ഹംഗറി: ഹംഗറിയില ബുഡാപെസ്റ്റിൽ മിനിബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് പേർ പേർ മരിച്ചു. ബസിന്റെ ഡ്രൈവർ ഫേസ്‌ബുക്കിലൂടെ ലൈവ് നടത്തിയ വണ്ടിയോടിച്ചതിനെ തുടർന്നാണ് ഈ അത്യാഹിതമുണ്ടായിരിക്കുന്നത്. തൽഫലമായുണ്ടായ കൂട്ടിയിടിയിൽ ഒമ്പത് ജീവനുകൾ പൊലിയുന്നത് സോഷ്യൽ മീഡിയ അപ്പോൾ തന്നെ ലൈവ് ടെലികാസ്റ്റ് ചെയ്യുകയും ചെയ്തു. ആരെയും ഞെട്ടിപ്പിക്കുന്ന അപകടത്തിന്റെ ലൈവ് ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ബുഡാപെസ്റ്റിൽ നിന്നും ഏതാണ്ട് 60 കിലോമീറ്റർ മാറിയാണ് ചൊവ്വാഴ്ച അപകടം സംഭവിച്ചിരിക്കുന്നത്.

മരിച്ച ഒമ്പത് പേരും റൊമാനിയക്കാരാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവരെ മരണം തട്ടിയെടുത്തിരിക്കുന്നത്. ഫേസ്‌ബുക്ക് ലൈവിൽ ശ്രദ്ധിച്ച് കൊണ്ട് വണ്ടിയോടിക്കുന്നതിനിടെ ബസ്ഡ്രൈവർ എതിരെ വരുന്ന ലോറി കാണാതെ പോവുകയും ബസ് അതിനോട് കൂട്ടിയിടിക്കുകയുമായിരുന്നു. മണൽ കൊണ്ടു പോകുന്ന ലോറിയാണ് ബസുമായി കൂട്ടിയിടിച്ചിരിക്കുന്നത്. മിനിബസിലെ യാത്രക്കാർ ഉച്ചത്തിലുള്ള റൊമാനിയൻ സംഗീതം ശ്രവിച്ച് കൊണ്ടാണ് സഞ്ചരിച്ചിരുന്നതെന്ന് വീഡിയോയിൽ നിന്നും വ്യക്തമാണ്. എന്നാൽ കൂട്ടിയിടിയെതുടർന്ന് സംഗീതം പെട്ടെന്ന് നിലയ്ക്കുന്നുമുണ്ട്.

ഫോൺ ഒരു വശത്തേക്ക് വലിച്ചെറിഞ്ഞ് കൂട്ടിയിടി ഒഴിവാക്കാൻ മിനിബസ് ഡ്രൈവർ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. ബസും ലോറിയും കൂട്ടിയിടിച്ച് തകർന്നതിന്റെയും റോഡിൽ മൃതദേഹങ്ങൾ ദാരുണമായി ചിതറിക്കിടക്കുന്നതിന്റെയും വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. 16 കുട്ടികൾക്ക് അവരുടെ രക്ഷിതാക്കളെ നഷ്ടപ്പെട്ടുവെന്നാണ് റൊമാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപകടത്തിൽ മരിച്ച രണ്ട് സഹോദരന്മാരുടെ അമ്മയായ ഏൻജെലിക ഡുമിത്രു തന്റെ ദുഃഖം വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരുന്നു.

തങ്ങളുടെ കുടുംബത്തിന് മികച്ച ജീവിതം നേടാനായി പണം സമ്പാദിക്കാനാണ് തന്റെ മക്കൾ ഹംഗറിയിലേക്ക് പോയതെന്ന് ഈ അമ്മ പൊട്ടിക്കരച്ചിലോടെ വെളിപ്പെടുത്തുന്നു. ഹംഗറിയിൽ നിന്നും മക്കൾ അയക്കുന്ന പണം കൊണ്ട് നാട്ടിൽ വീട് പണി ആരംഭിച്ചിരുന്നുവെന്നും എന്നാൽ മക്കളുടെ മരണത്തോടെ എല്ലാ സ്വപ്നങ്ങളും ഇല്ലാതായെന്നും ഈ വൃദ്ധ വിലപിക്കുന്നു. ലോറിയുടെ ഇടിയേറ്റ് ബസ് തകർന്ന് കിടക്കുന്ന ദൃശ്യങ്ങൾ ഒരു ഭീകരസിനിമയിലേതിന് സമാനമാണെന്നാണ് റൊമാനിയൻ ടിവി ഡിജി 24 റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 38 കാരനായ പെട്രു കാലൗ ആണ് അപകടത്തിന് ഉത്തരവാദിയായ മിനിബസ് ഡ്രൈവറെന്ന് തിരിച്ചറിഞ്ഞിരുന്നു. പൊലീസ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സെൻട്രൽ റൊമാനിയയിലെ മുർസ് കൗണ്ടിയിലുള്ളവരാണ് അപകടത്തിൽ മരിച്ചിരിക്കുന്നത്.