ലണ്ടൻ: മാനസിക രോഗികളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയും അവർക്ക് നഗ്നചിത്രങ്ങൾ നൽകുകയും മയക്കുമരുന്ന് നൽകുകയും ചെയ്തുവെന്ന പരാതികളിൽ എൻഎച്ച്എസിലെ മെന്റൽ ഹെൽത്ത് വിഭാഗത്തിൽപ്പെട്ട നഴ്‌സുമാരടക്കമുള്ള നൂറിലേറെ ജീവനക്കാർക്കെതിരെ നടപടി. കഴിഞ്ഞ നാലുവർഷത്തിനിടെ ഉയർന്നുവന്ന 446-ഓളം പരാതികൾ പരിശോധിച്ചശേഷമാണ് എൻഎച്ച്എസ് നടപടിയെടുത്തത്. ചില കേസുകൾ പൊലീസന്വേഷണത്തിനശേഷം തെളിവില്ലെന്നുകണ്ട് ഉപേക്ഷിച്ചു.

ചാനൽ 5 ന്യൂസ് വിവരാവകാശ രേഖപ്രകാരം ശേഖരിച്ചതാണ് ഈ വിവരം. രോഗിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടതിനും രോഗിക്ക് മയക്കുമരുന്ന് എത്തിച്ചുനൽകിയതിനും ഒരു ജീവനക്കാരിയെ പിരിച്ചുവിട്ടു.. നഗ്നചിത്രങ്ങൾ അയച്ചുകൊടുത്തതിന മറ്റൊരു ജീവനക്കാരിയെയും പുറത്താക്കി. രാജ്യത്തെ 57 എൻഎച്ച്എസ് മെന്റൽ ഹെൽത്ത് സെന്ററുകളിൽനിന്നാണ് രോഗികളോടുള്ള ജീവനക്കാരുടെ ലൈംഗികോദ്ദേശ്യത്തോടെയുള്ള പെരുമാറ്റത്തെക്കുറിച്ചുള്ള വിവരങ്ങൾ ചാനൽ 5 തേടിയത്.

അശ്ലീലച്ചുവയുള്ള സംഭാഷണങ്ങൾ മുതൽ ലൈംഗിക ബന്ധം വരെയുള്ള പ്രവർത്തനങ്ങൾ 2013 മുതൽ 2017 വരെയുള്ള നാലുവർഷത്തിനിടെ ഉണ്ടായിട്ടുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. ബാലപീഡനം, ലൈംഗികാതിക്രമം, ബലാൽസംഗം എന്നിവയും ഇതിലുൾപ്പെടുന്നു. ഇത്തരം 113 കേസുകളിൽ 32 എണ്ണത്തിൽ അന്വേഷണം പൂർത്തിയാക്കി ജീവനക്കാരെ പിരിച്ചുവിടുകയോ അവരിൽനിന്ന് രാജിക്കത്ത് എഴുതിവാങ്ങിക്കുകയോ ചെയ്തിട്ടുണ്ട്. ചിലകേസുകൾ പൊലീസന്വേഷണത്തിനായി നൽകിയിട്ടുമുണ്ട്.

രോഗിയുമായി ലൈംഗികമായി ബന്ധപ്പെട്ടതിന് സീനിയർ നഴ്‌സിനെ പിരിച്ചുവിട്ടതായി രേഖകളിൽ പറയുന്നു. സ്‌കൂളിൽ പ്രവർത്തിക്കുന്ന നഴ്‌സിനെ ഒരു കുട്ടിയുമായി വഴിവിട്ട ബന്ധം പുലർത്തിയതിനും പുറത്താക്കി. തന്നെ മെയിൽ നഴ്‌സ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഒരു രോഗിയും പരാതിപ്പെട്ടിട്ടുണ്ട്. മദ്യവും മയക്കുമരുന്നും പോലുള്ള വസ്തുക്കൾ നൽകി പ്രലോഭിപ്പിച്ചാണ് തന്നെ പീഡിപ്പിച്ചതെന്ന് അവരുടെ വെളിപ്പെടുത്തലിൽ പറയുന്നു.

അഞ്ചുമാസത്തോളമാണ് ഇവർ ആശുപത്രിയിൽകഴിഞ്ഞത്. ഇക്കാലയളവിനിടെ മെയിൽ നഴ്‌സ് രോഗിയുമായി അടുപ്പം കാണിക്കുകയും അവരെ ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു. ആശുപത്രിയിൽനിന്ന് പോന്നശേഷം അമ്മയുടെ സഹായത്തോടെ രോഗി ആശുപത്രി അധികൃതർക്ക് പരാതി നൽകുകയായിരുന്നു. പരാതി അന്വേഷിച്ച് ബോധ്യപ്പെട്ട ആശുപത്രി അധികൃതർ മെയിൽ നഴ്‌സിനെ പുറത്താക്കുകയും ചെയ്തു.