഇതിനെ കുറിച്ച് സംസാരിക്കുമ്പോഴും യുലിയയുടെ ശ്വാസനാളിയിലുള്ള രണ്ടിഞ്ച് മുറിവിന്റെ പാട് ഇപ്പോഴും ദൃശ്യവുമാണ്. യുവതിയുടെ ജീവൻ രക്ഷിക്കാനായി പാരാമെഡിക്സ് അടിയന്തിരമായി ചെയ്തിരിക്കുന്ന ട്രാചിയോടമിയുടെ പാടാണിത്. വിഷബാധയെ തുടർന്ന് 33 ദിവസങ്ങളായിരുന്നു യുലിയ കോമ അവസ്ഥയിൽ കിടന്നിരുന്നത്.

യുലിയ ജീവിച്ചിരിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് വെളിപ്പെടുത്തി റഷ്യൻ എംബസി ഇതിനെ തുടർന്ന് പ്രസ്താവനയിറക്കുകയും ചെയ്തിട്ടുണ്ട്. സെർജിസ്‌ക്രിപാൽ രക്ഷപ്പെട്ടതിൽ സന്തോഷം രേഖപ്പെടുത്തി കഴിഞ്ഞ ദിവസമായിരുന്നു പുട്ടിൻ രംഗത്തെത്തിയത്. എന്നാൽ ബ്രിട്ടൻ ആരോപിക്കുന്നത് പോലെ മിലിട്ടറി-ഗ്രേഡ് പോയിസനായിരുന്നു സ്‌ക്രിപാലിന് നേരെ പ്രയോഗിച്ചിരുന്നതെങ്കിൽ അദ്ദേഹം അവിടെ വച്ച് തന്നെ മരിച്ച് പൊവുമായിരുന്നുവെന്നും പുട്ടിൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.