ചെൽസി പ്രീമിയർ ലീഗ് ഉടമയും റഷ്യക്കാരനുമായ റോമൻ അബ്രമോവിച്ചിന് സ്വന്തം നാടായ റഷ്യയിൽ പോയതിന് ശേഷം ബ്രിട്ടനിലേക്ക് തിരിച്ച് വരാൻ ഹോം ഓഫീസ് വിസ നിഷേധിച്ച സംഭവം പുതിയ വഴിത്തിരിവിലേക്ക്. തന്റെ വിസ പുതുക്കാൻ മടിച്ച ബ്രിട്ടനോട് ബൈ ബൈ പറഞ്ഞ് ബ്രിട്ടനിലെ 12ാമത്തെ വലിയ സമ്പന്നനായ റോമൻ അബ്രമോവിച്ച് ഇസ്രയേൽ പൗരത്വം എടുത്ത് ടെൽ അവീവിലേക്ക് താമസം മാറ്റിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.ഗവൺമെന്റ് ഒഫീഷ്യൽ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മാർച്ചിൽ സാലിസ് ബറിയിൽ വച്ച് മുൻ റഷ്യൻ ചാരൻ സെർജി സ്‌ക്രിപാലിനും മകൾ യുലിയക്കും വിഷബാധയേറ്റ പ്രശ്നത്തിൽ ബ്രിട്ടനും റഷ്യയും തമ്മിലുണ്ടായ ബന്ധം വഷളായിരുന്നു.

റഷ്യയാണ് ഈ വിഷബാധയ്ക്ക് ഉത്തരവാദിയെന്ന ബ്രിട്ടന്റെ ആരോപണം റഷ്യയെ ചൊടിപ്പിച്ചിരുന്നു. തുടർന്ന് യുകെയിലെ റഷ്യൻ പ്രഭുക്കളെ നിയന്ത്രിക്കാൻ ഹോം ഓഫീസ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയതിന്റെ ഭാഗമായിട്ടായിരുന്നു അബ്രമോവിച്ചിന് വിസ നിഷേധിക്കലും അരങ്ങേറിയത്. സംഭവത്തിന്റെ ക്ലൈമാക്സ് എന്ന നിലയിൽ ഇന്നലെ അബ്രമോവിച്ച് ടെൽ അവീവിലേക്ക് പറന്നുവെന്നും അവിടെ വച്ച് ലോ ഓഫ് റിട്ടേൺ പ്രകാരം ഇസ്രയേലി ഐഡന്റിറ്റി കാർഡ് അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തുവെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. യഹൂദന്മാർക്ക് ഇസ്രയേൽ പൗരത്വം എളുപ്പം പ്രദാനം ചെയ്യുന്നതിനുള്ള നിയമമാണിത്.

1950ലാണ് ഇസ്രയേൽ ഈനിയമം നടപ്പിലാക്കാൻ തുടങ്ങിയത്. ആദ്യംയഹൂദന്മാർക്ക് മാത്രമാണിതിന്റെ പ്രയോജനമുണ്ടായിരുന്നതെങ്കിൽ ഒരു യഹൂദ ഗ്രാന്റ് പാരന്റുള്ളവർക്കും യഹൂദനെ വിവാഹം കഴിച്ചവർക്കും പ്രയോജനപ്പെടുന്ന വിധത്തിൽ 1970ൽ നിയമം വിശാലമാക്കുകയും ചെയ്തിരുന്നു. അബ്രമോവിച്ചിന് ഈ പേരിലാണ് ഇപ്പോൾ ഇസ്രയേൽ പൗരത്വം ലഭിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ പിതാവിന്റെ കുടുംബത്തിന്റെ വേരുകൾ ലിത്വാനിയൻ യഹൂദപാരമ്പര്യത്തിലാണ് നിലകൊള്ളുന്നത്. ടെൽ അവീവിന് തെക്ക് കിഴക്കുള്ള ബെൻ ഗുറിയോൻ ഇന്റർനാഷണൽ എയർപോർട്ടിലാണ് അബ്രമോവിച്ച് ഇറങ്ങിയിരിക്കുന്നതെന്ന് ഇസ്രയേൽ അഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയായിരുന്നു അബ്രമോവിച്ച് ഇസ്രയേൽ പൗരത്വത്തിനായി അപേക്ഷിച്ചിരുന്നത്. ഇദ്ദേഹം ഇതിന് മുമ്പ് ഇസ്രയേലിൽ ഇടക്കിടെ സന്ദർശനം നടത്താറുണ്ട്. ഇസ്രയേലി ഹോളിവുഡ് നടിയായ ഗാൽ ഗാഡോട്ടിൽ നിന്നും അബ്രമോവിച്ച് പഴയ ടെൽ അവീവ് നൈബർഹുഡായ നെവെ ടസെഡെക്കിൽ ഒരു ഹോട്ടൽ വാങ്ങുകയും ചെയ്തിരുന്നു. അബ്രമോവിച്ചിന്റെ ബ്രിട്ടീഷ് ഇൻവെസ്റ്റർ വിസയുടെ കാലാവധി കഴിഞ്ഞ മാസമായിരുന്നു അവസാനിച്ചിരുന്നത്. തുടർന്ന്ഇത് പുതുക്കാൻ അപേക്ഷിച്ചുവെങ്കിലും ഹോം ഓഫീസ് അത് പുതുക്കാതെ നീട്ടി നീട്ടി കൊണ്ട് പോവുകയായിരുന്നു. ഇതിൽ ക്ഷുഭിതനായിട്ടാണ്അദ്ദേഹം ഇസ്രയേലിലേക്ക് പറന്നിരിക്കുന്നത്.