ഹരിപ്പാട്: പകൽ സമയത്ത് അമ്പല പരിസരങ്ങളിൽ ഭക്തനെ പോലെ കറങ്ങി നടന്ന ശേഷം രാത്രിയാകുമ്പോൾ മോഷണം നടത്തി പോന്ന അമ്പലക്കള്ളനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭിക്ഷയാചിക്കാനെന്ന വ്യാജേന അമ്പല പരിസരങ്ങളിൽ കറങ്ങി നടക്കുകയും രാത്രി കാണിക്ക അടിച്ചു മാറ്റുകയും ചെയ്തിരുന്ന ഹരിപ്പാടുകാരനെയാണ് പൊലീസ് പൊക്കിയത്.

ഹരിപ്പാട് മുട്ടം പാർവതി മന്ദിരത്തിൽ വാസുദേവൻ പിള്ളയുടെ മകൻ ഹരിദാസ് (45) ആണ് കാണിക്കയും പൂജാ സാധനങ്ങളും മോഷ്ടിച്ചിതിന്് പൊലീസ് അറസ്റ്റ് ചെയ്തത്. പകൽ സമയം കാവി വസ്ത്രം ധരിച്ചു മയിൽപ്പീലിയും കയ്യിലേന്തി നെറ്റിയിൽ ഭസ്മവും ചാർത്തി ക്ഷേത്ര പരിസരത്തു കൂടി കറങ്ങിനടക്കുകയാണ് ഇയാളുടെ പതിവ്.

രാത്രിയാകുമ്പോൾ ഭക്ത ഹരിദാസ് ആളാകെ മാറും. അർദ്ധരാത്രി എല്ലാവരും ഉറങ്ങുന്ന സമയമാകുമ്പോൾ കാണിക്കവഞ്ചിയും പൂജസാധനങ്ങളും മോഷ്ടിച്ചു സ്ഥലം വിടുകയും ചെയ്യും. കഴിഞ്ഞയാഴ്ചയിൽ കുട്ടംപേരൂർ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തി തുറന്നു മോഷണം നടത്തിയതുമായി ബന്ധപ്പെട്ട് ക്ഷേത്രഭാരവാഹികൾ പൊലീസിൽ പരാതി നൽകി. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാണിക്കക്കള്ളൻ പൊലീസ് പിടിയിലാകുന്നത്.

അമ്പലക്കമ്മറ്റിക്കാരുടെ പരാതിയെ തുടർന്നു സിസി ടിവി പരിശോധിച്ചപ്പോഴാണു കാവി വേഷം ധരിച്ചു മയിൽപ്പീലി പിടിച്ച ഒരാൾ മഹാവിഷ്ണു ക്ഷേത്രത്തിനു മുമ്പിൽ ഉണ്ടായിരുന്ന കാണിക്കവഞ്ചി എടുത്ത് സഞ്ചിയിൽ ഇടുന്ന ദൃശ്യങ്ങൾ ലഭിച്ചത്. ഇതേ തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ ഹരിദാസ് പിടിയിലാകുകയായിരുന്നു.

ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പത്തു കാണിക്കവഞ്ചിയും ക്ഷേത്രത്തിലെ പൂജ സാധനങ്ങളും കണ്ടെത്തി. ഇത്തരത്തിൽ കാണിക്കവഞ്ചി മോഷ്ട്ടിച്ചതുമായി ബന്ധപ്പെട്ട് അഞ്ചു സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.