ബ്രസീലിയ: ബ്രസീലിന്റെ ഫുട്‌ബോൾ ഇതിഹാസമാണ് റൊണാൾഡീഞ്ഞോ. വ്യത്യസ്തമായ കേളീ ശൈലികൊണ്ട് ശ്രദ്ധേയനായ അദ്ദേഹം സ്വന്തം വിവാഹ കാര്യത്തിലും അടിമുടി വ്യത്യസ്തനായി. ഒരേ സമയം രണ്ടുപേരെയാണ് റൊണാൾഡീഞ്ഞോ വിവാഹം കഴിക്കുന്നത്. ഈ ഇരട്ടപ്രണയകഥ പുറംലോകത്തെ അറിയിച്ചത് ബ്രസീലിലെ വിഖ്യാത കളിയെഴുത്തുകാരൻ ലിയോ ഡയാസാണു.

ഒപ്പം താമസിക്കുന്ന പ്രിസില കൊയ്ലയെയും ബിയാട്രീസ് സൂസയെയും ഓഗസ്റ്റിൽ വിവാഹം കഴിക്കാനാണു റൊണാൾഡീഞ്ഞോയുടെ നീക്കം. കഴിഞ്ഞ ഡിസംബർ മുതൽ റൊണാൾഡീഞ്ഞോ ഇരുവർക്കുമൊപ്പമാണു താമസം. 2016 ഓഗസ്റ്റിലാണു റൊണാൾഡീഞ്ഞോയും ബിയാട്രീസ് സൂസയും പ്രണയത്തിലാകുന്നത്. പ്രിസിലയും റൊണാൾഡീഞ്ഞോയും വർഷങ്ങൾക്കു മുമ്പേ ഒരുമിച്ചു ജീവിക്കുന്നവരാണ്. സഹോദരന്റെ ഇരട്ട വിവാഹത്തിൽ അതൃപ്തയായ സഹോദരി ഡിസി ചടങ്ങുകളിൽ പങ്കെടുക്കില്ലെന്നു വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഡിസംബർ മുതൽ മൂവരും റിയോ ഡി ജനീറോയിൽ ഒരേവീട്ടിലാണ് താമസം. കഴിഞ്ഞ വർഷം ജനുവരിയിലാണ് ഇരുവരോടും താരം വിവാഹാഭ്യർഥന നടത്തിയത്. രണ്ടുപേരെയും വിവാഹനിശ്ചയമോതിരവും അണിയിച്ചു. പോക്കറ്റ് മണിയായി ഇരുവർക്കും 1500 പൗണ്ട് വീതം നൽകി. ഒരേ സമ്മാനങ്ങളാണ് രണ്ടുപേർക്കും നൽകാറ്. ബ്രസീൽ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് റൊണാൾഡീഞ്ഞോ.

ബ്രസീലിയൻ റിപ്പബ്ലിക്ക് പാർട്ടിയുടെ (പി.ആർ.ബി.) സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നു കഴിഞ്ഞ ദിവസമാണു റൊണാൾഡീഞ്ഞോ വെളിപ്പെടുത്തിയത്. ഒക്ടോബർ ഏഴിനു നടക്കുന്ന പൊതു തെരഞ്ഞെടുപ്പിലാണു റൊണാൾഡീഞ്ഞോ മത്സരിക്കുന്നത്. പക്ഷേ വിവാഹ വാർത്ത പുറത്തുവന്നതോടെ സൂപ്പർ താരത്തിന്റെ സ്ഥാനാർത്ഥിത്വം വെള്ളത്തിലായി.

38 വയസുകാരനായ റൊണാൾഡീഞ്ഞോ ബ്രസീലിനായി 97 കളികളിലായി 33 ഗോളടിച്ചു. ഗ്രെമിയോ, പാരീസ് സെയിന്റ് ജെർമെയ്ൻ, ബാഴ്സലോണ, മിലാൻ, ഫ്ളമെങ്കോ, അത്ലറ്റിക്കോ മിനാരിയോ, ക്വരേറ്റോ, ഫ്ളൂമിനസ് ക്ലബുകൾക്കു വേണ്ടിയും കളിച്ചിട്ടുണ്ട്. ബാഴ്സലോണയ്ക്കു വേണ്ടി 2003 മുതൽ 2011 വരെ 145 മത്സരങ്ങളിൽ പന്തു തട്ടി. ഫ്രീകിക്കുകളിലെ പൂർണത റൊണാൾഡീഞ്ഞോയ്ക്കു ലോകമെമ്പാടും ആരാധകരെ നേടിക്കൊടുത്തു.

രണ്ടുതവണ ഫിഫ ലോകഫുട്‌ബോളർ പുരസ്‌കാരവും ഒരു തവണ ബാലൺദ്യോറും നേടിയിട്ടുണ്ട്. ലോകകപ്പിൽ രണ്ടുതവണ കാനറിപ്പടയെ പ്രതിനിധീകരിച്ചു. 2002ൽ ബ്രസീൽ ലോകകപ്പ് നേടിയത് റൊണാൾഡീഞ്ഞോയുടെ മികവിലാണ്. 2003ലാണ് ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയിൽ നിന്ന് താരം ബാഴ്‌സലോണയിലെത്തിയത്.