ലണ്ടൻ: ഹാരിയും മുൻ കാമുകി ചെൽസി ഡേവിയും ഹാരിയുടെ വിവാഹത്തിന് ഒരാഴ്ച മുമ്പ് ഫോണിൽ ഏറെ നേരം സംസാരിച്ചുവെന്ന് റിപ്പോർട്ട്. ഏഴ് കൊല്ലം കൂടെ കിടന്നിട്ടും എന്നെ പാർട്ടിക്ക് വിളിച്ചില്ലല്ലോ എന്ന് പറഞ്ഞ് ഈ അവസരത്തിൽ മുൻകാമുകി ഹാരിയോട് പൊട്ടിക്കരഞ്ഞുവെന്നാണ് റിപ്പോർട്ട്. തുടർന്ന് ഇതിൽ പ്രിൻസ് ഹാരി വീണ് പോവുകയും ചെയ്തു. വികാരഭരിതമായ ഈ ഫോൺ വിളികൾ ഇപ്പോൾ ബ്രിട്ടീഷ് മാധ്യമങ്ങൾ വാർത്തയാക്കിയിരിക്കുകയാണ്. ചെൽസി ഇത്തരത്തിൽ പരാതി പറഞ്ഞ് പൊട്ടിക്കരഞ്ഞതിനെ തുടർന്നാണ് ഹാരി തന്റെ വിവാഹത്തോടനുബന്ധിച്ച് നടന്ന പാർട്ടിയിൽ പങ്കെടുക്കാൻ ചെൽസിയെ ക്ഷണിച്ചതെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ചെൽസിക്ക് പുറമെ തന്റെ മറ്റൊരു മുൻ കാമുകി ക്രെസിദ ബോണാസിനെയും ഹാരി ക്ഷണിച്ചിരുന്നു.

തന്നെ ഹാരി വിവാഹത്തിന് ക്ഷണിച്ചിരുന്നുവെങ്കിലും ഫ്രോഗ്മോർ ഹൗസലെ റിസപ്ഷനിൽ നിന്നും ഒഴിവാക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ചെൽസി ഹാരിയെ വിളിച്ച് കരഞ്ഞ് പരാതിപ്പെട്ടിരുന്നത്. താൻ റിസപ്ഷന് വരാമെന്നും എന്നാൽ പ്രശ്നമൊന്നുമുണ്ടാക്കില്ലെന്നും ഈ ഫോൺകാളിനൊടുവിൽ ചെൽസി ഹാരിക്ക് വാഗ്ദാനം ചെയ്യുവെന്നും ഒരു കുടുംബസുഹൃത്ത് വാനിറ്റി ഫെയറിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.നിലവിൽ 32 വയസുള്ള ചെൽസി 2003 മുതൽ 2010 വരെയായിരുന്നു ഹാരിയുമായി ഡേറ്റിംഗിലായിരുന്നത്. ചെൽസിയും ക്രെസിദയും തങ്ങളുടെ മുൻകാമുകനായ ഹാരിയുടെ വിവാഹത്തിൽ പങ്കെടുത്ത് അടുത്തടുത്തിരുന്ന് സംസാരിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു.

ജൂവലറി ഡിസൈനറായ ചെൽസി ഹാരിയുടെ വിവാഹത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോൾ അത്ര പ്രസന്നമല്ലാത്ത മുഖത്തോടെയായിരുന്നുവെന്ന് നിരവധി സോഷ്യൽ മീഡിയ യൂസർമാർ കണ്ടെത്തിയിരുന്നു. ചെൽസിയുടെ ദുഃഖം ചടങ്ങിനിടെ അവരുടെ മുഖത്ത് പ്രതിഫലിച്ചിരുന്നുവെന്നാണ് ബോഡി ലാംഗ്വേജ് എക്സ്പർട്ടായി ജുഡി ജെയിംസ് വെളിപ്പെടുത്തുന്നത്.മേഗനുമായുള്ള ബന്ധം തുടങ്ങുന്നതിന ്മുമ്പ് ഹാരി ഏറ്റവും ഗൗരവകരമായി കണ്ടിരുന്ന പ്രണയബന്ധമായിരുന്നു ഇത്. സിംബാബ്‌വെയിൽ ജനിച്ച ചെൽസിയെ കൗമാര കാലത്ത് ചെൽടെൻഹാമിൽ വച്ചായിരുന്നു ഹാരിയും ചെൽസിയും ആദ്യമായി പരസ്പരം കണ്ടിരുന്നത്.

2010ൽ പരസ്പരം വേർപിരിഞ്ഞതിന് ശേഷവും ഹാരിയും ചെൽസിയും സൗഹൃദം തുടർന്നിരുന്നു. 2011ൽ വില്യം രാജകുമാരന്റെ വിവാഹവേളയിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. സോളിസിറ്റർ ഫേമായ അലൻ ആൻഡ് ഓവെറിയിൽ നല്ല പ്രതിഫലമുള്ള ജോലിയുണ്ടായിട്ടും ചെൽസിയെ ഒരു പാർട്ടി ഗേളായിട്ടാണ് മാധ്യമങ്ങൾ ചിത്രീകരിച്ചിരുന്നത്. എന്നാൽ തനിക്ക് മേൽ കെട്ടിയേൽപ്പിച്ച ഈ പ്രതിച്ഛായ തിരുത്താനൊന്നും താൻ പോയിട്ടില്ലെന്നും താൻ പാർട്ടികൾക്ക് ധാരാളം പോകുന്ന ആളാണെന്നും ചെൽസി പറയുന്നു. ഹാരിക്കും തനിക്കും എല്ലാ കാലത്തും സുഹൃത്തുക്കളായി കഴിയാൻ സാധിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് 2016ൽ നൽകിയ ഒരു അഭിമുഖത്തിൽ ചെൽസി വെളിപ്പെടുത്തിയിരുന്നു.