കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന് കോട്ടയം സ്വദേശിയായ യുവാവിനെ പെൺകുട്ടിയുടെ സഹോദരനും ഗുണ്ടകളും ചേർന്ന് തട്ടിക്കൊണ്ടു പോയി. കോട്ടയം കുമാരനെല്ലൂർ സ്വദേശിയായ കെവിനെയാണ് വീട് ആക്രമിച്ചാണ് ഒരു സംഘം യുവാക്കൾ ചേർന്ന് തട്ടിക്കൊണ്ടു പോയത്. ശനിയാഴ്ച അർദ്ധരാത്രിയിലാണ് വീടുകയറി വരനെ തട്ടിയെടുത്തുകൊണ്ട് പെൺകുട്ടിയുടെ സഹോദരങ്ങളും സംഘവും നാടുവിട്ടത്. പെൺകുട്ടിയുടെ സഹോദരന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘമാണ് കെവിനെ തട്ടിക്കൊണ്ട് പോയതെന്നാണ് വിവരം.

സംഭവം നടന്നിട്ട് ഒരു ദിവസം പിന്നിട്ടെങ്കിലും കെവിനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മകനെ തേടി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി കാത്തിരിക്കുകയാണ്. കെവിനെ തട്ടിക്കൊണ്ടു പോകുമ്പോള് സംഘം ആ കൂട്ടത്തിൽ കെവിന്റെ അമ്മാവന്റെ മകനായ അനീഷിനെയും തട്ടിക്കൊണ്ടുപോയി. പുനലൂർ ഭാഗത്തേക്കാണ് ഇവരെ തട്ടിക്കൊണ്ട് പോയതെന്ന് അനീഷ് പൊലീസിന് മൊഴി നൽകി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏറ്റുമാനൂർ രജിസ്ട്രാർ ഓഫിസിൽ കെവിനും (23) കൊല്ലം തെന്മല സ്വദേശിയായ നീനുവും വിവാഹിതരായത്. ശനിയാഴ്ച പുലർച്ച 1.30ഓടെ കെവിന്റെ പിതൃസഹോദരിയുടെ മകൻ മാന്നാനം സ്വദേശി അനീഷ് സെബാസ്റ്റ്യന്റെ വീട്ടിലെത്തിയ ഗുണ്ടസംഘം വീട് അടിച്ചുതകർക്കുകയായിരുന്നു. ഈ സമയം കെവിനും അനീഷും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ അടുക്കള അടിച്ചുതകർത്ത് അഞ്ചുപേർ വീട്ടിൽ കയറി, വടിവാളും ഇരുമ്പ് വടിയും ഉപയോഗിച്ച് ടി.വി, ഫ്രിഡ്ജ് തുടങ്ങിയ സാധനങ്ങൾ മുഴുവൻ തകർത്ത ശേഷം ഇരുവരെയും ക്രൂരമായി മർദിച്ചു. തുടർന്ന് രണ്ടുപേരുടെയും കഴുത്തിൽ വടിവാൾ വെച്ച ശേഷം സംഘം വന്ന മൂന്ന് കാറുകളിലൊന്നിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു.

കാറിനുള്ളിൽ വെച്ച് ഇരുവരെയും മർദ്ദിച്ച ശേഷം പോകുന്ന വഴിയിൽ പത്തനാപുരം തെന്മല ഭാഗത്ത് വെച്ച് തനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വാഹനം വഴിയരികിൽ നിർത്തിയിട്ടു. ഇതിനിടയിൽ കെവിനെ കാണാതായെന്ന് അനീഷ് പറയുന്നു. തുടർന്ന് അനീഷിനെ ക്വട്ടേഷൻ സംഘം തിരിക കൊണ്ടുവിട്ടുവെന്നും പൊലീസിന് നൽകിയ മൊഴിയിലുണ്ട്. കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയതറിഞ്ഞ നീനു ഗാന്ധിനഗർ സ്‌റ്റേഷനിലെത്തി വിവരം പറഞ്ഞതിനെ തുടർന്ന് എസ്‌ഐ പെൺകുട്ടിയുടെ സഹോദരനോട് ഫോണിൽ സംസാരിച്ചു. എന്നാൽ, കെവിൻ വണ്ടിയിൽനിന്ന് ചാടിപ്പോയെന്നാണ് അവർ പറഞ്ഞത്.

ഇവരെ തട്ടിക്കൊണ്ടുപോയത് തന്റെ സഹോദരന്റെ നേതൃത്വത്തിലുള്ള ഗുണ്ടസംഘമാണെന്ന് കെവിന്റെ ഭാര്യ നീനു ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. എന്നാൽ, പിന്നീട് പൊലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തതിനെ തുടർന്ന് ഭർത്താവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നീനു ഗാന്ധിനഗർ പൊലീസ് സ്‌റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. രാവിലെ മുതൽ സ്‌റ്റേഷന് മുന്നിൽ നിന്ന പെൺകുട്ടിയെ പ്രതിഷേധം കനത്തതോടെ വൈകീട്ട് ഏറ്റുമാനൂർ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ തിരക്കുകൾ ഉള്ളതിനാൽ പിന്നീട് അന്വേഷിക്കാമെന്നാണ് പൊലീസ് അറിയിച്ചതെന്നും ഗുണ്ടസംഘത്തിൽനിന്ന് പൊലീസ് പണം വാങ്ങിയതായും കെവിന്റെ ബന്ധുക്കൾ ആരോപിച്ചു.

