ലണ്ടൻ: കോറണേഷൻ സ്ട്രീറ്റിലൂടെ ശ്രദ്ധേയനായ നടൻ അലക്‌സ് ബെയിൻ 16-ാം വയസ്സിൽ യഥാർഥ ജീവിതത്തിൽ അച്ഛനാകാൻ പോകുന്നു. ബെയിന്റെ 16-കാരിയായ കാമുകി ലെവി സെൽബിയാണ് താൻ 12 ആഴ്ച ഗർഭിണിയാണെന്ന കാര്യം സോഷ്യൽ മീഡിയയിലൂചെ പുറംലോകത്തെ അറിയിച്ചത്. ഏറ്റവും പുതിയ അൾട്രാ സൗണ്ട് സ്‌കാൻ ചിത്രവും സെൽബി ഇതോടൊപ്പം പോസ്റ്റ് ചെയ്തിരുന്നു. ഡിസംബർ എട്ടിനാണ് ഡെലിവറി ഡേറ്റെന്നും സിൽബി കുറിച്ചു.

2008-ൽ കോറണേഷൻ സ്ട്രീറ്റിൽ ചേർന്ന ബെയിൻ 10 വർഷമായി അഭിനയിക്കുന്നു. സൈമൺ ബാർലോ എന്ന കഥാപാത്രത്തിലൂടെ സുപരിചിതനാകാനും ബെയിനായി. താൻ അച്ഛനാകാൻ പോകുന്ന കാര്യം വളരെ സന്തോഷത്തോടെയാണ് സെറ്റിലുള്ളവരോടും സോഷ്യൽ മീഡിയയിലും ബെയിൻ പറയുന്നത്. താൻ എത്രത്തോളം സന്തോഷവാനാണെന്ന കാര്യം പറഞ്ഞറിയിക്കാൻ വയ്യെന്നും ബെയിൻ പറയുന്നു.

എന്നാൽ, ജിസിഎസ്ഇ വിദ്യാർത്ഥിയായ ബെയിന്റെ ലങ്കാഷയറിലെ സ്‌കൂളധികൃതർ ഇതത്ര സന്തോഷകരമായ വാർത്തയായല്ല സ്വീകരിച്ചിട്ടുള്ളത്. സ്‌കൂളിലെ മറ്റൊരു വിദ്യാർത്ഥിയും ഏതാനും വർഷം മുമ്പ് പിതാവായിരുന്നു. പഠനകാലത്ത് ഇത്തരം സംഭവങ്ങളുണ്ടാകുന്നത് നല്ലതല്ലെന്നും അത് പഠനത്തിൽനിന്നുള്ള ശ്രദ്ധ നശിപ്പിക്കുമെന്നും അധികൃതർ പറയുന്നു.

സെൽബിയുടെ വീട്ടുകാർ വളരെ സന്തോഷത്തോടെയാണ് ഗർഭവാർത്ത സ്വീകരിച്ചത്. മകളുടെ സ്‌കാൻ റിപ്പോർട്ടിന്റെ ചിത്രം പ്രൊഫൈൽ പിക്കാക്കി മാറ്റിയാണ് അമ്മ ജൂഡിത്ത് കാൽവെർട്ട് ഇതിനെ സ്വാഗതം ചെയ്തത്. സെൽബിയെയും ബെയിനെയും അഭിനന്ദിച്ചുകൊണ്ട് അമ്മായിയായ ട്രേസി ആദംസും ഫെയ്‌സബുക്കിൽ പോസ്റ്റ് ഷെയർ ചെയ്തു. വ്യത്യസ്ത സ്‌കൂളുകളിൽ പഠിക്കുന്ന ബെയിനും സെൽബിയും കഴിഞ്ഞവർഷം ഏപ്രിൽ മുതലാണ് പ്രണയത്തിലായത്.

2008 മുതൽ കോറണേഷൻ സ്ട്രീറ്റിൽ അഭിനയിക്കുന്ന ബെയിൻ, പ്രകടനമികവിന് ഇതിനകം രണ്ടുതവണ അവാർഡും നേടിയിട്ടുണ്ട്. ബ്രി്ട്ടീഷ് സോപ്പ് അവാർഡിൽ, 2011-ലും 2012-ലും ബെസ്റ്റ് യങ് പെർഫോമൻസ് പുരസ്‌കാരം ബെയിനായിരുന്നു.