ലണ്ടൻ: റഷ്യക്കാരനും ബ്രിട്ടനിലെ 13ാമത്തെ സമ്പന്നനുമായ റോമൻ അബ്രമോവിച്ചിന് സ്വന്തം നാടായ റഷ്യയിൽ പോയതിന് ശേഷം ബ്രിട്ടനിലേക്ക് തിരിച്ച് വരാൻ ഹോം ഓഫീസ് വിസ നിഷേധിച്ചത് വൻ വിവാദമായിരിക്കുകയാണല്ലോ. ഹോം ഓഫീസിന് ഇത്ര വലിയ ജാഢയാണെങ്കിൽ തൽക്കാലം വിസ വേണ്ടെന്ന് ആലോചിച്ച് റഷ്യൻ കോടീശ്വരൻ രംഗത്തെത്തിയിരിക്കുകയാണ്. ഇത് പ്രകാരം ബ്രിട്ടനിലെ 13ാമത്തെ വലിയ സമ്പന്നനും ചെൽസി ഫുട്ബോൾ ക്ലബ് ഉടമയുമായ റോമൻ അബ്രമോവിച്ച് ഇസ്രയേലിലേക്ക് താമസം മാറ്റുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി അദ്ദേഹം ടെൽ അവീവിൽ കൂറ്റൻ വീട് നിർമ്മിക്കുന്നതായും ഇസ്രയേൽ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നുമുണ്ട്.

ടെൽ അവീവ് സബർബിൽ അബ്രമോവിച്ച് വലിയൊരു വീട് നിർമ്മിക്കുന്നുവെന്ന് ഇസ്രയേൽ പത്രമായ ഇസ്രയേൽ ഹായോമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി അദ്ദേഹം ഇന്നലെ ടെൽ അവീവിലെത്തുമെന്നും സൂചനയുയർന്നിരുന്നു. എന്നാൽ അബ്രമോവിച്ച് ഇത്തരത്തിൽ ഇസ്രയേലിലേക്ക് എമിഗ്രേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ടെൽ അവീവും മോസ്‌കോയും ഇന്നലെ പറഞ്ഞിരിക്കുന്നത്. ഇത് വെറും കിംവദന്തി മാത്രമാണെന്നാണ് ഇസ്രയേലി മിനിസ്ട്രി ഓഫ് അലിയാഹ് ആൻഡ് ഇന്റഗ്രേഷൻ വക്താവ് റഷ്യൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്പുട്നിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞിരിക്കുന്നത്.

ഇന്നലെ എയർപോർട്ടിൽ എത്തിച്ചേരുന്നവരുടെ വിവരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും അക്കൂട്ടത്തിൽ അബ്രമോവിച്ചിന്റെ പേരില്ലെന്നുമാണ് ഇസ്രയേലി മിനിസ്ട്രി വക്താവ് വെളിപ്പെടുത്തിയിരിക്കുന്നത്.അബ്രമോവിച്ച് ഇസ്രയേലി പൗരത്വത്തിനായി ശ്രമിക്കുന്നുണ്ടോയെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിന് അറിയില്ലെന്നാണ് ക്രെംലിൻ പ്രതികരിച്ചിരിക്കുന്നത്.ക്രെംലിന് ഈ വിഷയത്തിൽ കൂടുതലൊന്നും അറിയില്ലെന്നാണ് പുട്ടിന്റെ വക്താവായ ഡിമിത്രി പെസ്‌കോവ് പറയുന്നത്. ഇത്തരം ബിസിനസുകാരുടെ യാത്രകളൊന്നും തങ്ങൾ നിലവിൽ നിരീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

നിലവിൽ മിക്കവാറും സമയത്തും അബ്രമോവിച്ച് റഷ്യയിലാണ് ചെലവിടുന്നതെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. എന്നാൽ അദ്ദേഹം ഇസ്രയേലിലെ സ്ഥിരം സന്ദർശകനാണെന്നും വെളിപ്പെട്ടിട്ടുണ്ട്. അബ്രമോവിച്ചിന്റെ പിതാവിന്റെ കുടുംബത്തിന്റെ വേരുകൾ ലിത്വാനിയൻ യഹൂദപാരമ്പര്യത്തിലാണ് നിലകൊള്ളുന്നത്. ഇവരെ മോസ്‌കോയിൽ നിന്നും സ്റ്റാലിൻ തുരത്തിയോടിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ മുൻഗാമികൾ ആർട്ടിക്കിലേക്കും സൈബീരിയയിലേക്കും കുടിയേറാൻ നിർബന്ധിതരാവുകയായിരുന്നു. അബ്രമോവിച്ച് ഇസ്രയേലിലേക്ക് കടക്കാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകളോട് അദ്ദേഹത്തിനോട് അടുത്ത ഉറവിടങ്ങൾ പ്രതികരിച്ചിട്ടില്ല.

യുകെയിലെ റഷ്യൻ പ്രഭുക്കൾക്കെതിരെ ഹോം ഓഫീസ് നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് അബ്രമോവിച്ചിനെതിരെയും നടപടിയുണ്ടായിരിക്കുന്നത്. മുൻ റഷ്യൻ ചാരൻ സെർജി സ്‌ക്രിപാലിനും മകൾക്കും മാർച്ച് ആദ്യം സാലിസ്‌ബറിയിൽ വച്ച് റഷ്യ വിഷം കൊടുത്തുവെന്ന് ആരോപിച്ച് ബ്രിട്ടനും റഷ്യയും തമ്മിലുള്ള ബന്ധം നേരത്തെ തന്നെ വഷളായിരിക്കുമ്പോഴാണ് അബ്രമോവിച്ച് അടക്കമുള്ള റഷ്യൻ സമ്പന്നർക്ക് നേരെ കടുത്ത നടപടി ഹോം ഓഫീസ് എടുക്കുന്നതെന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള അകൽച്ച രൂക്ഷമാക്കിയിട്ടുണ്ട്.