കഴിഞ്ഞ 24ന് രാത്രി ഏഴോടെ നീനുവിനെ വീട്ടിൽനിന്ന് കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. കെവിനുമായി പ്രണയത്തിലാണെന്ന് മനസ്സിലായതിനെ തുടർന്ന് ഗാന്ധിനഗർ സ്‌റ്റേഷനിലെത്തിയ യുവതിയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരം യുവാവിനെയും യുവതിയെയും സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഇവർ രജിസ്റ്റർ വിവാഹത്തിന്റെ രേഖകൾ കാണിച്ചെങ്കിലും പിതാവിന്റെ കൂടെ പോകാൻ പൊലീസ് യുവതിയോട് ആവശ്യപ്പെട്ടുവെന്ന് കെവിന്റെ ബന്ധുക്കൾ പറഞ്ഞു. ബന്ധുക്കളുടെ കൂടെ പോകാൻ വിസമ്മതിച്ച യുവതിയെ പൊലീസ് സ്‌റ്റേഷൻ കോമ്പൗണ്ടിൽ വെച്ച് മർദിക്കുകയും വലിച്ചിഴച്ച് കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്‌തെങ്കിലും യുവതി കുതറി ഓടി യുവാവിന്റെ ബന്ധുക്കളുടെ ഒപ്പം പോവുകയായിരുന്നു. പിന്നീട് യുവതിയെ അമലഗിരിയിലുള്ള ഹോസ്റ്റലിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു.

മകനെ കാണാതായി ഒരു ദിവസം പിന്നിട്ടിട്ടും ഒരു അറിവും ഇല്ലാത്തതിനെ തുടർന്ന് മാതാപിതാക്കളും കടുത്ത ദുഃഖത്തിലാണ്. പൊലീസിൽ പരാതിനൽകിയിട്ടും പൊലീസ് വേണ്ടവിധത്തിൽ നടപടിയെടുത്തില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കെവിനെ തട്ടിക്കൊണ്ട് പോകാനുപയോഗിച്ച ഇന്നോവ കാർ കൊല്ലം തെന്മലയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ഇവർ കെവിനെ എങ്ങോട്ട് കൊണ്ടു പോയി എന്ന് മാത്രം ഒരെത്തും പിടിയും കിട്ടിയിട്ടില്ല.

അതേസമയം കെവിനെ തട്ടിക്കൊണ്ടുപോയ കാറിന്റെ നമ്പർ ഉൾപ്പെടെ നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് അനീഷ് ആരോപിക്കുന്നു. തിരുവനന്തപുരം റജിസ്‌ട്രേഷനിലുള്ള ഇന്നോവ കാറിലാണ് തട്ടിക്കൊണ്ടുപോയതെന്നതും ഇതിന്റെ നമ്പർ ഉൾപ്പെടെ വിവരം നൽകിയിട്ടും പൊലീസ് ഒന്നും ചെയ്തില്ലെന്നും തട്ടിക്കൊണ്ടുപോകലിന് ഇരയായ അനീഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. തെന്മലയിലെത്തിയപ്പോൾ ഛർദിക്കണമെന്നുപറഞ്ഞപ്പോഴാണ് തന്നെ ഇറക്കിവിട്ടത്.

പിന്നീട് രണ്ട് വാഹനങ്ങളിൽ നിന്നുള്ളവർ തുടരെ മർദിച്ചു. പെൺകുട്ടിയെ തിരികെ എത്തിച്ച് തന്നാൽ വിട്ടയക്കാമെന്ന് പറഞ്ഞു. അതിന് സഹായിക്കാമെന്നു പറഞ്ഞപ്പോഴായിരുന്നു മർദനം നിർത്തിയത്. മർദനത്തിൽ സാരമായി പരിക്കേറ്റ അനീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്താണ് പരിക്ക്. കെവിനെയും അവർ ക്രൂരമായി മർദിച്ചിട്ടുണ്ടെന്നും കെവിൻ മറ്റൊരു വണ്ടിയിൽനിന്ന് ചാടിപ്പോയെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞതായും അനീഷ് കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ചയാണ് കെവിനും പത്തനാപുരം പുന്നല സ്വദേശിനിയായ യുവതിയും തമ്മിൽ രജിസ്റ്റർ വിവാഹം നടന്നത്. ഈ വിവാഹത്തിന് സാധുത ലഭിക്കാൻ 30 ദിവസത്തെ നോട്ടീസ് കാലാവധി നിലനിൽക്കെയാണ് കെവിനെ തട്ടിക്കൊണ്ട് പോയത്. മകനെ ഉടനെ കണ്ടത്താൻ കഴിയണേ എന്ന പ്രാർത്ഥനയിലാണ് കുമാരനെല്ലൂരിലുള്ള മാതാപിതാക്കളും കുടുംബവും.