ഹോളിവുഡിൽ നടിമാർക്കുനേരെ ലൈംഗികാതിക്രമം ഉണ്ടാകുന്നുവെന്ന വിവാദം അവസാനിക്കുന്നില്ല. ഏറ്റവുമൊടുവിൽ ആരോപണമുയർന്നിരിക്കുന്നത് വിഖ്യാത നടനും നിർമ്മാതാവുമായ മോർഗൻ ഫ്രീമാനെതിരെയാണ്. നടിമാരടക്കം എട്ടു യുവതികളാണ് ഫ്രീമാനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. തുടർന്ന് ആരെയെങ്കിലും വേദനിപ്പിക്കാനോ അപമാനിക്കാനോ ലക്ഷ്യമിട്ട് താനൊന്നും ചെയ്തിട്ടില്ലെന്ന മാപ്പപേക്ഷയുമായി 80-കാരനായ നടൻ രംഗത്തെത്തി.

'എന്നോടൊപ്പം ജോലി ചെയ്തിട്ടുള്ളവർക്കും എന്നെ അറിയുന്നവർക്കും ഞാൻ അത്തരക്കാരനല്ലെന്ന് അറിയാ'മെന്ന് ഫ്രീമാന്റെ കുറിപ്പിൽ പറയുന്നു. ആരെയെങ്കിലും മനപ്പൂർവം അപമാനിക്കുന്ന പ്രവർത്തി തന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നാണ് മോർഗന്റെ വിശദീകരണം. അങ്ങനെയാർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ താൻ മാപ്പുചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫ്രീമാന്റെ സ്വഭാവത്തിലെ വൈകൃതങ്ങൾ വ്യക്തമാക്കുന്ന തരത്തിൽ എട്ട് വ്യത്യസ്ത യുവതികൾ നടത്തിയ ആരോപണങ്ങൾ സിഎൻഎൻ പുറത്തുവിട്ടതിന് പിന്നാലെയാണ് ഫ്രീമാന്റെ മാപ്പുചോദിക്കൽ. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, വാൻകുവർ പബ്ലിക് ട്രാൻസ്‌പോർട്ട് അവരുടെ വാഹനങ്ങളിൽ മോർഗൻ ശബ്ദം നൽകിയ അനൗൺസ്‌മെന്റുകൾ പിൻവലിച്ചിരുന്നു. വിസ കാർഡിന്റെ പരസ്യത്തിനുവേണ്ടിയാണ് ഫ്രീമാൻ ശബ്ദം നൽകിയിരുന്നത്. ജനുവരിയിൽ അദ്ദേഹത്തിന് പ്രഖ്യാപിച്ച ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌കാരം തിരിച്ചെടുക്കുന്ന കാര്യം സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡും ആലോചിക്കുന്നുണ്ട്.

സെറ്റിലെ പ്രൊഡക്ഷൻ അസിസ്റ്റന്റായി പ്രവർത്തിച്ച യുവതിയടക്കമാണ് ഫ്രീമാനെതിരെ രംഗത്തുവന്നത്. 2015-ൽ ഒരുമിച്ച് ജോലി ചെയ്യുമ്പോൾ ഫ്രീമാൻ തന്റെ പാവാട തുടർച്ചയായി പൊക്കിനോക്കാൻ ശ്രമിച്ചുവെന്നാണ് അവരുടെ ആരോപണം. ഫ്രീമാന്റെ പ്രൊഡക്ഷൻ കമ്പനിയായ റെവെലേഷൻസ് എന്റർടെയ്ന്മെന്റിൻ ജോലി ചെയ്യാനെത്തിയവർക്കാണ് ഫ്രീമാനിൽനിന്ന് മോശം പെരുമാറ്റം നേരിടേണ്ടിവന്നത്. ഒരു വളഷൻ വയസ്സനെപ്പോലെയാണ് ഫ്രീമാൻ പെരുമാററിയതെന്ന് യുവതികൾ ആരോപിക്കുന്നു.

ഗോയിങ് ഇൻ സ്‌റ്റൈൽ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് തന്നെ ഫ്രീമാൻ അപമാനിച്ചതെന്ന് പ്രൊഡക്ഷൻ യൂണിറ്റിലെ യുവതി പറഞ്ഞു. 2015-ലായിരുന്നു അത്. താൻ അടിവസ്ത്രം ധരിച്ചിട്ടുണ്ടോ എന്ന് നോക്കട്ടെ എന്നുപറഞ്ഞാണ് പാവാട പൊക്കി നോക്കിയതെന്നും അവർ ആരോപിച്ചു. സഹനടനായ അലൻ ആർകിൻ ഇടപെടുകയും ഫ്രീമാനെ പിന്തിരിപ്പിച്ചുവെന്നും യുവതി പറയുന്നു. ധരിക്കുന്ന വസ്ത്രങ്ങളെക്കുറിച്ച് ശരീരത്തെ സൂചിപ്പിച്ചുകൊണ്ട് അശ്ലീല കമന്റുകൾ പറയാറുണ്ടായിരുന്നുവെനന്് മറ്റൊരു യുവതിയും ആരോപിക്കുന്നു.

സി.എൻ.എന്റെ മാധ്യമപ്രവർത്തക ചോൾ മലാസാണ് യുവതികളുടെ ആരോപണം രംഗത്തുകൊണ്ടുവന്നത്. മലാസിനുനേർക്കും ഫ്രീമാൻ അശ്ലീലച്ചുവയോടെ സംസാരിച്ചിട്ടുണ്ട്. 2017-ൽ താൻ ആറുമാസത്തോളം ഗർഭിണിയിയാരിക്കെ ഫ്രീമാനെ അഭിമുഖം ചെയ്യുന്നതിനിടെയായിരുന്നു അതെന്ന് മലാസ് വ്യക്തമാക്കി. ഇതോടെയാണ് യഥാർഥ ഫ്രീമാനെ പുറംലോകത്തിന് കാട്ടിക്കൊടുക്കണമെന്ന് അവർ നിശ്ചയിച്ചതും തന്നെപ്പോലെ അപമാനിക്കപ്പെട്ട മറ്റ് യുവതികളെ കണ്ടെത്താൻ ശ്രമിച്ചതും.

എന്തുവസ്ത്രമിട്ടു ചെന്നാലും ഫ്രീമാന്റെ വക എന്തെങ്കിലും കമന്റുണ്ടാകുമെന്നും അത് പലപ്പോഴും ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും പ്രൊഡക്ഷൻ കമ്പനിയിൽ മാനേജരായി ജോലി ചെയ്തിട്ടുള്ള മറ്റൊരു യുവതി പറഞ്ഞു. പുരുഷന്മാരായ സഹപ്രവർത്തകർ പലപ്പോഴും ഇത് കേട്ടില്ലെന്ന് നടിക്കാറാണ് ഉണ്ടായിരുന്നതെന്നും അവർ പറഞ്ഞു. താൽക്കാലികാടിസ്ഥാനത്തിൽ ജോലിക്കെത്തിയിരുന്നവരെ ഫ്രീമാൻ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായും അവർ ആരോപിക്കുന്നു.