ലണ്ടൻ: രാജകുടുംബത്തിലേക്ക് ഹാരിരാജകുമാരന്റെ വധുവായി വലം കാൽ വച്ച് കയറിയ മേഗൻ മാർകിൾ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ചാൾസിന്റെ രണ്ടാം ഭാര്യയായ കാമിലയുമായി അടുത്ത ബന്ധം സ്ഥാപിച്ചുവെന്ന് സൂചന. കാമില മേഗന്റെ മനസാക്ഷി സൂക്ഷിപ്പുകാരിയായി മാറിയോ...? എന്ന ചോദ്യമാണ് ഈ അവസരത്തിൽ ചില മാധ്യമങ്ങൾ ഉയർത്തുന്നത്. അകാലത്തിൽ പൊലിഞ്ഞ് പോയ തന്റെ അമ്മ ഡയാന രാജകുമാരിയെക്കുറിച്ചോർത്ത് ഹാരി ഇന്നും വിതുമ്പുമ്പോഴാണ് ഹാരിയുടെ അച്ഛൻ ചാൾസ് രാജകുമാരനെ വളച്ചെടുത്ത് ഡയാനയെ വഞ്ചിച്ച കാമിലയെ മേഗൻ കൈയിലെടുത്തിരിക്കുന്നതെന്ന ആരോപണവും ശക്തമാണ്. മേഗനും കാമിലയും നിലവിൽ സൂപ്പർ കമ്പനിയായെന്നും റിപ്പോർട്ടുകളുണ്ട്.

ചൊവ്വാഴ്ച ബക്കിങ്ഹാം പാലസിൽ വച്ച് നടന്ന ചാൾസ് രാജകുമാരന്റെ 70ാം പിറന്നാളിനോട് അനുബന്ധിച്ച് നടന്ന പാർട്ടിക്കിടെയാണ് കാമിലയും മേഗനും അടുത്ത് പെരുമാറുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ഇവിടെ വച്ച് കാമില മേഗന്റെ കൈപിടിച്ച് സ്നേഹത്തോടെ സംസാരിക്കുന്നതും ചെവിയിൽ എന്തോ പറയുന്നതും കാണാം. വിവാഹശേഷം ഡ്യൂചസ് ഓഫ് സസെക്സ് എന്ന അപൂർവ പദവി ലഭിച്ചതിന് ശേഷം മേഗൻ പങ്കെടുക്കുന്ന ആദ്യത്തെ ഔദ്യോഗിക എൻഗേജ്മെന്റിൽ വച്ചായിരുന്നു കാമിലയും മേഗനും അടുത്ത് പെരുമാറിയത്.

മേഗൻ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കാമിലയടക്കമുള്ള രാജകുടുംബാംഗങ്ങളെ കൈയിലെടുത്തെന്നാണ് ബോഡി ലാംഗ്വേജ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. പുറത്ത് വന്നിരിക്കുന്ന ചിത്രങ്ങൾ അനുസരിച്ച് ഹാരിയുടെ രണ്ടാനമ്മയായ കാമില മേഗനുമായി വളരെ ആത്മവിശ്വാസത്തോടെയാണ് ഇടപഴകി സംസാരിക്കുന്നത്. 2005ൽ ചാൾസിനെ വിവാഹം ചെയ്തതിനെ തുടർന്ന് ഡ്യൂചസസ് ഓഫ് കോൺവാൾ എന്ന പദവി ലഭിച്ച കാമില തന്റെ അനുഭവങ്ങൾ മേഗനുമായി പങ്ക് വച്ചിരിക്കാമെന്നും വിലയിരുത്തലുണ്ട്. മേഗന് രാജകുടുംബവുമായി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിലുണ്ടായ അടുത്ത ബന്ധമാണ് ഈ ചലനങ്ങളിലൂടെ വായിച്ചെടുക്കാൻ സാധിക്കുന്നതെന്നാണ് ബോഡി ലാംഗ്വേജ് വിദഗ്ധനായ ജുഡി ജെയിംസ് പറയുന്നത്.

രാഷ്ട്രീയനേതാക്കൾ കൈപിടിച്ച് കുലുക്കലും മറ്റും പരസ്യമായി ചെയ്യുന്ന കാര്യമാണെങ്കിലും വളരെ അടുത്ത ബന്ധമുണ്ടായാൽ മാത്രമേ രാജകുടുംബാംഗങ്ങൾ പരസ്യമായി ഇത്തരത്തിൽ പ്രവർത്തിക്കുകയുള്ളുവെന്നും ജുഡി അഭിപ്രായപ്പെടുന്നു. കാമിലയുടെ അംഗീകാരം ചുരുങ്ങിയ സമയങ്ങൾക്കുള്ളിൽ നേടിയെടുക്കാൻ മേഗന് സാധിച്ചിരിക്കുന്നുവെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. പിറന്നാൾ പാർട്ടിയെ പ റ്റി കാമില ചാനൽ 5 ന്യൂസ് റൂമിൽ വച്ച് വളരെ ആവേശത്തോടെയായിരുന്നു പ്രതികരിച്ചിരുന്നത്. ഇത് സ്നേഹം കവിഞ്ഞൊഴുകിയ ദിവസമായിരുന്നുവെന്നും എല്ലാം നേരാംവണ്ണം നടന്നുവെന്നും കാമില പറയുന്നു.