ബാങ്കോങ്ക്: ബുദ്ധവിഹാരങ്ങളിൽനടക്കുന്ന തട്ടിപ്പും അഴിമതിയും നിയന്ത്രണാതീതമായതോടെ തായ്‌ലൻഡ് പൊലീസ് നടത്തിയ പരിശോധനകളിൽ അനേകം ബുദ്ധസന്യാസിമാർ അറസ്റ്റിലായി. നാല് പ്രമുഖ ബുദ്ധമന്ദിരങ്ങളിലാണ് പൊലീസ് പരിശോധന നടത്തിയത്. ഇവിടെനിന്ന് തട്ടിപ്പിന്റെ ഒട്ടേറെ തെളിവുകളും കണ്ടെടുത്തു. സന്യാസിമാരുടെ അസാന്മാർഗിക ജീവിതവും തട്ടിപ്പും കള്ളത്തരങ്ങളും മൂലം ജീർണിച്ച ബുദ്ധമതത്തെ രക്ഷിക്കാനുള്ള തായ് സൈനിക ഭരണകൂടത്തിന്റെ ശ്രമത്തിന്റെ ഭാഗമായിരുന്നു പൊലീസ് റെയ്ഡുകൾ.

ജനസംഖ്യയുടെ 90 ശതമാനത്തിലധികവും വിശ്വസിക്കുന്ന ബുദ്ധമതത്തിന്റെ പ്രതിഛായക്ക് മങ്ങലേൽപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തികളാണ് സന്യാസിമാരിൽ വലിയൊരു ഭാഗത്തിൽനിന്നുണ്ടായിക്കൊണ്ടിരുന്നത്. ലൈംഗികാതിക്രമങ്ങളും സാമ്പത്തിക തിരിമറികളും വിശ്വാസികളെ അകറ്റുന്ന തരത്തിലേക്ക് വളർന്നതോടെയാണ് ഇടപെടാൻ സർക്കാർ തീരുമാനിച്ചത്.

സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്കാണ് അന്വേഷണച്ചുമതല. തെളിവുകളും വസ്തുതകളും പരിശോധിച്ചശേഷമാണ് നടപടടികളെന്ന് സിഐ.ബിയിലെ തിതിരാജ് നോൺഖാർപിതക് പറഞ്ഞു. ബാങ്കോക്കിലെയും സമീപ പ്രവിശ്യയായ നാഖോണിലെയും നാല് മന്ദിരങ്ങളിലായിരുന്നു പരിശോധന. നൂറിലേറെ കമാൻഡോകൾ പരിശോധനയില# പങ്കെടുത്തു.

ബുദ്ധമതത്തെ പരിഷ്‌കരിക്കണമന്നാവശ്യപ്പെട്ട് 2014-ൽ തെരുവുകൾതോറും പ്ര്‌ക്ഷേഭം സംഘടിപ്പിച്ച 62-കാരനായ ഭര ബുദ്ധ ഇസാരയടക്കമുള്ളവർ അറസ്റ്റിലായിട്ടുണ്ട്. ഒരേസമയം മതത്തിന്റെ രക്ഷകനായി വേഷമിടുമ്പോൾത്തന്നെ ഇസാര വലിയ തട്ടിപ്പുകൾ നടത്തുന്നതായി എതിരാളികൾ ആരോപിച്ചിരുന്നു. 2014-ലും തട്ടിപ്പാരോപിച്ച് ഇസാരയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ക്ഷേത്ര ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് ഫര ഫ്രോം ദിലോക് എന്ന മുതിർന്ന സന്യാസിയെയും പൊലീസ് അറസ്റ്റ് ചെയ്തു. തായ്‌ലൻഡിലെ ബുദ്ധമത സന്യാസിമാരുടെ ഉന്നതമായ സംഘ സുപ്രീം കൗൺസിൽ അംഘമാണ് ദിലോക് എന്ന 72-കാരൻ. ബാങ്കോക്ക് ഗോൾഡൻ ടെംപിളിലെ സഹപുരോഹിതന്മാരായ ഫര ശ്രി ഖുനാപോൺ, ഫര വിചിത് തമ്മാപോൺ എന്നിവരും അറസ്റ്റിലായവരിൽപ്പെടുന്നു.

അന്വേഷണത്തിന്റെ ഭാഗമായാണ് സന്യാസിമാരെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് ഉപപ്രധാനമന്ത്രി പ്രവിത് വോങ്‌സുവാൻ പറഞ്ഞു. ഓരോവർഷവും ദശലക്ഷക്കണക്കിന് ഡോളർ വരുമാനമുള്ളവയാണ് തായ്‌ലൻഡിലെ ബുദ്ധമത ക്ഷേത്രങ്ങൾ. എന്നാൽ, അടുത്തകാലതാതായി അഴിമതിയും കൊലപാതകവും ലൈംഗികാപവാദങ്ങളും മയക്കുമരുന്ന് ഉപയോഗവും ക്ഷേത്രങ്ങളുടെ പവിത്രത നഷ്ടപ്പെടുത്തുകയായിരുന്നു.