ദുബായ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് പെൺവാണിഭം നടത്തി പോന്ന സംഘം ദുബായിൽ പൊലീസ് കസ്റ്റഡിയിൽ. പാക്കിസ്ഥാനി പെൺകുട്ടിയെ ഉപയോഗിച്ച് പെൺവാണിഭം നടത്തിയ സംഭവത്തിൽ പാക്കിസ്ഥാൻ സ്വദേശികളായ ഒരു സ്ത്രീ ഉൾപ്പെടെ നാലു പേരെയാണ് ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത്. നാലു പേരെയും മൂന്ന് വർഷത്തേക്ക് ജയിലിൽ അടച്ച കോടതി ശിക്ഷാ നടപടികൾ കഴിഞ്ഞാൽ ഇവരെ നാടു കടത്തും.

മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള കുറ്റം ചുമത്തിയ കോടതി ഇവരോട് 100,000 ദിർഹം വീതം പിഴ അടയ്ക്കാനും ഉത്തരവിട്ടു. പാക്ക് സ്വദേശിയായ സ്ത്രീയും പുരുഷനുമാണ് പെൺവാണിഭ കേന്ദ്രം നടത്തുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂടാതെ മറ്റൊരു സ്ത്രീയും ഇവിടെയുണ്ടായിരുന്നു. പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട 24 വയസ്സുള്ള പാക്കിസ്ഥാൻ പൗരന് ആറു മാസം ശിക്ഷയും വിധിച്ചു.

പെൺവാണിഭ കേന്ദ്രം നടത്തിയിരുന്ന ഫ്‌ളാറ്റ് മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാനും കോടതി നിർദേശിച്ചു. രഹസ്യവിവരത്തെ തുടർന്ന് ജനുവരി 14നാണ് ദുബായ് പൊലീസ് റെയ്ഡ് നടത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഇവിടെ ശാരീരിക ചൂഷണം അനുഭവിക്കുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. മനുഷ്യക്കടത് വിരുദ്ധ സംഘവും റെയ്ഡിൽ പങ്കെടുത്തു.

ദുബായ് പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ ആവശ്യക്കാരൻ എന്ന രീതിയിൽ 100 ദിർഹവുമായി സംഘത്തെ സമീപിക്കുകയായിരുന്നു. മറ്റു പൊലീസുകാർ ഫ്‌ളാറ്റിന് സമീപം തന്നെയുണ്ടായിരുന്നു. വൈകിട്ട് 7.30നാണ് ഫ്‌ളാറ്റിൽ എത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. വേഷം മാറിയെത്തിയ പൊലീസ് ഉദ്യോഗസ്ഥനെയും കൂട്ടി മുഖ്യപ്രതി മുറിയിലേക്ക് പോയി. ഈ സമയം പൊലീസുകാരൻ മറ്റുള്ളവർക്ക് സിഗ്‌നൽ നൽകുകയും പൊലീസ് സംഘം റെയ്ഡ് നടത്തുകയുമായിരുന്നു.

2017 ഡിസംബറിലാണ് തന്നെ പാക്കിസ്ഥാനിൽ നിന്നും ദുബായിലേക്ക് കൊണ്ടുവന്നതെന്ന് പെൺകുട്ടി പറഞ്ഞു. അറസ്റ്റിലായ സ്ത്രീ ജോലി നൽകാമെന്നു പറഞ്ഞാണ് ദുബായിലേക്ക് കൊണ്ടുവന്നത്. എന്നാൽ, ജോലി ഇതായിരുന്നു. വേറെ വഴിയില്ലാത്തതിനാൽ സംഘത്തിനൊപ്പം ചേർന്നു. സെയിൽസ് വുമണായി ജോലി ചെയ്യാനാണ് ദുബായിൽ പോകുന്നത് എന്നാണ് വീട്ടിൽ പറഞ്ഞിട്ടുള്ളത്. സാമ്പത്തിക ബുദ്ധിമുട്ടു കാരണമാണ് ഇത്തരമൊരു പ്രവർത്തിയിൽ ഏർപ്പെട്ടതെന്നും പെൺകുട്ടി പറഞ്ഞു.

ദുബായ് വിമാനത്താവളത്തിൽ എത്തിയ പെൺകുട്ടിയെ സ്ത്രീ അൽ ബറഹയിലെ ഫ്‌ളാറ്റിലേക്ക് കൂട്ടികൊണ്ടു പോവുകയായിരുന്നു. അവിടെ എഥ്തിയപ്പോഴാണ് പെൺകുട്ടി താൻ ചതിയിൽപ്പെട്ട വിവരം അറിയുന്നത്.

ഇടപാടുകാർ വരുമെന്നും അവരെ സന്തോഷിപ്പിക്കണമെന്നും അവർ പറഞ്ഞു. പെൺകുട്ടിക്ക് ലഭിക്കുന്ന പണത്തിന്റെ പകുതി തങ്ങൾക്ക് നൽകണമെന്ന് പ്രതികൾ ആവശ്യപ്പെട്ടിരുന്നു. വീസയ്ക്കും യാത്രാ ടിക്കറ്റിനും ചെലവായ പണം തിരികെ പിടിക്കാനാണിത്. ദിവസവും ശരാശരി പത്തു പുരുഷന്മാരെങ്കിലും ഫ്‌ളാറ്റിൽ എത്തിയിരുന്നതായും യുവതി പെൺകുട്ടിയോട് പറഞ്ഞു.