ബെൽജിയത്തിൽ രണ്ട് വനിതാ പൊലീസുകാരെയും ഒരു അദ്ധ്യാപകനെയും കൊലപ്പെടുത്തിയ ഭീകരനെ പ്രത്യേക ദൗത്യ സേന വെടിവെച്ചുകൊന്നു. ജയിലിലായിരുന്ന ബെഞ്ചമിൻ ഹെർമൻ എന്ന ഭീകരൻ, പുറത്തിറങ്ങി പിറ്റേന്നാണ് അല്ലാഹു അക്‌ബർ എന്ന് വിളിച്ചെത്തിയ മൂന്നുപേരെ വെടിവെച്ചുകൊന്നത്. കൊലപാതകങ്ങൾ നടത്തിയശേഷം ഒരു യുവതിയെ ബന്ധിയാക്കിയ ഭീകരനെ ഏറെനേരത്തെ ശ്രമത്തിനൊടുവിലാണ് പ്രത്യേക ദൗത്യസേന കീഴ്‌പ്പെടുത്തിയത്.

ഒരു സ്‌കൂളിനുള്ളിൽ കയറിയ ഭീകരൻ അവിടുത്ത ക്ലീനിങ് ജോലികൾ ചെയ്തുകൊണ്ടിരുന്ന യുവതിയെയാണ് ബന്ധിയാക്കിയത്. എന്നാൽ, സ്‌കൂളിൽനിന്ന് ഓടിയിറങ്ങവെ, ദൗത്യസേന ഇയാളെ കീഴ്‌പ്പെടുത്തി. തെരുവിലേക്ക് വെടിയുതിർത്തുകൊണ്ട് ഓടിയിറങ്ങിയ ഇയാളുടെ ആക്രമണത്തിൽ നിരവധി ദൗത്യസേനാംഗങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്. ബെൽജിയത്തിലം ലീജ് നഗരത്തിൽ പട്ടാപ്പകലുണ്ടായ ഭീകരാക്രണം യൂറോപ്യൻ രാജ്യങ്ങളെ വീണ്ടും കടുത്ത ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്.

രാവിലെ പത്തരയോടെയാണ് ഇയാൾ തന്റെ കൊലപാതക പരമ്പരയ്ക്ക് തുടക്കമിട്ടത്. ലീഗിലെ തെരുവിൽ ഡ്യൂട്ടിയിലായിരുന്ന ലൂസിൽ ഗാർഷ്യ (45), സൊറായ ബെൽകാസെമി (53) എന്നീ വനിതാ പൊലീസ് ഉദ്യോഗസ്ഥരെയാണ് കഴുത്തറുത്തും കുത്തിയും കൊലപ്പെടുത്തിയത്. തുടർന്ന് ഇവരുടെ ആയുധങ്ങൾ സ്വന്തമാക്കിയ ഇയാൾ, സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ അമ്മയ്‌ക്കൊപ്പം ഇരിക്കുകയായിരുന്ന സിറിൽ വാംഗ്രിക്കൻ (22) എന്ന അദ്ധ്യാപകനെ വെടിവെച്ചുകൊന്നു.

ബെൽജിയത്തിലെ ഭീകരവിരുദ്ധ സേനയുടെ പട്ടികയിൽ ഇടം പിടിച്ചിരുന്ന ഹെർമൻ 2003 മുതൽക്ക് ജയിലിലാണ് പുറത്തിറങ്ങിയതിന്റെ പിറ്റേന്നാണ് വീണ്ടും ആ്ക്രമണത്തിന് ഇറങ്ങിയത്. മൂന്നുപേരെ കൊലപ്പെടുത്തിയശേഷം സ്‌കൂളിലേക്ക് കയറി അവിടുത്തെ ജീവനക്കാരിയെ ബന്ധിയാക്കിയതോടെ കൂടുതൽ ആശങ്കയുണ്ടായെങ്കിലും, ഹെർമനെ വൈകാതെ സ്‌കൂളിന് പുറത്തെത്തിക്കാൻ ദൗത്യസേനയ്ക്കായി. ഇയാളുമായി നടത്തിയ ഏറ്റുമുട്ടലിൽ നാല് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിലൊരാളുടെ നില ഗുരുതരമാണ്.

സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്ന് ഫെഡറൽ പ്രോസിക്യൂട്ടർമാർ അറിയിച്ചു. 2016-ൽ ബ്രസൽസിൽ ഇരട്ട ചാവേറാക്രമണം ഉണ്ടായതുമുതൽ ബെൽജിയം കനത്ത ജാഗ്രതയിലാണ്. അന്നത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇ്സ്ലാമിക് സ്‌റ്റേറ്റ് ഭീകരർ ഏറ്റെടുത്തിരു്ന്നു. ബെഞ്ചമിൻ ഹെർമനും ഐസിസിന്റെ ഭാഗമാണെന്നാണ് ഭീകരവിരുദ്ധ സേന കരുതുന്നത്. മയക്കുമരുന്ന് കടത്തിനും മോഷണത്തിനുമാണ് ഇയാൾ അറസ്റ്റിലാകുന്നത്. ജയിലിൽവച്ചാണ് ഇയാൾ ഭീകരവാദത്തിലേക്ക് തിരിഞ്ഞതെന്നാണ് പൊലീസ് കരുതുന്നത്.