ലണ്ടൻ: കേയ്റ്റ് രാജകുമാരിയും വില്യം രാജകുമാരനും അടക്കമുള്ള അനേകം പ്രമുഖരുടെ മദ്യപിച്ച് മദോന്മത്തരായ അപൂർവ ഫോട്ടോകൾ പുറത്ത് വന്നു. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മാക്സ് ബട്ടർവർത്താണ് ഈ വിവാദ ഫോട്ടോകൾ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. 2005നും 2008നും ഇടയിൽ നടന്ന പാർട്ടികളിൽ ചുറ്റി സഞ്ചരിച്ചാണ് മാക്സ് ഈ അപൂർവ ഫോട്ടോകൾ പകർത്തിയെടുത്തിരിക്കുന്നത്. അടിച്ച് കിന്റായാൽ കേയ്റ്റ് രാജകുമാരിയാണെങ്കിലും വിക്ടോറിയ ബെക്കാമായാലും ശരി ഒരു കണക്കാണെന്ന് വ്യക്തമാക്കുന്ന ഫോട്ടോഗ്രാഫുകളാണിവ. അത്തരം സന്ദർഭങ്ങളിൽ ഇവർക്ക് ഫാഷൻ പോയിട്ട് മര്യാദയ്ക്ക് വസ്ത്രം പോലുമില്ലെന്നാണീ ഫോട്ടോകൾ വെളിപ്പെടുത്തുന്നത്. നൈറ്റ് ക്ലബിൽ നിന്നും ഇറങ്ങുന്ന താരങ്ങളുടെ ഫോട്ടോ പകർത്തിയ ആൾ പുറത്ത് വിട്ടപ്പോൾ അത് ആരാധകർ ഞെട്ടലോടെയാണ് കാണുന്നത്.

കേയ്റ്റിനും വില്യമിനും പുറമെ ബാറിൽ നിന്നും മദ്യത്തിന്റെ ലഹരിയിൽ പുറത്ത് വരുന്ന ഹാരി രാജകുമാരന്റെ ഫോട്ടോയും ഇംഗ്ലീഷ് ഗായിക ചെറിലിന്റെ ഫോട്ടോയും മാക്സ് പുറത്ത് വിട്ടിട്ടുണ്ട്. ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള ഈ ചിത്രങ്ങൾ ഒരു ദശാബ്ദത്തിന് മുമ്പ് പകർത്തപ്പെട്ടവയാണ്. ചെറിൽ ബാറിൽ നിന്നും നടക്കാനാവാതെ ഇടറി വീണതിനെ തുടർന്ന് ഒരു കൂട്ടുകാരിയുടെ സഹായത്തോടെ നടക്കാൻ ശ്രമിക്കുന്ന ഫോട്ടോയാണ് പുറത്ത് വന്നിരിക്കുന്നത്. മദ്യപിച്ച് കാലിടറിയ കേയ്റ്റും വില്യവും വെവ്വേറെ കാറുകളിൽ കൊട്ടാരത്തിലേക്ക് മടങ്ങുന്ന ഫോട്ടോഗ്രാഫുകളാണ് മാക്സ് പരസ്യമാക്കിയിരിക്കുന്നത്.

നിലവിൽ രാജകീയ പ്രഭാവത്താൽ തിളങ്ങി നിൽക്കുന്ന കേയ്റ്റും വില്യവും നൈറ്റ് ഔട്ടിന് ശേഷം നാല് കാലിൽ മടങ്ങുന്ന ഫോട്ടോകൾ ആരെയും ഞെട്ടിക്കുന്നതാണ്. 2007ലായിരുന്നു കേയ്റ്റിന്റെ ഈ അപൂർവ ചിത്രം പകർത്തിയിരുന്നതെന്ന് മാക്സ് വെളിപ്പെടുത്തുന്നു. മദ്യലഹരിയിൽ കാറിന്റെ പുറക് വശത്ത് അസ്വസ്ഥയായിട്ടായിരുന്നു കേയ്റ്റ്ഇരുന്നിരുന്നതെന്ന് അദ്ദേഹം ഓർക്കുന്നു. ലണ്ടനിലെ മെയ്‌ഫെയറിലുള്ള ഹോട്ട് സ്പോട്ട് മഹികിയിൽ നിന്നുമായിരുന്നു പുലർച്ചെ മൂന്ന് മണിക്ക് കേയ്റ്റ് ലഹരിയിൽ പുറത്തേക്ക് വന്നതെന്നും മാക്സ് വെളിപ്പെടുത്തുന്നു.

എവിടെയാണ് പോകേണ്ടതെന്ന് ടാക്സി ഡ്രൈവറോട് കേയ്റ്റ് പറഞ്ഞിരുന്നുവെന്നും തുടർന്ന് ഹാരിയും വില്യവും രാജകീയ വാഹനങ്ങളിൽ കൊട്ടാരത്തിലേക്ക് പോകുന്നത് തനിക്ക് പകർത്താനായെന്നും മാക്സ് പറയുന്നു. മദ്യത്തിന്റെ ലഹരിയിൽ വില്യമിന് കണ്ണുകൾ തുറക്കാൻ പോലും സാധിച്ചിരുന്നില്ല. കെൻസിങ്ടണിലെ ബൗജിസ് നൈറ്റ് ക്ലബിൽ നിന്നും പുറത്തേക്ക് വരുന്ന ഹാരിയുടെ ചിത്രവും മാക്സ് പകർത്തിയിട്ടുണ്ട്. മദ്യപിച്ചിട്ടുണ്ടെങ്കിലും ഹാരി ശാന്തനായി വരുന്ന ഫോട്ടോയാണിത്.

പിക്കാഡിലിയിലെ ഒരു റസ്റ്റോറന്റിൽ നിന്നും പുറത്തേക്ക് വരുന്ന വിക്ടോറിയ ബെക്കാമിനെ ഫോട്ടോഗ്രാഫർമാർ വളഞ്ഞിരിക്കുന്ന ഫോട്ടോയും മാക്സ് പുറത്ത് വിട്ടിട്ടുണ്ട്. തന്റെ കാറിനടുത്തേക്ക് എത്താൻ വിക്ടോരിയ പാടുപെടുന്നതായി ഇതിൽ കാണാം. ഡേവിഡ് ബെക്കാം ആളുകളെ വകഞ്ഞ്മാറ്റി നീങ്ങുന്ന ഫോട്ടോയും മാക്സ് പുറത്ത് വിട്ടിട്ടുണ്ട്. ഇത്തരത്തിൽ നിരവധി താരങ്ങളുടെയും പ്രമുഖരുടെയും മദ്യപിച്ച് മദോന്മത്തരായ ഫോട്ടോകൾ മാക്സ് പുറത്ത് വിട്ടിട്ടുണ്ട്.