മെക്‌സിക്കോ: ഇപ്പോൾ ആയിരക്കണക്കിന് വിശ്വാസികളാണ് ന്യു മെക്സിക്കോയിലെ ഹോബ്സിലുള്ള ഔവർ ലേഡി ഓഫ് ഗ്വാഡലുപെ ചർച്ചിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. ഇവിടുത്തെ കന്യാമറിയത്തിന്റെ പ്രതിമ നിർത്താതെ കരയുന്നുവെന്ന വാർത്ത പരന്നതിനെ തുടർന്നാണ് ഇവിടേക്ക് ഭക്തജനപ്രവാഹം വർധിച്ചിരിക്കുന്നത്. ഈ പ്രതിമയുടെ കണ്ണുനീർ എത്രതുടച്ചാലും വീണ്ടും ഒഴുക്ക് തുടരുന്ന അവസ്ഥയാണുള്ളതെന്നാണ് റിപ്പോർട്ട്. സുഗന്ധമുള്ള കണ്ണുനീരാണ് ഇതിൽ നിന്നും ഒഴുകുന്നതെന്നും വാർത്തയുണ്ട്. ഇതോടെ സംഗതി അത്ഭുതമാണോ എന്ന് തീരുമാനിക്കാൻ സമിതിയെ നിയമിച്ച് കത്തോലിക്കാ സഭ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

ഒരു ഇടവകാംഗമാണ് ഇക്കാര്യം തന്നോട് ആദ്യം വെളിപ്പെടുത്തിയിരുന്നതെന്നാണ് ചർച്ചിലെ പാസ്റ്ററായ ഫാദർ ജോസ് പെപ്പെ സെർഗുറ പറയുന്നത്. തങ്ങൾ കണ്ണുനീർ തുടച്ചിട്ടും അത് വീണ്ടും പ്രത്യക്ഷപ്പെടുന്ന അനുഭവമുണ്ടായിരിക്കുന്നുവെന്ന് വിശ്വാസികൾ വെളിപ്പെടുത്തിയതായും ഫാദർ എടുത്ത് കാട്ടുന്നു. തുടർന്ന് താൻ ഇത് നേരിട്ട ്കണ്ട് ബോധ്യപ്പെട്ടുവെന്നും ഫാദർ വെളിപ്പെടുത്തുന്നു. ആക്രമണം നിർത്തി ദൈവവുമായി കൂടുതൽ അടുക്കുന്നതിനുള്ള ഓർമപ്പെടുത്തലാണിതെന്നാണ് താൻ കരുതുന്നതെന്നും ഫാദർ അഭിപ്രായപ്പെടുന്നു.

ഈ അത്ഭുത വാർത്ത പരക്കാൻ തുടങ്ങിയതോടെ ന്യൂ മെക്സിക്കോയിലുടനീളം നിന്നും ഭക്തന്മാർ സദാസമയവും ഇവിടേക്ക് ഒഴുകാൻ തുടങ്ങിയതിനാൽ ഈ ചർച്ച നിലവിൽ 24 മണിക്കൂറും തുറന്നിരിക്കുകയാണ്. സംഭവം വൻ ജനശ്രദ്ധ നേടാൻ തുടങ്ങിയതോടെ ന്യൂ മെക്സിക്കോയിലെ ഡയോസിസ് ഓഫ് ലാസ് ക്രൂസെസ് ഇത് സത്യമാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി വ്യാഴാഴ്ച ഒരു അന്വേഷണത്തിന് തുടക്കമിട്ടിട്ടുമുണ്ട്. ഇത് സ്ഥിരീകരിക്കുന്നതിനായി വളരെയധികം പരീക്ഷണങ്ങളും പരിശോധനകളും നടത്തേണ്ടതുണ്ടെന്നാണ് ഡയോസിസിലെ വൈസ് ചാൻസലറായ ഡീകോൺ ജിം വിൻഡർ പറയുന്നത്.

പ്രതിമയിൽ നിന്നും വരുന്ന കണ്ണുനീർ ഒഫീഷ്യലുകൾ ശേഖരിച്ച ശേഷം ചർച്ച് നാല് മണിക്കൂറോളം അടച്ചിട്ടിരുന്നു. ഇതിന് പുറമെ പരിശോധിക്കാനെത്തിയവർ പ്രതിമയുടെ എക്സ്-റേ എടുക്കുകയും കണ്ണീർ വരുന്നതിന് ദൃക്സാക്ഷികളായെന്ന് അവകാശപ്പെടുന്നവരിൽ നിന്നും കാര്യങ്ങൾ ചോദിച്ച് മനസിലാക്കുകയും ചെയ്യും.തുടർന്ന് ഈ പ്രതിമ എവിടെ നിന്നാണ് നിർമ്മിച്ചിരിക്കുന്നതെന്നത് പോലുള്ള അടിസ്ഥാന കാര്യങ്ങളെല്ലാം അന്വേഷണ സമിതി അന്വേഷിച്ച് കണ്ടെത്തും. ഇത് പൂർത്തിയാക്കുന്നതിന് വളരെ കാലം എടുത്തേക്കാമെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ചർച്ച് എന്ത് അന്വേഷിച്ച് കണ്ടെത്തിയാലും ഇത് ദിവ്യാത്ഭുതമെന്ന് വിശ്വസിക്കാനാണ് വിശ്വാസികൾക്ക് ഇഷ്ടം.

ആളുകളുടെ പ്രവാഹം തുടരുന്നതിനാൽ ചർച്ച് പതിവിലുമേറെ സമയം തുറന്നിട്ടിരിക്കുകയാണെന്നാണ് മാനേജരായ ജുഡി റോൻക്യുയില്ലോ പ റയുന്നത്.